ഐപിഎല്ലിൽ ഇന്നു കരുത്തൻമാരുടെ പോരാട്ടം, ഗുജറാത്തിന്റെ എതിരാളി ഹൈദരാബാദ്
ഐപിഎൽ ക്രിക്കറ്റിൽ ഇന്ന് കരുത്തൻമാരുടെ പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. ഉജ്ജ്വല ഫോമിലുള്ള രണ്ട് ടീമുകൾ പരസ്പരം ഏറ്റുമുട്ടുന്നുവെന്നതാണ് പ്രത്യേകത. ഗുജറാത്ത് ടൈറ്റന്‍സിന്റെ എതിരാളി സൺറൈസേഴ്സ് ഹൈദരാബാദാണ്.
ഏഴ് മത്സരങ്ങളിൽ 12 പോയിന്റുള്ള ഗുജറാത്ത് ടൈറ്റൻസ് രണ്ടാംസ്ഥാനത്തും തൊട്ടുപിന്നിലുള്ള സൺറൈസേഴ്സ് ഹൈദരാബാദിന് 10 പോയിന്റുമാണുള്ളത്. ഇന്ന് ജയിച്ചാല്‍ രാജസ്ഥാന് റോയല്‍സിനെ മറികടന്ന് ഹാർദിക് പാണ്ഡ്യയുടെ ഗുജറാത്തിന് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താൻ കഴിയും. എതിരാളികളായ ഹൈദരാബാദിന് ഇന്നു ജയിച്ചാൽ നില മെച്ചപ്പെടുത്താനാവും.
ഹാർദിക് പാണ്ഡ്യ, രാഹുൽ തേവാട്ടിയ, ഡേവിഡ് മില്ലർ, റാഷിദ് ഖാൻ തുടങ്ങിയവരാണ് ഗുജറാത്തിന്റെ കരുത്ത്. എന്നാൽ ടൂർണമെന്റിൽ ഇരുടീമും ആദ്യം ഏറ്റുമുട്ടിയപ്പോൾ വിജയം സൺറൈസേഴ്സിന് ഒപ്പമായിരുന്നു. തുടക്കം മോശമായിരുന്നെങ്കിലും കെയ്ൻ വില്യംസണിന്റെ നേതൃത്വത്തിലുള്ള ടീം പതിനഞ്ചാം പതിപ്പിൽ തുടർച്ചയായ അഞ്ച് വിജയങ്ങളുമായാണ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തിയത്.