പരാതി തീർത്ത് പരാഗ്, രാജസ്ഥാനെതിരെ ബാംഗ്ലൂരിന് 145 റൺസിന്റെ വിജയലക്ഷ്യം
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന് 145 റൺസിന്റെ വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ രാജസ്ഥാനെ ചെറിയ സ്കോറിൽ ആർസിബി എറിഞ്ഞൊതുക്കുകയായിരുന്നു.
രണ്ട് വിക്കറ്റ് വീതം നേടിയ മുഹമ്മദ് സിറാജ്, വാനിന്ദു ഹസരങ്ക, ജോഷ് ഹേസല്‍വുഡ് എന്നിവരാണ് തകര്‍ത്തത്. അവസരത്തിനൊത്ത് ഉയർന്ന റിയാന്‍ പരാഗാണ് ടീമിനെ ഭേദപ്പെട്ട ടോട്ടൽ നേടാൻ സഹായിച്ചത്. ടീമിൽ ഇടംലഭിച്ചിട്ടും ഇതുവരെ വേണ്ടത്ര മികവ് തെളിയിക്കാനായില്ല എന്ന പരാതികൾ തീർക്കുന്നതായിരുന്നു പരാഗിന്റെ ഇന്നിംഗ്സ്.
31 പന്തില്‍ 56 റണ്‍സുമായി പുറത്താവാതെ നിന്ന പരാഗ് അവസാന ഓവറുകളിൽ മിന്നും പ്രകടനമാണ് പുറത്തെടുത്തത്. പവര്‍പ്ലേയില്‍ തന്നെ രാജസ്ഥാന് മൂന്ന് വിക്കറ്റ് നഷ്ടമായി. ജോസ് ബട്ലര് (8), ദേവ്ദത്ത് പടിക്കല്‍ (7) എന്നീ സൂപ്പർ താരങ്ങൾ തുടക്കത്തിലെ പുറത്തായത് ടീമിന് തിരിച്ചടിയാവുകയായിരുന്നു.
സഞ്ജു സാംസണ് 21 പന്തില്‍ 27 റൺസെടുത്താണ് മടങ്ങിയത്. ഷിംറോണ്‍ ഹെറ്റ്മയേര്‍ (3), ട്രന്റ് ബോള്‍ട്ട് (5), പ്രസിദ്ധ് കൃഷണ (2) എന്നിവരും നിരാശപ്പെടുത്തിയപ്പോഴാണ് രക്ഷകനായി പരാഗ് അവതരിച്ചത്. നാല് സിക്സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു പരാഗിന്റെ ഇന്നിംഗ്സ്.