Foot Ball legends Top News

ഗെന്നാരോ ഗട്ടൂസോ -കാറ്റെനാച്ചിയുടെ എക്കാലത്തെയും ശക്തനായ കാവൽ നായ

May 20, 2020

author:

ഗെന്നാരോ ഗട്ടൂസോ -കാറ്റെനാച്ചിയുടെ എക്കാലത്തെയും ശക്തനായ കാവൽ നായ

ഇറ്റാലിയൻ സംസ്കാരം പലതും കൊണ്ടും സവിശേഷമാണ്. വിഘടിച്ചു നിൽക്കുന്ന പല തരം കൂട്ടങ്ങളാണ് യഥാർത്ഥത്തിൽ ഇറ്റാലിയൻ ജനത.അത്രയേറെ വൈവിധ്യവും വൈരുദ്ധ്യവും നിറഞ്ഞ ഒരു പൊതുബോധത്തിൽ നിന്ന് കൊണ്ടാണ് പണ്ട് നിക്കോളോ മാക്കിയവെല്ലി എന്ന നവോഥാന എഴുത്തുകാരൻ ഇങ്ങനെ പറഞ്ഞുവെച്ചത് ..” മാർഗ്ഗമല്ല ലക്‌ഷ്യം ആണ് പ്രധാനമെന്ന്” . ഇറ്റാലിയൻ ജനതയിൽ അത്ര കണ്ടു ഇഴുകി ചേർന്ന് കിടപ്പുണ്ട്, മാകിയവെല്ലിയുടെ ഈ വാക്കുകൾ. ഇറ്റാലിയൻ കാല്പന്തുകളി രൂപം പൂണ്ടത് മുതൽ അവരുടെ നവോഥാന എഴുത്തുകാരന്റെ വാക്കുകൾ അവരെ മുന്നോട് നയിച്ചു. അവർ കാല്പന്തുകളി ജയിക്കാനായി മാത്രം കളിച്ചു. അതിന്റെ ഭംഗിയോ ഒഴുക്കോ അവരെ വശംവദരാക്കാൻ കഴിഞ്ഞില്ല. അവരെ സംബന്ധിച്ചിടത്തോളം ഫുട്ബോൾ ൽ പ്രതിരോധമായിരുന്നു എല്ലാം അതിൽ മാത്രം അവർ ഭംഗി കണ്ടു, കാരണം അവർ ജയിക്കാനായി കളിക്കുന്നവരായിരുന്നു.തോൽക്കാൻ അവർ ഇഷ്ട്ടപെട്ടതേയില്ല. അത് കൊണ്ടാണ് ഇറ്റലി ഫുട്ബോൾ ൽ തോൽക്കുന്നത് യുദ്ധം തോൽക്കുന്നത് പോലെയും, യുദ്ധത്തിലെ തോൽവി ഫുട്ബോൾ തോൽവി പോലെയും കാണുന്നു എന്ന് പില്കാലത്തു ചർച്ചിൽ ഇറ്റലിയെ കളിയാക്കിയത്.

