സെബാസ്റ്റ്യൻ ഹാലറെ ടീമിലെത്തിക്കാൻ താത്പര്യം പ്രകടിപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്
അയാക്സ് സ്ട്രൈക്കർ സെബാസ്റ്റ്യൻ ഹാലറെ ടീമിലെത്തിക്കാൻ താത്പര്യം പ്രകടിപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്. പുതിയ പരിശീലകൻ എറിക് ടെൻ ഹാഗ് ചുമതലയേൽക്കുന്ന സാഹചര്യത്തിലാണ് താരത്തിനെ പ്രീമിയർ ലീഗിൽ രണ്ടാമതും അവസരം ഒരുങ്ങുന്നത്.
മുമ്പ് വെസ്റ്റ് ഹാം താരമായിരുന്ന ഹാലറിന് പ്രീമിയർ ലീഗിൽ തിളങ്ങാനാവത്തിനെ തുടർന്ന് പോയ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ നെതർലാൻഡ്സ് ക്ലബായ അയാക്സിലേക്ക് ചേക്കേറുകയായിരുന്നു. അവിടെ ടെൻ ഹാഗിന് കീഴിൽ സെബാസ്റ്റ്യൻ ഹാലർ അത്യുഗ്രൻ പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. വരുന്ന സീസണിൽ കവാനി ഉൾപ്പടെയുള്ള താരങ്ങൾ യുണൈറ്റ് വിടാൻ തയാറെടുക്കുന്ന സാഹചര്യത്തിലാണ് ചുവന്ന ചെകുത്താൻമാർ പകരക്കാരെ തേടുന്നത്.
2019 ൽ ഫ്രാങ്ക്ഫർട്ടിൽ നിന്ന് 42 മില്യൺ പൗണ്ട് എന്ന ക്ലബ്ബ് റെക്കോർഡ് തുകയ്ക്കാണ് ഐവറി കോസ്റ്റ് താരം വെസ്റ്റ് ഹാമിൽ എത്തിയത്. എന്നാൽ പരാജയമായതോടെ 20 മില്യൺ പൗണ്ടിനാണ് അയാക്സ് താരത്തെ സ്വന്തമാക്കിയത്. ഈ സീസണിൽ 31 ഗോളുകൾ നേടിയാണ് താരം വീണ്ടും യൂറോപ്യൻ ക്ലബുകളുടെ ശ്രദ്ധനേടുന്നത്.