റൊണാൾഡോയുടെ ഹാട്രിക്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഉഗ്രൻ ജയം
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടനം ഹോട്സ്പറിനെ തകർത്ത് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഉഗ്രൻ പ്രകടനം. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ചുവന്ന ചെകുത്താൻമാരുടെ മിന്നും ജയം. ഹാട്രിക് നേടിയ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മികവാണ് ടീമിന് ജയം സമ്മാനിച്ചത്.
ജയത്തോടെ പോയിന്റ് പട്ടികയിൽ ടോപ്പ് ഫോറിൽ തിരികെയുമെത്താനും മാഞ്ചസ്റ്റർ യുണൈറ്റഡിനായി. കളി തുടങ്ങി 12-ാം മിനിറ്റിൽ തന്നെ റൊണാൾഡോ ഓൾഡ് ട്രഫോർഡിൽ ലീഡ് നേടി. ഫ്രെഡിന്റെ കിടിലൻ പാസിൽ നിന്ന് ഒരു ലോംഗ് റേഞ്ച് ഗോളിനാണ് ലോകം സാക്ഷ്യംവഹിച്ചത്. ഈ ഗോളിന് 35-ാം മിനിറ്റിൽ പെനാൾറ്റിയിലൂടെ ഹാരി കെയ്ൻ മറുപടി പറഞ്ഞു.
അലക്സ് ടെല്ലസിന്റെ ഒരു ഹാൻഡ് ബോളിനായിരുന്നു പെനാൽറ്റി വിധിച്ചത്. അവിടുന്ന് അധികം വൈകാതെ തന്നെ 38-ാം മിനിറ്റിൽ സാഞ്ചോയുടെ പാസിൽ നിന്നും റൊണൊഡോ വീണ്ടും യുണൈറ്റഡിനായി ലീഡ് നേടി. അങ്ങനെ ഒന്നാം പകുതി 2-1 ന് അവസാനിച്ചു. രണ്ടാം പകുതിൽ രണ്ടും കൽപ്പിച്ചാണ് ടോട്ടനം ഇറങ്ങിയത്.
കളിയിൽ ഭൂരിഭാഗം നേരവും പന്തു കൈവശം വെച്ച സ്പർസ് നിരന്തരം ആക്രമിക്കുകയായിരുന്നു. എന്നാൽ അവയൊന്നും ഗോൾ അവസരങ്ങളായി മെനഞ്ഞെടുക്കാൻ അന്റോണിയോ കോണ്ടെയുടെ ടീമിനായില്ല. 72-ാം മിനിറ്റിൽ ഹാരി മഗ്വയറിന്റെ സെൽഫ് ഗോളിലൂടെ സ്പർസ് വീണ്ടും യുണൈറ്റഡിനൊപ്പം എത്തി.
ഇവിടെയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന സൂപ്പർ താരം വീണ്ടും രക്ഷകനായി അവതരിച്ചത്. 81-ാം മിനിറ്റിൽ കോർണറിന് തലവെച്ച് റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയ ഗോൾ നേടി. പ്രായം തളർത്താത്ത പോരാളിയാണ് താൻ എന്ന് ഒരിക്കൽ കൂടെ തെളിയിച്ചിരിക്കുകയാണ് താരം. ജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് 50 പോയിന്റുമായി ലീഗിൽ നാലാം സ്ഥാനത്ത് എത്തി. ടോട്ടനം 45 പോയിന്റുമായി ഏഴാം സ്ഥാനത്താണ്.