കാലമേ ഇനി പിറക്കുമോ ഇങ്ങനെയൊരു ഇതിഹാസം !!
ഇന്നയാൾ പലർക്കും വെറുക്കപെട്ടവനാണ്, പലരുടെയും ഇഷ്ടതാരങ്ങൾക്ക് ഒരു വിരമിക്കൽ മത്സരം പോലും നൽകാത്ത നായകനാണ്, പലരെയും അവസാനിപ്പിച്ച ഇന്ത്യൻ ടീമിലെ ഹിറ്റ്ലറാണ്, അതെ ഒരുപാട് കാരണങ്ങൾ മെനഞ്ഞു അവർ അയാളെ വെറുക്കുകയാണ്,സത്യമെന്തെന്നറിയാതെ അവർ അവരുടെ വിശ്വാസങ്ങളെ മുറുകെ പിടിക്കുകയാണ്…
ഇവരൊക്കെ ആ നീളൻ മുടിക്കാരനെ നെഞ്ചിലേറ്റിയ ഒരു കാലമുണ്ടായിരുന്നു, വിശാഖപട്ടണത്ത് പാകിസ്താനെ തല്ലി തകർത്തു അയാൾ സ്വന്തമാക്കിയ ആ ശതകത്തിൽ കോരി തരിച്ചു അവർ മൊഴിഞ്ഞിരുന്നു വീരുവിനെ പോലെ മറ്റൊരുത്തനെ നമുക്ക് ദൈവം തന്നിരിക്കുന്നെന്ന്, അദ്ദേഹം കീപ്പിങ്ങിൽ മോശമാവാത്ത പ്രകടനങ്ങൾ തുടർന്നപ്പോൾ അവർ വീണ്ടും വിളിച്ചോതി, അതെ ഞങ്ങൾക്കും ഒരു ഗിൽക്രിസ്റ് ജനിച്ചിരിക്കുന്നു……
പിന്നീടുള്ള ദിനങ്ങളിൽ ആ റാഞ്ചിയിലെ നീളൻ മുടിക്കാരനെകുറിച്ചവർ കൂടുതൽ മനസിലാക്കാൻ മത്സരിക്കുകയായിരുന്നു, ദിവസവും 10 ലിറ്റർ പാല് കുടിക്കുന്നതാണ് അയാളുടെ ശക്തിയെന്നറിഞ്ഞ പലരും പാൽ കുടിക്കാൻ നിർബന്ധിതനായി, അയാളുടെ ആ നീളൻ മുടി പലരും പിന്തുടർന്നു, പതിയെ അയാൾ അവരുടെ ഹീറോ ആയി മാറി…..
പ്രഥമ ട്വന്റി ട്വന്റി വേൾഡ് കപ്പിലെ നായകനായി അയാൾ ആഫ്രിക്കയിലേക്ക് പറന്നപ്പോൾ ഒന്നും പ്രതീക്ഷിക്കാതെ അവർ അയാളെ പിന്തുണച്ചു, പാകിസ്താനെതിരെ ബോൾ ഔട്ടിൽ കലാശിച്ച കളിയിൽ സ്പിന്നേഴ്‌സിന് ബോൾ നൽകിയ അയാളെ അവർ പുകഴ്ത്തി പാടി, കലാശക്കൊട്ടിൽ പാകിസ്താനെ തകർത്തു ഒരുപാട് വർഷത്തെ ഒരാഗ്രഹമായിരുന്ന ആ വേൾഡ് കപ്പ് ഇന്ത്യയിൽ എത്തിച്ചപ്പോൾ അവർ അയാളെ നായകനെന്ന് വിളിച്ചു,….
പിന്നെ അയാൾ അങ്ങോട്ട് വളരുകയായിരുന്നു, ഇന്ത്യൻ ക്രിക്കറ്റ് അയാളുടെ തോളിലേറി ഇതുവരെ രുചിക്കാത്ത പല വിജയങ്ങളും രുചിച്ചു, അതിൽ 27 വർഷങ്ങൾ കാത്തിരുന്ന ആ വിശ്വകപ്പ് അദ്ദേഹത്തിന് ഇന്ത്യയുടെ മികച്ച നായകൻ എന്ന വിശേഷണം ചാർത്തി നൽകി.
പലരുടെയും ഇഷ്ട താരങ്ങളേക്കാൾ അയാൾ മികച്ചവനാവുന്നു എന്ന തോന്നൽ ചിലരിൽ ചില അമര്ഷങ്ങൾ ജനിപ്പിച്ചു പിന്നെ അദ്ദേഹത്തിന്റെ ചെറിയ കുറ്റങ്ങൾ പോലും അവർ വലുതാക്കി ചിത്രീകരിച്ചു, മറുവശത്തു അയാളെ ആരാധിച്ചവർ ആ ഇതിഹാസത്തിന്റെ ചെറിയ നിമിഷങ്ങൾ പോലും പർവ്വതീകരിച്ചു, അതെ അവർ രണ്ടായി പിളർന്നു,…….
