ആദ്യപാദ സെമിയിൽ മോഹൻ ബഗാനെ പഞ്ഞിക്കിട്ട് ഹൈദരാബാദ് എഫ്സി
ഐഎസ്എൽ ഫുട്ബോളിൽ ഇന്നു നടന്ന രണ്ടാം സെമിയിൽ എടികെ മോഹൻ ബഗാനെ പഞ്ഞിക്കിട്ട് ഹൈദരാബാദ് എഫ്സി. ഒന്നാം പാദത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ജയിച്ചാണ് ഹൈദരാബാദിന്റെ വരവ്. ജയത്തോടെ രണ്ടാം പാദ സെമിയിൽ ടീമിന് അധികം സമ്മർദങ്ങളില്ലാതെ കളിക്കാനിറങ്ങാം.
ഇന്നത്തെ കളിയിൽ പേപ്പറിൽ കരുത്തരായ എടികെ തന്നെയാണ് ആദ്യം ലീഡ് നേടിയത്. 18-ാം മിനിറ്റിൽ ലിസ്റ്റൺ കൊളാസോ നൽകിയ മനോഹര പാസിലൂടെ ഒരു ഫസ്റ്റ് ടച്ച് ഫിനിഷിലൂടെ റോയ് കൃഷ്ണയാണ് ബംഗാളിനെ മുന്നിലെത്തിച്ചത്. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടുമുമ്പ് സൂപ്പർതാരം ബാർത്തലോമിയോ ഒഗ്ബെച്ചെ ഹൈദരാബാദിനെ ഒപ്പമെത്തിച്ചു.
ഇഞ്ചുറി ടൈമിൽ ഒരു ഹെഡറിലൂടെയാണ് ഒഗ്ബെച്ചെ സമനില ഗോൾ നേടിയത്. താരത്തിന്റെ ഈ സീസണിലെ 18ആം ഗോളായിരുന്നു ഇത്. തുടർന്ന് രണ്ടാം പകുതിയിൽ ആക്രമണത്തിന് മൂർച്ച കൂട്ടിയ മാർട്ടിനെസിന്റെ ടീം 58-ാം മിനിറ്റിൽ യാസിർ മുഹമ്മദിലൂടെ ലീഡ് എടുത്തു. പിന്നീട് അധികം വൈകാതെ 64-ാം മിനിറ്റിൽ ജാവിയർ സിവെറിയോയിലൂടെ ഹൈദരാബാദ് എഫ്സി മൂന്നാം ഗോളും നേടി ഫൈനലിനോട് അടുത്തു. മാർച്ച് 16-നാണ് രണ്ടാം പാദ സെമി ഫൈനൽ.