Cricket Editorial Top News

വന്മത്തിലുകൾ ഇപ്പോളും നമ്മൾക്കിടയിലുണ്ട്: പ്രതിരോധത്തിന്റെ വൻ കോട്ട കെട്ടി ഇന്ത്യയെ സംരക്ഷിക്കുന്ന പോരാളികൾ

January 11, 2021

author:

വന്മത്തിലുകൾ ഇപ്പോളും നമ്മൾക്കിടയിലുണ്ട്: പ്രതിരോധത്തിന്റെ വൻ കോട്ട കെട്ടി ഇന്ത്യയെ സംരക്ഷിക്കുന്ന പോരാളികൾ

ഏറെ നാളിന് ശേഷം വളരെ ആസ്വദകരമായ ഒരു ടെസ്റ്റ്‌ ക്രിക്കറ്റ്‌ നമ്മൾ കാണുന്നത്. പ്രതിരോധത്തിന്റെ വൻ കോട്ട കെട്ടി ഇന്ത്യയെ സംരക്ഷിക്കുന്ന മൂന്ന് പോരാളികളാണ് അതിന് കാരണം: ഹനുമ വിഹാരി, അശ്വിൻ, പൂജാര. അതും രാഹുൽ ദ്രാവിഡ് എന്ന വൻമതിലിന്റെ പിറന്നാൾ ദിനത്തിൽ തന്നെ.

അവസാന രണ്ട് സെഷനുകളിലൂടെ ഇന്ത്യ ബാറ്റ് ചെയ്ത രീതി ശരിക്കും പ്രചോദനം നൽകുന്നു. അതിശയകരവും നഗ്നവുമായ പ്രദർശനം കൊണ്ട്, പോരാട്ട മനോഭാവം കൊണ്ട് മികച്ചതാക്കിയ പ്രകടനമിരുന്നു ഇത്. ഇതാണ് ടെസ്റ്റ്‌ ക്രിക്കറ്റ് നമ്മുക്ക് സമ്മാനിക്കുന്ന മനോഹാരിതയും‌.

“അടിക്കടാ, ജയിച്ചു വാ, പന്ത് കളിച്ചത് കണ്ടില്ലേ” എന്നൊക്കെ
പല ഫേസ്ബുക്ക്, വാട്സ് ആപ്പ് ഗ്രൂപ്പുകളിലും പലരും വികാര തള്ളിച്ചയുമായി വരുന്നത് കാണാൻ ഇടയായി. ശെരിയാണ് ഇന്ത്യക്ക് ജയിക്കാമായിരുന്ന മത്സരമായിരുന്നു ഇത്. പക്ഷെ ജന്ത്യ ജയിക്കാൻ ഒരുങ്ങുമ്പോൾ ഓസ്ട്രേലിയ ടാക്റ്റിക്സ് ഉറപ്പായും മാറ്റും എന്നുള്ള കാര്യം കൂടി ഓർക്കണം. പിന്നെ വിഹാരി, ജഡേജ എന്നിവർ പരിക്കിന്റെ പിടിയിൽ അകപെട്ടതും മറക്കാതിരുന്നാൽ നന്ന്.

100 ബോളിൽ 5 എന്ന നിലയിൽ ആയിരുന്നു ഒരു ഘട്ടത്തിൽ ഹനുമ വിഹാരിയുടെ സ്കോർ. അയാൾ ഇന്ത്യ ജയിക്കാൻ വേണ്ടി കളിക്കുന്നില്ല എന്നൊക്കെ ഇപ്പോളത്തെ തലമുറ പറയുമ്പോൾ, ഒരു കാലത്ത് ഒരു സമനില പിടിക്കാൻ നമ്മൾ പെട്ട പാടുകൾ ഇന്നും ഓർമകളിൽ വരുന്നു. ശെരിയാണ് വിഹാരി, പൂജാര, അശ്വിൻ ഒക്കെ ഇന്ത്യ ജയിക്കാൻ വേണ്ടി മാത്രമല്ല കളിച്ചത്.പക്ഷെ സ്വന്തം രാജ്യം തോൽക്കാതിരിക്കാൻ വേണ്ടി ഏറ് കൊണ്ടും, മുടിഞ്ഞ സ്ലഡ്ജിങ് സഹിച്ചുമൊക്കെയാണ് നിലനിന്നത്. വിരലിന് പരിക്കേറ്റ ജഡേജ കളത്തിൽ ഇറങ്ങാതിരിക്കാൻ വിക്കറ്റ് പോകാതെയിരിക്കേണ്ടത് അനിവാര്യം ആയിരുന്നു. ആ കർത്തവ്യം ഹാംസ്ട്രിങ്നു പരിക്ക് പറ്റിയിട്ടും ഒരു മുടക്കവും കൂടാതെ വിഹാരി നിർവഹിക്കുകയും ചെയ്തു. നാഥാൻ ലിയോൺ എന്ന ലോകോത്തര സ്പിൻ ബൗളറെ എങ്ങനെ നേരിടണം എന്ന് ലോകത്തിന് തന്നെ കാട്ടികൊടുക്കുകയായിരുന്നു വാലറ്റക്കാരനായ രവിചന്ദ്രൻ അശ്വിൻ.

പൂജാര, അശ്വിൻ, വിഹരി എന്നിവർ ആകെ നേടിയത് 139 റൺസ് മാത്രമായിരിക്കും. പക്ഷെ അവർ നേരിട്ടത് 494 ബോളുകൾ ആണ്. ചരിത്രത്തിൽ ആദ്യമായി നാലാം ഇന്നിങ്സിൽ ഇന്ത്യ 131 ഓവർ ബാറ്റ് ചെയ്തു. എന്നിട്ടും ഓസ്ട്രേലിയ പോലൊരു ടീമിന് എറിഞ്ഞിടാൻ 5 വിക്കറ്റുകൾ മിച്ചമുണ്ടായിരുന്നു. വിഹാരിയെയും അശ്വിനെയും പുറത്താക്കാൻ പുതിയ ബോൾ കിട്ടിയിട്ടും, ലോകോത്തര ബൗളെർമാരായ കമ്മിൻസ്, ഹേസെൽ വുഡ് എന്നിവർ കിണഞ്ഞ പരിശ്രമിച്ചു പരാജയപ്പെട്ടത് കാണാൻ തന്നെ ഒരു ഭാഗ്യം വേണം.

പ്രതിരോധത്തിന്റെ കോട്ട കെട്ടി ഓസിസിനെ വെള്ളം കുടിപ്പിച്ച എന്റെ ഇന്ത്യൻ രാജ്യത്തിന്റെ ചുണ കുട്ടികൾക്ക് ഇരിക്കട്ടെ ഇത്തവണത്തെ കുതിരപ്പവൻ.

റിയാസ് ബദർ.

One Comment
  1. Riyaz

    Thanku

Leave a comment

Your email address will not be published. Required fields are marked *