Cricket Cricket-International Top News

ഗ്രഹാം തോർപ്പിനെ മുഖ്യ പരിശീലകനായി നിയമിച്ച് അഫ്‌ഗാനിസ്ഥാൻ

March 29, 2022

author:

ഗ്രഹാം തോർപ്പിനെ മുഖ്യ പരിശീലകനായി നിയമിച്ച് അഫ്‌ഗാനിസ്ഥാൻ

ഗ്രഹാം തോർപ്പിനെ മുഖ്യ പരിശീലകനായി നിയമിച്ച് അഫ്‌ഗാനിസ്ഥാൻ. താൽക്കാലിക പരിശീലകനായി പ്രവർത്തിച്ചിരുന്ന സ്റ്റുവർട്ട് ലോയുടെ പകരക്കാരനായാണ് തോർപ്പ് ടീമിലേക്ക് എത്തുന്നത്. ഡിസംബർ 31 ന് അവസാനിച്ച കരാർ പുതുക്കേണ്ടന്ന് മുൻ കോച്ച് ലാൻസ് ക്ലൂസ്നർ തീരുമാനിച്ചതിനെ തുടർന്നാണ് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ലോയുടെ നിയമനം നടത്തിയത്.

2019 ലോകകപ്പിന് ശേഷം രണ്ട് വർഷത്തോളം ക്ലൂസ്നർ അഫ്‌ഗാനിസ്ഥാന്റെ പരിശീലകനായി സേവനമനുഷ്ഠിച്ചിരുന്നു. 100 ടെസ്റ്റുകളിലും 82 ഏകദിനങ്ങളിലും കളിച്ചിട്ടുള്ള തോർപ്പ് ഓസ്‌ട്രേലിയയിൽ നടന്ന ആഷസ് പരമ്പരയ്ക്ക് ശേഷം ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് പരിശീലക സ്ഥാനം ഒഴിഞ്ഞാണ് അഫ്ഗാനിലേക്ക് എത്തുന്നത്.

അഫ്ഗാനിസ്ഥാൻ ജൂലൈയിൽ ഒരു ടെസ്റ്റ്, മൂന്ന് ഏകദിനങ്ങൾ, മൂന്ന് ടി20 മത്സരങ്ങൾക്കായി അയർലൻഡ് പര്യടനം നടത്തുന്നുണ്ട്. ഇതിനു മുന്നോടിയായി ഗ്രഹാം തോർപ്പ് പരിശീലക സ്ഥാനം ഏറ്റെടുക്കും. ഓസ്‌ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിന് മുമ്പ് സെപ്തംബറിൽ അഫ്ഗാനിസ്ഥാൻ ഏഷ്യാ കപ്പിലും കളിക്കും.

ഐസിസി ഏകദിന സൂപ്പർ ലീഗിൽ ഒമ്പത് മത്സരങ്ങളിൽ നിന്ന് ഏഴ് വിജയങ്ങളും 70 പോയിന്റുമായി അഫ്ഗാനിസ്ഥാൻ നാലാം സ്ഥാനത്താണ്. 232 റാങ്കിംഗ് പോയിന്റുമായി ഐസിസി പുരുഷ ടി20 റാങ്കിംഗിൽ എട്ടാം സ്ഥാനത്താണ് ടീം.

Leave a comment