പടിഞ്ഞാറൻ ഇറ്റലിയിലെ ഏറ്റവും ദാരിദ്ര്യം നിറഞ്ഞ കാലബെറിയിൽ ആയിരുന്നു അയാളുടെ ജനനം. ദാരിദ്ര്യം മറികടക്കാൻ ഫുട്ബോളിൽ ഭാഗ്യം പരീക്ഷിക്കാൻ പോവുന്ന എല്ലാ കാലബെറിക്കാരെ പോലെ അയാളുടെയും കുട്ടിക്കാലം വീട്ടിൽ നിന്നും വളരെയേറെ അകലെയായിരുന്നു. എന്ത് വന്നാലും നേരിട്ടോളം എന്നുള്ള ഇറ്റാലിയൻ വർക്കിംഗ് ക്ലാസ് ധൈര്യം മാത്രമായിരുന്നു അയാളുടെ കൈമുതൽ. ഇറ്റാലിയൻ അണ്ടർ 18 ദ ദേശീയ ടീമിന്റെ ക്യാമ്പിൽ എത്തിയപ്പോൾ ആണ് അയാൾ ആദ്യമായി ആന്ദ്രേ പിർലോ എന്ന മാന്ത്രികനെ നേരിട്ട് കാണുന്നത്. പന്തിന്മേൽ പിർലോ കാട്ടുന്ന മാജിക് കണ്ടു ഭ്രമിച്ച ആ ഗ്രാമീണൻ , താൻ ഇത് വരെ കളിച്ചതൊന്നും കാല്പന്തുകളിയേ അല്ലായിരുന്നു എന്ന് സങ്കടത്തോടെ ഓർത്തു. താൻ ഇത് നിർത്തി കാലാബെറിയിൽ കൂലിപ്പണിക്ക് പോവുന്നതാണെന്നു നല്ലതെന്നും അയാൾ വിചാരിച്ചു. ഗ്രാമീണനായ തനിക് അതാണ് നല്ലതെന്ന് അയാൾ വിചാരിച്ചെങ്കിലും , മേല്പറഞ്ഞ ധൈര്യം അയാളെ പിടിച്ചു നിർത്തി. തനിക്ക് ഇതിനൊക്കെ പറ്റുമോ, തന്റെ കളി മറ്റുള്ളവരെക്കാൾ മികച്ചതാണോ എന്ന സെല്ഫ് ഡൌട്ട് ആണ് അയാളെ പിന്നീട് മുന്പോട്ടു നയിച്ചത്. അയാൾ എന്നും തന്നെ പറ്റി പ്രതിലോമകരമായി മാത്രം ചിന്തിച്ചു, അതാവുമ്പോൾ തനിക്ക് നഷ്ട്ടപെടുവാൻ ഒന്നുമില്ല എന്ന് സ്വയം ബോധ്യപ്പെടുത്തി.

സ്കോട്ലൻഡിലെ വിജയകരമായ ഒരു ചെറിയ ഫുട്ബോൾ ജീവിതത്തിനു ശേഷം അയാളെ എ സി മിലൻ ക്ലബ് അയാളെ ഏറ്റെടുത്തു. ആന്ദ്രേ ഷേവ്ചെങ്കോ എന്ന ചെറുപ്പകാരനോടൊപ്പം ആയാളും അങ്ങനെ വിഖ്യാതമായ റോസനേരിയിലെ പുൽമൈതാനത്തു ബൂട്ടണിഞ്ഞു. ആന്ദ്രേ പിർലോ എന്ന പഴയ കൂട്ടുകാരനും, അയാൾ ഏറ്റവും ആരാധിക്കുന്ന മാൽഡിനി – നെസ്റ്റ , കഫു, സീഡോർഫ് , തുടങ്ങിയവരും അയാളെ കാത്തു അവിടെ നില്പുണ്ടായിരുന്നു. പിന്നീട് ആൻസെലോട്ടി എന്ന കോച്ച്, ഇവർക്കിടയിലെ ഒരു കൃത്യമായ കോംബിനേഷൻ കണ്ടുപിടിച്ചു.. പിന്നീടങ്ങോട്ട് 1998 മുതൽ 2010 വരെ എ സി മിലൻറെ സുവര്ണകാലമായിരുന്നു.
ഇറ്റാലിയൻ ദേശീയ ടീമിൽ ആകട്ടെ, സുവര്ണതാരങ്ങളുടെ ഒരു കടന്നു കയറ്റം തന്നെയായിരുന്നു. സ്വാഭാവിക കാൽപന്തുകളിയുടെ അപ്പോസ്തലൻ പിർലോ , ഇറ്റാലിയൻ പ്രതിരോധത്തിന്റെ കാഠിന്യം ഏറ്റവും ക്ലാസിക് ആയി കാണിച്ചു തരുന്ന മാൽഡിനി- നെസ്റ്റ കൂട്ടുകെട്ട്, സൗമ്യതയുടെ, കർക്കശ്യത്തിന്റെ പ്രതിരോധ തമ്പുരാൻ കന്നവരോ, ,ഇൻസാഗി, ടോട്ടി, ഡെൽ പിയറോ, ഡി റോസ്സി, കാമറോന്നോസി, ആംബ്രോസിനി തുടങ്ങിയവർ അണിനിരന്ന ഇറ്റാലിയൻ നിര , അതൊരു ടീം തന്നെയായിരുന്നു. അതിമാനുഷർ നിറഞ്ഞ ആ ടീമിലേക്കാണ് അയാൾ ഉള്ളിൽ ഉയർന്നു പൊന്തുന്ന ആത്മവിശ്വാസക്കുറവ് പുറത്തു കാട്ടാതെ ആയാളും വന്നത്.

