ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്-ഡൽഹി ക്യാപിറ്റൽസ് പോരാട്ടം
ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. പോയ മത്സരങ്ങളിൽ തോൽവി വഴങ്ങിയ ഇരുടീമും വിജയവഴിയിൽ തിരിച്ചെത്താനുള്ള ശ്രമത്തിലായിരിക്കും ഇന്നിറങ്ങുക. ആറ് പോയിന്റ് വീതമുള്ള കെകെആറിനും ഡൽഹിക്കും പ്ലേഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ജയം അനിവാര്യമാണ്.
ഡല്‍ഹിയില്‍ ഒപ്പമുണ്ടായിരുന്ന റിഷഭ് പന്തും ശ്രേയസ് അയ്യരും നേര്‍ക്കുനേര്‍ വരുന്നു എന്നതാണ് ഇന്നത്തെ മത്സരത്തിലെ ശ്രദ്ധേയമായ ഒരു കാര്യം. സന്തുലിതമായ ടീമാണെങ്കിലും അപ്രതീക്ഷിത തിരിച്ചടികളാണ് ഡല്‍ഹിയുടെ തോൽവികൾക്ക് കാരണം. പൃഥ്വി ഷാ, ഡേവിഡ് വാര്‍ണര്‍ ഓപ്പണിംഗ് സഖ്യത്തിന് മികച്ച തുടക്കം നൽകാനായാൽ ഡൽഹിക്ക് എത്തും കൈയെത്തിപ്പിടിക്കാം. പിന്നാലെ റിഷഭ് പന്ത്, ലളിത് യാദവ്, റോവ്മാന്‍ പവല്‍, ഷാര്‍ദുല്‍ താക്കൂര്‍, അക്സര്‍ പട്ടേല്‍ എന്നിവർ കൂടിയാവുന്നതോടെ ബാറ്റിംഗിൽ പേടിക്കാനില്ല.
ബോളിംഗിന്റെ കാര്യവും അങ്ങനെ തന്നെ. ഷാര്‍ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, മുസ്തഫിസുര്‍ റഹ്മാന്, ആന്റിച്ച് നോര്‍ട്ടെ എന്നിവരെല്ലാം മിടുക്കുള്ളവരാണ്. കൊവിഡ് ബാധിതരായിരുന്ന മിച്ചല്‍ മാര്‍ഷും ടിം സീഫെര്‍ട്ടും വിട്ടുനിൽക്കുന്നത് ക്യാപിറ്റൽസിന് ചെറിയ തിരിച്ചടിയാണ്.
മറുവശത്ത് ബാറ്റിംഗിലും ബോളിംഗിലും മികവ് പുലർത്താത്തതാണ് കെകെആറിന്റെ പ്രധാന തിരിച്ചടി. ഓപ്പണിംഗിൽ വ്യത്യസ്ത താരങ്ങളെ പരീക്ഷിക്കുന്നത് അമ്പേ പരാജയമാണ്. എന്തിനും ഏതിനും ആന്ദ്രേ റസലിനെ ആശ്രയിക്കുന്നതും കൊൽക്കത്തയുടെ തോൽവികൾക്ക് കാരണമായിട്ടുണ്ട്. സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയുടെ മോശം ഫോമും ടീമിന് തലവേദനയാണ്.