പുതിയ ജേഴ്സി പുറത്തുവിട്ട് സണ്‍റൈസേഴ്സ് ഹൈദരാബാദ്
2022 ഐപിഎൽ സീസണിലേക്കുള്ള പുതിയ ജേഴ്സി പുറത്തുവിട്ട് മുൻ ചാമ്പ്യൻമാരായ സണ്‍റൈസേഴ്സ് ഹൈദരാബാദ്. പുതിയ രൂപത്തിലുള്ള ഓറഞ്ച് ആര്‍മര്‍ ജേഴ്സിയില്‍ നായകൻ കെയ്ന്‍ വില്യംസണിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടാണ് എസ്ആർഎച്ച് പുത്തൻ കുപ്പായം വെളിപ്പെടുത്തിയിരിക്കുന്നത്.

പൂർണമായും ഓറഞ്ച് നിറത്തിൽ ഒരുക്കിയിരിക്കുന്ന ടീം ജേഴ്സിയിൽ ഷര്‍ട്ടിന്റെ കൈകളിലും തോളിലും കറുപ്പ് നിറവും കോർത്തിണക്കിയിട്ടുണ്ട്. ട്രെവർ ബെയ്ലിസിന് പകരം ടോം മൂഡിയാണ് ഈ വര്‍ഷം സൺറൈസേഴ്സ് ഹൈദരാബാദിന്റെ മുഖ്യ പരിശീലകന്. ഡെയ്ല്‍ സ്റ്റെയ്ൻ ബോളിംഗ് കോച്ചായി എത്തുമ്പോൾ ബാറ്റിംഗ് പരിശീലനം നൽകാൻ ബ്രയാന്‍ ലാറയാണ് എത്തിയിരിക്കുന്നത്. അതേസമയം ശ്രീലങ്കൻ സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരന് ഐപിഎൽ ടീമിന്റെ മുഖ്യ ഉപദേഷ്ടാവായും ടീമിലുണ്ടാവും.
ഐപിഎൽ 2022 മെഗാ ലേലത്തിന് മുന്നോടിയായി കെയ്ൻ വില്യംസൺ, അബ്ദുൾ സമദ്, ഉംറാൻ മാലിക് എന്നിവരെ മാത്രമാണ് ഹൈദരാബാദ് ഫ്രാഞ്ചൈസി നിലനിർത്തിയത്. 10.75 കോടി രൂപയ്ക്ക് നിക്കോളാസ് പൂരാൻ, 8.75 കോടി രൂപയ്ക്ക് വാഷിംഗ്ടൺ സുന്ദർ, 8.5 കോടിക്ക് രാഹുൽ ത്രിപാഠി എന്നിവരെയും സൺറൈസേഴ്സ് എത്തിച്ചിട്ടുണ്ട് കൂടാതെ മുൻതാരമായ ഭുവനേശ്വർ കുമാറിനെയും ടി നടരാജനെയും ലേലത്തിൽ ടീമിലേക്ക് തിരിച്ചെത്തിക്കുകയും ചെയ്തിരുന്നു.