ഈ രണ്ടു ടീമുകളിലും അയാൾക്കു ചുറ്റും അണിനിരന്നത് വിഖ്യാതരായ താരങ്ങൾ ആയിരുന്നു. അതിമാനുഷർ ആയ അവർക്കിടയിൽ മനുഷ്യനായ ഒരാൾ, പാസ് ചെയ്യാനുള്ള കഴിവോ, ഗോൾ നേടാനുള്ള നൈപുണ്യമോ , എന്തിന് ഒരു പാസിംഗ് റേഞ്ച് പോലുമില്ലാത്ത ഒരു സാധാരണക്കാരന്.. പക്ഷെ അതിമാനുഷർക്കില്ലാത്ത ഒന്നയാൾക്കുണ്ടായിരുന്നു… അതയാളുടെ ഹൃദയമായിരുന്നു….. മറ്റുള്ളവർ തലച്ചോറ് കൊണ്ട് കളിച്ചപ്പോൾ അയാൾ തന്റെ ഹൃദയം കൊണ്ട് പോരാടി, കാല്പന്തുകളി അയാൾക്കൊരു ആവേശമായിരുന്നു… മൈതാനത്തേക്കിറങ്ങിയപ്പോഴൊക്കെയും അയാൾ വൈകാരികമായി അതിനെ കണ്ടു.. ഓരോ നിമിഷവും അയാൾ തന്റെ അവസാനമായി കണ്ടു.. മൈതാനത്തെ ഓരോ നിമിഷവും അയാൾക്ക്‌ ഒരർത്ഥത്തിൽ യുദ്ധം തന്നെയായിരുന്നു. അപ്പോഴൊക്കെയും കാലബെറിയിലെ താൻ ജനിച്ചു വന്ന സാഹചര്യം അയാളുടെ കരൂത്ത് കൂട്ടി. ഒരിഞ്ചിനു വിട്ടു കൊടുക്കാതെ അയാൾ മൈതാനത്തു പോരാടി. അതയാൾ പണ്ട് പഠിച്ച അതിജീവനത്തിന്റെ പാഠമായിരുന്നു.

=================================================================

എ ഡി 73 മുതൽ ; റോമൻ സാമ്രാജ്യത്തിനു കീഴിൽ സൈന്യത്തിന് ഭക്ഷണമെത്തിക്കുന്ന വണ്ടികൾക്ക്, കള്ളന്മാരുടെയും, വന്യ മൃഗങ്ങളുടെയും , ശത്രുക്കളിൽ നിന്നുമുള്ള ആക്രമണങ്ങൾക്കു സുരക്ഷാ ചുമതല നൽകിയത് ഒരിനം കാവൽ നായകൾക്കായിരുന്നു എന്ന് ചരിത്രം പറയുന്നു. ഭക്ഷണങ്ങൾക്കു മാത്രമല്ല സൈനിക ക്യാമ്പുകൾക്കു വരെ ഇത്തരം നായകൾ കാവൽ നിന്നു. അപാരമായ സ്റ്റാമിനയും, കേൾവി ശക്തിയും, മണം പിടിച്ചെടുക്കുവാനുള്ള കഴിവും ഇവയുടെ പ്രത്യേകതയാണ്. അടങ്ങാത്ത വീറും, ശൗര്യവും, കരുത്തും, അതെ സമയം തന്റെ യജമാനനോടുള്ള അചഞ്ചലമായ കൂറും , സ്നേഹവും നായകളുടെ മാത്രം സവിശേഷതയാണ്. നായകൾ അവരുടേതായ ഒരു അതിരു നിര്ണയിക്കാറുണ്ട്, ആ അതിർത്തിക്കുള്ളിലെ മുഴുവൻ സംഭവങ്ങളുടെയും ഉത്തരവാദിത്വം ഇവർ സ്വയം ഏറ്റെടുക്കാറുമുണ്ട്. ആ അതിർത്തി ഭേദിക്കുന്നവർ അപരിചിതർ ആണെങ്കിൽ സ്വാഭാവികമായും നായകൾ പ്രതികരിക്കുകയും ചെയ്യും..

