Cricket IPL IPL-Team Top News

വീണ്ടും പവൽ ഷോ! കൊൽക്കത്തയെ തകർത്ത് ഡൽഹിക്ക് ജയം

April 28, 2022

author:

വീണ്ടും പവൽ ഷോ! കൊൽക്കത്തയെ തകർത്ത് ഡൽഹിക്ക് ജയം

ഐപിഎല്ലില്‍ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നാലു വിക്കറ്റിന് കീഴടക്കി വിജയ വഴിയിൽ തിരികെയെത്തി ഡൽഹി ക്യാപിറ്റൽസ്. കെകെആർ ഉയർത്തിയ 147 റൺസ് വിജയലക്ഷ്യം 19 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തിലാണ് ക്യാപിറ്റൽസ് മറികടന്നത്.

അവസാന ഓവറുകളിലെ റോവ്മാന്‍ പവലിന്‍റെ
തകർപ്പൻ പ്രകടനമാണ് ഡൽഹിക്ക് വിജയം സമ്മാനിച്ചത്. നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ കെകെആർ 20 ഓവറിൽ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 146 റൺസ് പടുത്തുയർത്തുകയായിരുന്നു. 34 പന്തില്‍ 57 റണ്‍സെടുത്ത നിതീഷ് റാണയും 42 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും 23 റണ്‍സെടുത്ത റിങ്കു സിംഗുമാണ് നൈറ്റ് റൈഡേഴ്‌സിനെ മോശമല്ലാത്ത സ്കോർ നേടാൻ സഹായിച്ചത്. ഡല്‍ഹിക്കായി കുല്‍ദീപ് നാലും മുസ്തഫിസുര്‍ മൂന്നും വിക്കറ്റെടുത്തു.

മറുപടി ബാറ്റിംഗിൽ ആദ്യ പന്തില്‍ തന്നെ നഷ്ടമായപ്പോൾ കൊൽക്കത്ത മത്സരം വരുതിയിലാക്കുമെന്ന് കരുതി. എന്നാൽ ഒരു വശത്ത് നിലയുറപ്പിച്ച ഡേവിഡ് വാർണർ 26 പന്തില്‍ 42 റണ്‍സെടുത്ത് ടീമിനെ മുന്നോട്ടു നയിക്കുകയായിരുന്നു. രണ്ടാം ഓവറിൽ 13 റൺസെടുത്ത് മിച്ചൽ മാർഷും ഗ്യാലറിയിലെത്തിയപ്പോൾ കെകെആർ വീണ്ടും മത്സരത്തിലേക്ക് എത്തുമെന്ന പ്രതീക്ഷ നൽകി.

എന്നാൽ ലളിത് യാദവിനെ കൂട്ടുപിടിച്ച് വാർണർ സ്കോർ മുന്നോട്ടു നീക്കി. പത്താം ഓവറിൽ വാർണറിനെ പുറത്താക്കി ഉമേഷ് യാദവ് കൊൽക്കത്തയ്ക്ക് ബ്രേക്ക് ത്രൂ നൽകി. പിന്നാലെ 29 പന്തിൽ 22 റൺസെടുത്ത ലളിത് യാദവും നായകൻ റിഷഭ് പന്തും (2) മടങ്ങിയതോടെ ഡൽഹി 84-5 എന്ന നിലയിലേക്ക് പരുങ്ങി.

അവിടുന്ന് അക്‌സർ പട്ടേലും (24) കൂറ്റനടികളുമായി റോവ്മാന്‍ പവലും മത്സരം നിയന്ത്രിച്ചു. ഇടയ്ക്ക് അക്സർ പട്ടേല്‍ റൺഔട്ടായെങ്കിലും ഷർദ്ദുല്‍ ഠാക്കൂറിനെ കൂട്ടുപിടിച്ച് 16 പന്തില്‍ 33 റൺസെടുത്ത് പവൽ ഡൽഹിയെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു. കൊൽക്കത്തയ്ക്കെതിരായ ജയത്തോടെ ആറാം സ്ഥാനത്തേയ്ക്കുയരാൻ ക്യാപിറ്റൽസിനായി.

Leave a comment

Your email address will not be published. Required fields are marked *