ലെവൻഡോസ്കിക്ക് പുറകെ ഗനാർബിയും പുറത്ത്; നെയ്മറെയും കൂട്ടാളികളെയും എതിരേൽക്കാൻ ബയേൺ മ്യൂനിച്
യൂറോപ്പിൽ ഇന്ന് സൂപ്പർ പോരാട്ടം. കഴിഞ്ഞ വർഷം ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിച്ച രണ്ടു ടീമുകൾ ഇന്ന് ക്വാർട്ടർ ഫൈനലിൽ ഏറ്റു മുട്ടുന്നു. മ്യൂണിക്കിൽ ഇന്ത്യൻ സമയം രാത്രി 12.30 നു ആണ് ആദ്യ പാദ മത്സരം.
ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ ശരാശരി ഉള്ള രണ്ടു ടീമുകളായ ബയേണും [2.8] പി.സ്.ജി യും [2.5] ഏറ്റുമുട്ടുമ്പോൾ തീപ്പൊരി പാറും എന്ന് ഉറപ്പ്. എന്നാൽ ചരിത്രം പരിശോധിച്ചാൽ ബയേണിന് ആണ് മുൻതൂക്കം. ഇന്നേ വരെ മ്യൂണിക്കിൽ പി.സ്.ജി. ബവേറിയന്സിനെ തോല്പിച്ചിട്ടില്ല. മാത്രമല്ല മൂന്ന് തവണയും വിജയം ബയേണിന് ഒപ്പം നിന്നു. പക്ഷെ ബയേണിന് കാര്യങ്ങൾ അത്ര എളുപ്പമാകില്ല. സ്റ്റാർ സ്ട്രൈക്കർ ലെവൻഡോസ്കി പരിക്ക് മൂലം പുറത്താണ്. ഇപ്പോൾ കിട്ടിയ വർത്തയാകട്ടെ സെർജി ഗാനാർബിക്ക് കൊറോണ പോസിറ്റീവ് ആയി എന്നുള്ളതാണ്. അങ്ങനെയെങ്കിൽ രണ്ടു പാദങ്ങളിലും ഗാനാർബി ഉണ്ടാകില്ല.
ഫ്രഞ്ച് ലീഗിലെ മോശം പ്രകടനം, ചാമ്പ്യൻസ് ലീഗിൽ നികത്താനായിരിക്കും പി.സ്.ജി ശ്രമിക്കുക. കഴിഞ്ഞ മത്സരത്തിൽ ലില്ലിയോട് തോറ്റു അവർ ലീഗിൽ രണ്ടാം സ്ഥാനത്തേക്ക് തഴയപ്പെട്ടിരുന്നു. മാത്രമല്ല കഴിഞ്ഞ വർഷത്തിലെ ഫൈനലിൽ ഏറ്റ തോൽവിക്ക് പകരം ചോദിക്കാനും ഉണ്ട്. റൊണാൾഡോയും മെസ്സിയും ഇല്ലാതായി കഴിഞ്ഞ ചാമ്പ്യൻസ് ലീഗിൽ, ഇനിയുള്ള ഏറ്റവും വലിയ സൂപ്പർ സ്റ്റാർ നെയ്മർ തന്നെ ആണ്. ഒരു തലമുറ മാറ്റത്തിന് നമ്മൾ സാക്ഷ്യം വഹിക്കുമോ?