അടിസ്ഥാനപരമായി ഗട്ടൂസോ ഒരു കാവൽ നായ ആയിരുന്നു. അമൂല്യമായ ഇറ്റാലിയൻ പ്രതിരോധത്തിന്റെ – കാറ്റിനെച്ചിയുടെ വിശ്വസ്തനായ , നന്ദിയുള്ള നായ. സാക്ഷാൽ ബുഫൊൺ എന്ന ഗോളിയുടെ,അതിനു മുന്നിൽ വന്മതിൽ പണിഞ്ഞു നിൽക്കുന്ന മാൽഡിനി- നെസ്റ്റ, കന്നാവോറയുടെ , അതിനും മുന്നിൽ നിലയുറപ്പിച്ചു നിൽക്കുന്ന അവരുടെ എക്കാലത്തെയും വലിയ സമ്പത്തായ പിർലോയുടെ നന്ദിയുള്ള നായ ആയിരുന്നു ഗട്ടൂസോ. അയാൾ അതിനായി തനിക്കു മാത്രം ഒരു അതിർത്തി പണിതു.അതിനുള്ളിൽ കടന്നു വന്ന അപരിചിതരെ അയാൾ നിർദാക്ഷിണ്യം കൈകാര്യം ചെയ്തു. അയാൾ തന്റെ യജമാനനു വേണ്ടി ആ അതിർത്തി വരക്കുള്ളിൽ വിശ്രമമില്ലാതെ ഓടി നടന്നു. കടിക്കേണ്ടവരെ കടിച്ചും, കുരച്ചു നിർത്തേണ്ടവരെ കുരച്ചും ഓടിച്ചു. അയാൾക്കു വേണ്ടത് ടീമിന്റെ വിജയമായിരുന്നു, അതിനയാൾ തന്റെ ശരീരവും മനസും അർപ്പിച്ചു… എന്നും…

മറ്റുള്ളവർ കാല്പന്തുകളിയെ ആകാശത്തോളം ഉയർത്തിയപ്പോൾ ഗട്ടൂസോ അതിനെ മണ്ണിലേക്കിറക്കി, കാല്പന്തുകളിയുടെ ഹൃദയം കാണികൾ ആണെങ്കിൽ , ഗട്ടൂസോ അവർക്കു വേണ്ടി കളിച്ചു. റോസനേരിയിലെ എക്കാലത്തെയും ‘കാണികളുടെ താരം ‘ അത് പിർലോ , മാൽഡിനി , റൊണാൾഡീഞ്ഞോമാർ ആയിരുന്നില്ല. അത് പക്ഷെ – അവർക്കു വേണ്ടി മരിക്കുവോളം പോരാടുന്ന ഗട്ടൂസോ ആയിരുന്നു. ടീമിന് വേണ്ടി അടർക്കളത്തിൽ മരിക്കാൻ തയ്യാറാവുന്ന അവരുടെ സ്വന്തം കാവല്നായ …
നായകൾ വൈകാരികമായി പ്രതികരിക്കും, പ്രത്യേകിച്ച് അവരുടെ യജമാനനെ, സ്വന്തക്കാരെ ആരെങ്കിലും കൈയേറ്റം ചെയ്താൽ… അത് കൊണ്ടാണ് ഗട്ടൂസോ തന്റെ കളിക്കൂട്ടുകാരെ എന്നും സംരക്ഷിച്ചു. കക്കയെ ഉപദ്രവിച്ച ഗാംബരേസിനിയെ നേരിടാൻ അയാൾ മിന്നൽ പിണർ പോലെ ഓടി വന്നു. ഇബ്രയെ നിരന്തരം എൽബോ ചെയ്ത ടോട്ടനത്തിനെതിരെ അവരുടെ ക്രൗച്ചിനെ ഗട്ടൂസോ കൈകാര്യം ചെയ്തു. അയാൾ അടിക്കു തിരിച്ചടിയെന്ന തത്വത്തിൽ വിശ്വസിച്ചു. ടച്ച് ലൈൻ കടന്ന ജോ ജോർദാനെ ഗട്ടൂസോ കഴുത്തിന് പിടിച്ചു പുറത്തു നിർത്തി: നായകൾക്ക് അതിർത്തി ഭേദിക്കുന്നവരെ ഇഷ്ട്ടമല്ലലോ..

