ടി20 റാങ്കിംഗിൽ ആദ്യ പത്തിൽ നിന്നും പുറത്തായി വിരാട് കോലി, നേട്ടംകൊയ്ത് ശ്രേയസ് അയ്യർ
ഏറ്റവും പുതിയ ഐസിസി ടി20 റാങ്കിംഗിൽ ആദ്യ പത്തിൽ നിന്നും പുറത്തായി വിരാട് കോലി. അടുത്തിടെയായി മോശം ഫോം തുടരുന്ന മുൻ ഇന്ത്യൻ നായകൻ 15-ാം സ്ഥാനത്തേയ്ക്കാണ് പിന്തള്ളപ്പെട്ടിരിക്കുന്നത്. ശ്രീലങ്കയ്ക്ക് എതിരായ പരമ്പരയിൽ നിന്ന് വിട്ടു നിന്നതും താരത്തിന് തിരിച്ചടിയായിട്ടുണ്ട്.
ഇതോടെ ബാറ്റിംഗ് റാങ്കിംഗിൽ കെഎൽ രാഹുൽ മാത്രമാണ് ആദ്യ പത്തിലുള്ള ഏക ഇന്ത്യൻ താരം. അതേസമയം 27 സ്ഥാനങ്ങൾ ഉയർന്ന് ഇന്ത്യൻ ബാറ്റ്സ്മാൻ ശ്രേയസ് അയ്യരും നേട്ടം കൈവരിച്ചിട്ടുണ്ട്. 45-ാം സ്ഥാനത്തയായിരുന്ന ശ്രേയസ് റാങ്കിംഗിൽ 18-ാം സ്ഥാനത്തേക്ക് എത്തി.
ശ്രീലങ്കയ്ക്ക് എതിരായ പരമ്പരയിൽ മൂന്ന് ഇന്നിങ്സിലുമായി മൂന്ന് അർധ സെഞ്ചുറിയുമായി ശ്രേയസ് അടിച്ചുകൂട്ടിയത് 205 റൺസായിരുന്നു. പേസർ ഭുവനേശ്വർ കുമാർ ബോളർമാരുടെ റാങ്കിംഗിൽ മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 17-ാം സ്ഥാനത്തെത്തി.