ദീപ്തി ശർമ്മയെയും രാജേശ്വരി ഗയക്‌വാദിനെയും ഗ്രേഡ് എയിൽ ഉൾപ്പെടുത്തി ബിസിസിഐ
വനിതാ ക്രിക്കറ്റ് താരങ്ങൾക്കുള്ള കേന്ദ്ര കരാറിൽ സ്ഥാനക്കയറ്റത്തിന് തയാറെടുത്ത് ദീപ്തി ശർമ്മയും രാജേശ്വരി ഗയക്‌വാദും. 2021-22 സീസണിൽ രണ്ട് കളിക്കാരെയും ഗ്രേഡ് എയിൽ ഉൾപ്പെടുത്താൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) തീരുമാനിച്ചു.
24 കാരിയായ ദീപ്തി സമീപകാലത്ത് ഇന്ത്യയ്ക്കായി മികച്ച ഓൾറൗണ്ട് പ്രകടനം കാഴ്ച്ചവെച്ചതാണ് ഗ്രേഡ് എയിലേക്ക് എത്താൻ സഹായകരമായത്. അതേസമയം മികച്ച ഫോമിന്റെ പിൻബലത്തിൽ തന്നെയാണ് മുപ്പതുകാരിയായ ഗയക്‌വാദിനും പ്രീമിയർ കരാർ ലഭിക്കാൻ കാരണമായിരിക്കുന്നത്.
പ്രതിവർഷം 50 ലക്ഷം രൂപ റീട്ടെയ്‌നർഷിപ്പ് ലഭിക്കുന്ന എ ഗ്രേഡ് കരാറിൽ ഹർമൻപ്രീത് കൗർ, സ്മൃതി മന്ദാന, പൂനം യാദവ് എന്നിവർക്കൊപ്പമാവും ഇനി ദീപ്തി ശർമ്മയും രാജേശ്വരി ഗയക്‌വാദും ഇടംപിടിക്കുക. മറുവശത്ത്, ഗ്രേഡ് ബി, സി കരാർ അംഗങ്ങൾക്ക് യഥാക്രമം 30 ലക്ഷം രൂപയും 10 ലക്ഷം രൂപയുമാണ് ഉറപ്പുനൽകുന്നത്.
ബുധനാഴ്ച്ച നടന്ന അപെക്‌സ് കൗൺസിൽ യോഗത്തിൽ ബിസിസിഐ വാർഷിക കരാറുകൾക്കായി 17 കളിക്കാരെയാണ് അന്തിമമാക്കിയിരിക്കുന്നത്. സ്‌നേഹ് റാണ ഗ്രേഡ് സി ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഗ്രേഡ് സിയിൽ ഉണ്ടായിരുന്ന പൂജ വസ്‌ത്രക്കറിന് ബി വിഭാഗത്തിലേക്ക് പ്രമോഷൻ ലഭിച്ചു.






