ഗട്ടൂസോ എങ്ങനെ നീണ്ടകാലയളവിൽ മുൻനിര ക്ലബ്ബുകളിൽ, ലോകകപ്പ് പോലുള്ള വേദികളിലും കളിച്ചു എന്നതാണ് അത്ഭുദം. അയാൾ ടെക്‌നിക്കലി വട്ടപ്പൂജ്യം ആയിരുന്നു. ഭാവനാപരമായി കളിക്കുവാൻ അയാൾക് തെല്ലുപോലും അറിയില്ലായിരുന്നു. പക്ഷെ ചില കാര്യങ്ങൾ പ്രകൃതി അയാൾക്കു നൽകിയിരുന്നു. അതയാളുടെ വേഗതയായിരുന്നു, പൊസിഷണൽ സെൻസ് ആയിരുന്നു. ബോഡി ഫ്ലെക്സിബിലിറ്റി ആയിരുന്നു. കൂടാതെ കരുത്തുറ്റ ഒരു ശരീരവും അയാൾക്കുണ്ടായിരുന്നു.

കളിക്കളത്തിൽ അയാൾ അത്യധ്വാനം ചെയ്തു. മധ്യവരയ്ക്കിപ്പുറം പന്ത് എവിടെയുണ്ടോ , അവിടെ അയാളെയും കാണപ്പെടും. സ്വാഭാവികമായാ വർക്കിംഗ് ക്ലാസ് പരുക്കൻ സ്വഭാവം അയാളുടെ കളിയെയും നിർണയിച്ചു. അയാളുടെ ടാക്കിളുകൾ നിർദയവും , ഭംഗിയില്ലാത്തതും ആയിരുന്നു. ആകെ അയാൾ ചെയ്തിരുന്നത് എതിരാക്രമണങ്ങൾ മുളയിലേ നുള്ളുവാനുള്ള ഇന്റർസെപ്ഷൻ ആയിരുന്നു, കൂടെ പന്ത് വീണ്ടെടുത്തത് ഏറ്റവും അടുത്തുള്ള പ്ലയെർക്കു നൽകുക എന്നതും. അതയാൾ ഭംഗിയായി ചെയ്തു. തന്റെ പ്രാണൻ കൊടുത്താലും അയാളുടെ കർത്തവ്യം അയാൾ ചെയ്തു കൊണ്ടിരുന്നു; ആരാലും ശ്രദ്ദിക്കാതെ…

കളിയെഴുത്തുകാർ വാഴ്ത്തുപാട്ട് പാടിയ പിർലോയുടെ ഓരോ മാജിക്കൽ ലോങ്ങ് ത്രൂ പാസ്സുകളുടെ തൊട്ടുമുന്നിലെ നിമിഷങ്ങളിൽ ഈ കാവൽനായ നുരയും പതയും ഒലിപ്പിച്ചിട്ടും പിൻവാങ്ങാതെ കിതച്ചെത്തി നടത്തിയ ഇന്റർസെപ്ഷനുകൾ ഉണ്ടായിരുന്നു.. ഓരോ അനായാസ പാസുകളിൽ, ഗോളിലേക്ക് എത്തുന്ന ‘തൊട്ടുമുമ്പത്തെ ആ പാസ്സുകളുടെ മുന്നിൽ ഗട്ടൂസോ എന്ന കാവൽ നായ കുരച്ചും,, തൊഴി കൊണ്ടും, അടി വാങ്ങിയും,തിരിച്ചടിച്ചും , വീണ്ടെടുത്ത പന്തുകൾ ഉണ്ടായിരുന്നു.
ഓരോ സൗന്ദര്യാത്മക പാനേങ്കളുടെ മുന്നിലും ഇതേ കാവൽ നായ കുരച്ചും, കടിച്ചും നേടിയ വിസിലുകളും ഉണ്ടായിരുന്നു…

