അഗർവാളിന് കീഴിൽ കളിക്കുന്നതിന്റെ ആവേശം പ്രകടിപ്പിച്ച് ശിഖർ ധവാൻ
ഐപിഎല്ലിൽ ഇന്ത്യൻ സഹതാരം മായങ്ക് അഗർവാളിന് കീഴിൽ കളിക്കുന്നതിന്റെ ആവേശം പ്രകടിപ്പിച്ച് ശിഖർ ധവാൻ. മായങ്ക് അഗർവാളിന് കീഴിൽ കളിക്കുന്നത് തന്നെ സംബന്ധിച്ച് മികച്ച കാര്യമായിരിക്കുമെന്നാണ് ധവാൻ പറയുന്നത്. അവസരം ലഭിച്ചാൽ അഗർവാളിനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്യാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും താരം വ്യക്തമാക്കി.
ഡൽഹി ക്യാപിറ്റൽസിനെ പ്രതിനിധീകരിച്ച് 16 മത്സരങ്ങളിൽ നിന്ന് 587 റൺസ് നേടിയ താരം 2021 സീസണിൽ മിന്നും പ്രകടനമായിരുന്നു കാഴ്ച്ചവെച്ചത്. കഴിഞ്ഞ രണ്ട് എഡിഷനുകളിലും മികച്ച ഫോമിലായിരുന്നിട്ടും ഡൽഹി ധവാനെ കൈവിട്ടത് ക്രിക്കറ്റ് ലോകത്തെ ആശ്ചര്യപ്പെടുത്തിയിരുന്നു. തുടർന്ന് കഴിഞ്ഞ മാസം നടന്ന ഐപിഎൽ 2022 മെഗാ ലേലത്തിൽ പഞ്ചാബ് കിംഗ്സ് 8.25 കോടി രൂപയ്ക്കാണ് ധവാനെ ടീമിലെത്തിച്ചത്.
ഐപിഎല്ലിന്റെ 2022 എഡിഷനിൽ ഇടംകൈയ്യൻ പേസർ അർഷ്ദീപ് സിങ്ങിനൊപ്പം പഞ്ചാബ് കിംഗ്സ് നിലനിർത്തിയ ഏക താരമായിരുന്നു മായങ്ക് അഗർവാൾ. തുടർന്ന് ഓപ്പണിംഗ് ബാറ്റ്സ്മാനെ ടീം ക്യാപ്റ്റനായി പ്രഖ്യാപിക്കുകയും ചെയ്തു.