അർഷാദ് ഖാന് പകരക്കാരനെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യൻസ്
പരിക്കിനെ തുടർന്ന് ഐപിഎല്ലിന്റെ ഈ സീസണിൽ നിന്നും പുറത്തായ ഇടംകൈയ്യൻ മീഡിയം പേസർ അർഷാദ് ഖാന്റെ പകരക്കാരനെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യൻസ്.
പകരക്കാരനായി മധ്യപ്രദേശ് ഇടങ്കയ്യൻ സ്പിന്നർ കുമാർ കാർത്തികേയയെയാണ് മുംബൈ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഐപിഎല്ലിൽ ഇതുവരെ അരങ്ങേറ്റം കുറിക്കാത്ത താരമാണ് അർഷാദ്. 24 കാരനായ തന്റെ ആഭ്യന്തര കരിയറിൽ ഇതുവരെ മൂന്ന് ലിസ്റ്റ് എ ഗെയിമുകൾ മാത്രമാണ് താരം കളിച്ചിട്ടുള്ളത്.
ഐപിഎൽ 2022 മെഗാ ലേലത്തിൽ മുംബൈ ഇന്ത്യൻസ് അർഷാദ് ഖാനെ അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കാണ് ടീമിലെത്തിച്ചത്. അർഷാദിന് വാഗ്ദാനം ചെയ്ത അതേ വിലയ്ക്ക് കാർത്തികേയ ടീമിലെത്തുന്നത്. മുംബൈ ഇന്ത്യൻസ് കുപ്പായത്തിൽ കാർത്തികേയയ്ക്ക് അവസരം ലഭിക്കുമോ എന്നത് കാത്തിരുന്നു തന്നെ കാണേണ്ട കാര്യമാണ്.
കാർത്തികേയ തന്റെ ആഭ്യന്തര കരിയറിൽ ഇതുവരെ ഒമ്പത് ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 19 ലിസ്റ്റ് എ മത്സരങ്ങളും കളിച്ചിട്ടുള്ള താരം മൊത്തം 53 വിക്കറ്റുകളാണ് ഇതുവരെ നേടിയിരിക്കുന്നത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ താരം മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്നു.