രുചിക്കൂട്ടുകളുടെ പവലിയനിലെ ചില ചരിത്ര സ്മരണകൾ !!
വെയിലായാലും മഴയായാലും ഈ പവലിയനിലേക്കോടിക്കയറിയാൽ നല്ല സ്വാദിഷ്ഠമായ വെജിറ്റേറിയൻ ഭക്ഷണം നിറഞ്ഞ മനസ്സോടെ കഴിക്കാം. താങ്കളൊരു കായിക പ്രേമിയാണെങ്കിൽ ഇവിടെ നിങ്ങളെ കാത്തിരിക്കുന്നത് ഇരട്ടി മധുരമാണ്. ഭോജനത്തിനു കൂട്ടായി നമ്മെ കൊണ്ടു പോകുന്നത് സർ ഡൊണാൾഡ് ബ്രാഡ്മാൻ മുതൽ മഹേന്ദ്ര ധോണി വരെയുള്ള ക്ലാസും മാസും ചേർന്ന ക്രിക്കറ്റ് ചരിത്രത്തിലേക്കാണ്. സ്വാദിഷ്ഠമായ ക്രിക്കറ്റ് മസാല ദോശക്കൊപ്പം ആവി പറക്കുന്ന ഫുട്ബോൾ ബ്രൂ കോഫിയും കൂടെക്കഴിക്കാൻ ടെന്നിസിലെ രാജകുമാരൻമാരായ ബോറിസ് ബെക്കർ ,റോജർ ഫെഡറർ എന്നിവരും മുഹമ്മദാലി എന്ന ബോക്സിങ് ഇതിഹാസവും ഈ ചുമരുകളിൽ തയ്യാർ.
ആദ്യമായി ഞാനവിടെ പോയത് 2011 ലാണ്. അന്നില്ലാത്ത ഒരു ഫോട്ടോ അതേ വർഷം തന്നെ ആ ചുമരിൽ ഇടം പിടിച്ചിരിക്കുന്നു. 2011 ക്രിക്കറ്റ് ലോകകപ്പ് നേടിയ ഇന്ത്യൻ ടീം. കൂടെ ക്യാപ്റ്റൻ ധോണിയും. ഇവർക്ക് കൂട്ടായി നമ്മുടെ കണ്ണുകൾ 1983 ലോകകപ്പ് ടീം, ആ ചരിത്ര മുഹൂർത്തം, 2007 ആദ്യ ട്വൻറി-ട്വൻറി ലോകകപ്പ് നേടിയ ഇന്ത്യൻ ടീം, ബ്രാഡ്മാൻ, ഗാവസ്ക്കർ, അസർ, സചിൻ തുടങ്ങി ജാക്ക് കാലിസ് , ക്ലൂസ്നർ തുടങ്ങി ബ്രയാൻ ലാറയിലൂടെയും സ്പിൻ മാന്ത്രികരായ വോൺ -മുരളി – കുംബ്ലെ, കുപ്രസിദ്ധമായ ലില്ലീ- മിയാൻദാദ് തർക്കം, സ്പീഡും സ്വിംഗും കൊണ്ട് ലോകത്തെ വിറപ്പിച്ച ഹാഡ്ലി – കപിൽ – അംബ്രോസ് – അക്രം – ഇമ്രാൻ – ഗാർണർ എന്നിവരിലൂടെയും റിച്ചാർഡ്സ്, ഇയാൻ ബോതം, സോബേഴ്സിലൂടെയും സഞ്ചരിക്കും. മേമ്പൊടിക്ക് ഷൂട്ടർ അഭിനവ് ഭിന്ദ്ര, ഉസൈൻ ബോൾട്ട് എന്നിവരും.
മലപ്പുറം കുന്നുമ്മലിൽ സ്ഥിതി ചെയ്യുന്ന പവലിയൻ റെസ്‌റ്റോറണ്ടിന് ചെറുതല്ലാത്ത ക്രിക്കറ്റ് ചരിത്രം പറയാനുണ്ട്. ഉടമസ്ഥൻ കിളിയമണ്ണിൽ അജ്മൽ, മലപ്പുറത്തെ ആദ്യ കാല ക്രിക്കറ്റ് ക്ലബുകളിലൊന്നായ ലോർഡ്സ് ക്രിക്കറ്റ് ക്ലബിൻ്റെ സ്ഥാപകാംഗമാണ്. കിളിയമണ്ണിൽ യാക്കൂബ്, അജ്മൽ, നാസർ സഹോദരൻമാർ ക്രിക്കറ്റുമായി അടുത്തിടപഴകിയവരാണ്. മുൻ കേരളാ – ദക്ഷിണേന്ത്യൻ താരങ്ങളായ JK മഹേന്ദ്ര, K ജയറാം തുടങ്ങിയവരുമായി അടുത്ത ബന്ധം പുലർത്തുന്ന ഇവരുടെ സുഹൃദ് വലയത്തിൽ ഉള്ളവരാണ് കേരള ക്രിക്കറ്റ് മുൻ സാരഥി ശ്രീ. S ഹരിദാസ്, ദേശീയ അമ്പയർമാരായിരുന്ന ശ്രീ.പ്രദീപ് മാഷ്, ശ്രീ. വിശ്വനാഥ് തുടങ്ങിയവർ.