ഇംഗ്ലണ്ടിന്റെ മുഖ്യ പരിശീലകനായി ജസ്റ്റിൻ ലാംഗർ എത്തിയേക്കുമെന്ന് സൂചന
മുൻ ഓസ്ട്രേലിയൻ ഓപ്പണർ ക്രിസ് സിൽവർവുഡിന്റെ പിൻഗാമിയായി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ജസ്റ്റിൻ ലാംഗർ എത്തിയേക്കുമെന്ന് സൂചന. ആഷസ് പരമ്പരയിൽ ഓസ്ട്രേലിയയോട് സമ്പൂർണ പരാജയം ഏറ്റുവാങ്ങിയതിനെ തുടർന്നാണ് സിൽവർവുഡിനെ ബോർഡ് പുറത്താക്കുന്നത്.
നിലവിൽ മുൻ ഓൾറൗണ്ടർ പോൾ കോളിംഗ്വുഡാണ് ഇംഗ്ലണ്ടിന്റെ താൽക്കാലിക പരിശീലകനായി സേവനമനുഷ്ഠിക്കുന്നത്. എന്നിരുന്നാലും റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് (ഇസിബി) ലാംഗറിനെ മുഴുവൻ സമയ റോളിലേക്ക് നിയമിച്ചേക്കാമെന്നാണ്. കഴിഞ്ഞ മാസമാണ് ലാംഗർ ഓസ്ട്രേലിയയുടെ മുഖ്യ പരിശീലക സ്ഥാനം ഒഴിഞ്ഞത്.
2018-ൽ പന്ത് ചുരണ്ടൽ വിവാദത്തിന് ഇടയിൽ പുറത്തായ ഡാരൻ ലേമാനിൽ നിന്ന് അധികാരമേറ്റെടുത്ത ലാംഗർ ഓസീസ് ടീമിനൊപ്പം 2021 ടി20 ലോകകപ്പിൽ കിരീടമുൾപ്പടെ നിർണായക പരമ്പര വിജയങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ അടുത്ത പരമ്പര ഈ വർഷം ജൂണിൽ സ്വന്തം തട്ടകത്തിൽ ന്യൂസിലൻഡിനെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയാണ്.
അതിനാൽ സീരീസിന് മുമ്പ് ലാംഗറെ മുഖയ പരിശീലകനായി നിയമിക്കാൻ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് തയാറായേക്കും. അതേസമയം കോളിംഗ്വുഡിനും മുഴുവൻ സമയ റോൾ ഏറ്റെടുക്കാൻ താൽപ്പര്യമുണ്ട്.