അപ്പോഴും മഹിക്ക് മാറ്റങ്ങൾ ഒന്നും സംഭവിച്ചിരുന്നില്ല അദ്ദേഹത്തിനെന്നും വലുതാ ടീമായിരുന്നു, ബാറ്റിങ്ങിൽ മുന്നോട്ടിറങ്ങാതെ ആ നന്ദി കെട്ട ഫിനിഷർ ജോലി അയാൾ തുടർന്നു കൊണ്ടേയിരുന്നു, പല വിജയങ്ങളും പരിഹാസങ്ങളും ഒരു ചെറു പുഞ്ചിരിയിൽ ഒതുക്കി അയാൾ ടീമിനെ ശക്തമാക്കി, ജഡേജയെയും അശ്വിനെയും കൂടെ ചേർത്തു പിടിച്ചപ്പോൾ ഇന്ത്യയിൽ ഒരു ടെസ്റ്റ് വിജയമെന്ന സ്വപ്നം എതിരാളികൾക്ക് ബാലികേറാമലയായി, രോഹിതിനെ ന്യൂ ബോൾ നേരിടാൻ ഇറക്കി വിട്ടപ്പോൾ നമ്മൾ ഇരട്ട ശതകങ്ങൾ ഏകദിനത്തിലും ആഘോഷിച്ചു,…
ചാമ്പ്യൻസ് ട്രോഫിയും തന്റെ കൈകളിലാക്കി ഐസിസി യുടെ എല്ലാ ട്രോഫികളും ബിസിസിഐയുടെ ഷെൽഫിലെത്തിച്ചു ഒരു കാലത്തെ നമ്മുടെ സ്വപ്‌നങ്ങൾ എല്ലാം പൂർത്തീകരിച്ചപ്പോൾ അയാൾ ഇതിഹാസമായി മാറി.
വിജയങ്ങളിൽ മാത്രമല്ല നൊമ്പര പെടുത്തുന്ന ചില തോൽവിയിലും അയാൾ ഭാഗമായിരുന്നു ഓർക്കുന്നില്ലേ ആ 2015 വേൾഡ് കപ്പ് സെമി
അന്ന് ഇന്ത്യ പുറത്തായതിനേക്കാൾ വലിയ സങ്കടമായിരുന്നു അയാൾ കണ്ണീരണിഞ്ഞ ആ നിമിഷം മനസ്സിന് നൽകിയിരുന്നത്, അതെ എന്നും ഒരു വികാരങ്ങളും പ്രകടിപ്പിക്കാത്ത ആ നായകന്റെ കണ്ണു നിറഞ്ഞിരുന്നെങ്കിൽ നമുക്ക് ഊഴിക്കാം എത്രമാത്രം ആ തോൽവി അദ്ദേഹത്തെ വിഷമിപ്പിച്ചിരുന്നുവെന്ന്.. സ്വന്തം ചോരയിൽ പിറന്ന ആ മാലാഖയുടെ മുഖം പോലും നേരിട്ട് കാണാതെ, ഞാൻ നാഷണൽ ഡ്യൂട്ടിയിലാണ് അത് കഴിഞ്ഞേ എനിക്കെന്തുമുള്ളു എന്ന് പറഞ്ഞ ആ മനസുണ്ടെല്ലോ അത് പോലും പലരും ഇന്ന് മറന്നിരിക്കുന്നു……..
2019 വേൾഡ് കപ്പിൽ ഗുപ്ടിലിന്റെ നേരിട്ടുള്ള ത്രോ തകർത്തത് അദ്ദേഹത്തിനെ പോലെ നമ്മളുടെയും സ്വപ്നങ്ങളായിരുന്നു, ആ ദിനവും ആ വിരോധികൾ വിശ്വസിച്ചിരുന്നു മഹി ഞങ്ങളെ കര കയറ്റുമെന്ന്,അതിന് സാധിക്കാതെ താങ്കൾ നടന്നു നീങ്ങിയപ്പോൾ ഇന്ത്യ ഒട്ടാകെ കരയുകയായിരുന്നു, ആ അവസാന നാളിലും നിങ്ങൾ എല്ലാവരുടെയും പ്രതീക്ഷയായിരുന്നു, ഇന്ന് നിങ്ങൾ കളിക്കളത്തിൽ നിന്നകലുകയാണ് ഇനി വീണ്ടുമൊരു തിരിച്ചു വരവ് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ എന്നുമറിയില്ല, പക്ഷെ ഒന്നറിയാം വിരമിക്കൽ മാച്ചു പോലുള്ളൊരു നാടകത്തിനു മഹി വേഷം കെട്ടില്ലെന്ന് അതെ വിമർശകർ വിമർശിക്കട്ടെ അപ്പോഴും ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ പാരഗ്രാഫിൽ മഹേന്ദ്ര സിങ് ധോണി എന്ന ആ നാമം തലയെടുപ്പോടെ നിൽക്കും….