ഗട്ടൂസോ ഒരു ലീഡർ ആയിരുന്നു. അയാൾ ജയിക്കാനായി മാത്രം കളിച്ചു. അതയാളുടെ കണ്ണിൽ കാണാമായിരുന്നു. ഇത്രയും പാഷനോടെ , ഇത്രയും നിശ്ചയദാർദ്ധ്യത്തോടെ , ഉള്ളിലുള്ള തീയോടെ ആരെങ്കിലും ഫുട്ബോൾ കളിച്ചിട്ടുണ്ടോ? ഇല്ല… ഗട്ടൂസോയെ പോലെ ഗട്ടൂസോ മാത്രം…
ഗട്ടൂസോ കളിച്ചപ്പോഴൊക്കെ അയാളുടെ ടീം തീവ്രമായി കളിച്ചു. ടീം പിന്നിലാവുന്ന ഓരോ നിമിഷങ്ങളിലും അയാൾ കൂട്ടുകാരെ പേരെടുത്തു വിളിച്ചു ഉത്തേജിപ്പിച്ചു. തകർന്നു നിൽക്കുന്ന മിലൻ ടീം ഒരിക്കൽ ഹാഫ് ടൈമിൽ ഡ്രസിങ് റൂം ൽ എത്തിയപ്പോൾ മുഴുവൻ കളിക്കാരെയും അയാൾ നേരിട്ട് കണ്ട്, കണ്ണിൽ നോക്കി, ഈ കളി നമുക്ക് ജയിക്കണം എന്ന് പറഞ്ഞു, ആവേശിപ്പിച്ച ഗട്ടൂസോയെ ഇന്നും ഇബ്ര ഓർക്കുന്നുണ്ട്. എതിർ ടീമിൽ കാണാൻ ഒരിക്കലും ആഗ്രഹിക്കാത്ത ഒരാളുണ്ടെങ്കിൽ അത് ഗട്ടൂസോ ആണെന്ന് പറഞ്ഞത് ബെക്കം ആയിരുന്നു. ഇറ്റലി വിജയിച്ച ലോകകപ്പിലെ അവരുടെ എൻജിൻ, എൻഫോഴ്‌സെർ, ആത്മാവ് എല്ലാം ആ കാവൽ നായ ആയിരുന്നു.

അയാൾ ഉണ്ടെങ്കിൽ ഡ്രസിങ് റൂം എന്നും ഉത്തേജിതമായി, അയാളുടെ വിജയ തൃഷ്ണ അയാളെന്നും പതിന്മടങ്ങു വലിപ്പത്തിൽ കൂട്ടാളികൾക്കും പകർന്നു നൽകി.അയാൾ ഒരു തീപ്പൊരിയായിരുന്നു. നീറി നീറി കത്തുന്ന തീപ്പൊരി. ലോകകപ്പിൽ ഫ്രാൻസിന് സിദാൻ ഉണ്ടെന്ന ചോദ്യത്തിന് മറ്റെരാസി പറഞ്ഞത് ഇറ്റലിക്ക് ഗട്ടൂസോ ഉണ്ടെന്ന ഉത്തരമായിരുന്നു. ഗട്ടൂസോയ്ക്ക് തന്റെ കഴിവും കഴിവുകേടും അറിയാമായിരുന്നു. അത് കൊണ്ടാണയാൾ ആ പെനാൽറ്റി ഷൂട്ട് ഔട്ട് സമയത്തു ഒരാൾ പുറത്തു പോവണം എന്ന് പറഞ്ഞപ്പോൾ ആരെയും നോക്കാതെ ഡഗ്‌ ഔട്ടിലേക്ക് കയറിപോയത്, പിർലോ യെ പിർലോ ആക്കിയത് ഗട്ടൂസോ അല്ലെ എന്ന ചോദ്യത്തിന്, ” നിങ്ങൾക്ക് സ്ഥിരബുദ്ധിയില്ലേ,, നിങ്ങൾക്കെങ്ങനെയാണ് നൂറ്റെല്ലയെയും (ഒരിനം ചോക്ലറ്റ്) മലത്തേയും താരതമ്യം ചെയ്യാൻ കഴിയുക എന്ന് ചോദിച്ച സാധാരണക്കാരന് ആയിരുന്നു അയാൾ.

ഗട്ടൂസോ എന്തായിരുന്നു എന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളൂ , അയാൾ കാവൽനായ ആയിരുന്നു. നന്ദിയുള്ള നല്ല നായ… കാല്പന്തുകളിയിലെ എക്കാലത്തെയും കാവൽ നായ … ഒരിക്കൽ പോലും അയാൾ മുഷിഞ്ഞതല്ലാത്ത ജേർസിയുമായി കളിക്കളത്തിൽ നിന്നും കയറി വന്നിട്ടില്ല. അയാളുടെ , ആ കാവൽനായയുടെ കളിയെ പറ്റി വേറെന്ത് പറയാൻ???

Hari kumar C

Leave a comment