ബാംഗ്ലൂരിനെ എറിഞ്ഞിട്ട് രാജസ്ഥാൻ, സഞ്ജുവിനും സംഘത്തിനും 29 റണ്‍സിന്റെ ജയം
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന് നാണംകെട്ട തോൽവി. ഇന്നു നടന്ന മത്സരത്തില്‍ 29 റണ്‍സിന്റെ ജയമാണ് സഞ്ജു സാംസണും സംഘവും നേടിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത റോയൽസ് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സാണ് നേടിയത്. താരതമ്യേന ചെറിയ വിജയലക്ഷ്യവുമായി ഇറങ്ങിയ ആർസിബിയാവട്ടെ 19.3 ഓവറില്‍ 115 റൺസിന് ഓൾഔട്ടാവുകയായിരുന്നു. തുടക്കത്തില്‍ തന്നെ വിരാട് കോലി (9), നായകൻ ഫാഫ് ഡു പ്ലെസിസ് (23), ഗ്ലെന്‍ മാക്സ്വെല് (0) എന്നിവരെ ഗ്യാലറിയിലെത്തിച്ച് രാജസ്ഥാൻ കളി വരുതിയിലാക്കിയിരുന്നു.
പിന്നീട് തുടരെ തുടരെ വിക്കറ്റുകൾ വീണപ്പോൾ ബാംഗ്ലൂർ സമ്മർദത്തിലായി. രജത് പടിദാര്‍ (16), ഷഹബാസ് അഹമ്മദ് (17), സുയഷ് പ്രഭുദേശായി (2), ദിനേശ് കാര്‍ത്തിക് (6), വാനിന്ദു ഹസരങ്ക (18) എന്നിവർക്കും പിടിച്ചു നിൽക്കാനാവാതെ വന്നതോടെ മത്സരം റോയൽ ചലഞ്ചേഴ്സ് അടിയറവുവെക്കുകയായിരുന്നു.
നാല് വിക്കറ്റ് നേടിയ കുല്‍ദീപ് സെന്‍, മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആര് അശ്വിന് എന്നിവരാണ് രാജസ്ഥാൻ റോയൽസിന് അനായസ ജയമൊരുക്കിയത്. ജയത്തോടെ 12 പോയിന്റുമായി ഒന്നാം സ്ഥാനത്തെത്താനും സഞ്ജുവിനും കൂട്ടർക്കുമായി.