legends Tennis Top News

ടെന്നീസ് കോര്‍ട്ടിലെ റഷ്യന്‍ സൗന്ദര്യം ഷറപ്പോവ വിരമിച്ചു

February 27, 2020

author:

ടെന്നീസ് കോര്‍ട്ടിലെ റഷ്യന്‍ സൗന്ദര്യം ഷറപ്പോവ വിരമിച്ചു

ന്യൂയോര്‍ക്ക്: ടെന്നീസ് കോര്‍ട്ടിലെ മഹാറാണി, മരിയ ഷറപ്പോവ വിരമിച്ചു. 32-ാം വയസിലാണ് റഷ്യന്‍ ഇതിഹാസ താരം ഷറപ്പോവയുടെ വിരമിക്കല്‍ പ്രഖ്യാപനം. വോഗ്, വാനിറ്റി ഫെയര്‍ മാസികകള്‍ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് വിരമിക്കല്‍ കാര്യം ഷറപ്പോവ വെളിപ്പെടുത്തിയത്. നിലവില്‍ ലോക റാങ്കിങ്ങില്‍ 373 ആം സ്ഥാനത്താണ് ഷറപ്പോവയുള്ളത്. തുടരെയുള്ള പരിക്കുകളാണ് ടെന്നീസില്‍നിന്നു വിരമിക്കാനുള്ള തീരുമാനത്തിന് പിന്നില്‍. തോളിനേറ്റ പരിക്കു മുന്‍നിര്‍ത്തി കഴിഞ്ഞ വര്‍ഷം ടെന്നീസ് സജീവമായിരുന്നില്ല ഷറപ്പോവ.

2004- ലെ വിംബിള്‍ഡണ്‍ കിരീടമടക്കം അഞ്ചു ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ ഷറപ്പോവയുടെ ഐതിഹാസിക കരിയറിലുണ്ട്. 36 ഡബ്ല്യു.ടി.എ കിരീടങ്ങള്‍ നേടിയ ഷറപ്പോവ 1994 മുതല്‍ അമേരിക്കയില്‍ സ്ഥിരതാമസക്കാരിയാണ്. 2004 -ലാണ് ടെന്നീസ് ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് ഷറപ്പോവ ആഗോളശ്രദ്ധ പിടിച്ചുപറ്റിയത്. 17 ആം വയസ്സില്‍ താരം വിംബിള്‍ഡണ്‍ ഉയര്‍ത്തിയപ്പോള്‍ കായികലോകം അത്ഭുതം പൂണ്ടു.
2005 ഓഗസ്റ്റ് 22-നാണ് ഷറപ്പോവ ആദ്യമായി ലോക ഒന്നാം നമ്പര്‍ താരമായത്. തുടര്‍ന്ന് കരിയറില്‍ അഞ്ചുതവണ ലോക ഒന്നാം നമ്പര്‍ പദവി ഷറപ്പോവ കൈയെത്തിപ്പിടിച്ചു.

2005 -ല്‍ ലോക ഒന്നാം നമ്പര്‍ താരമായി മാറിയ ഷറപ്പോവ തൊട്ടടുത്ത വര്‍ഷം യുഎസ് ഓപ്പണ്‍ കിരീടവും ചൂടി. 2007 -ലാണ് ഷറപ്പോവ പരിക്കിന്റെ പിടിയില്‍ അകപ്പെടുന്നത്. 2008 -ല്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ജയിച്ചതിന് പിന്നാലെ തോളിനേറ്റ പരിക്ക് സങ്കീര്‍ണമായി. ഇതേത്തുടര്‍ന്ന് ആ വര്‍ഷത്തെ യുഎസ് ഓപ്പണും ബെയ്ജിങ് ഒളിമ്പിക്സും റഷ്യന്‍ താരത്തിന് നഷ്ടമായി. 2012 -ല്‍ ഫ്രഞ്ച് ഓപ്പണ്‍ കിരീടം ജയിച്ചതിന് പിന്നാലെയാണ് ടെന്നീസില്‍ കരിയര്‍ ഗ്രാന്‍ഡ് സ്ലാം തികയ്ക്കുന്ന പത്താമത്തെ വനിതയായി ഷറപ്പോവ മാറിയത്.

നിലവില്‍ കരിയര്‍ ഗ്രാന്‍ഡ് സ്ലാം സ്വന്തമാക്കിയ ഏക റഷ്യന്‍ വനിതയാണ് ഇവര്‍. ലോക ടെന്നീസില്‍ കരിയര്‍ ഗ്രാന്‍ഡ് സ്ലാം നേടിയ പത്തു വനിതകളില്‍ ഒരാളെന്ന ബഹുമതിയും ഷറപ്പോവയ്ക്കുണ്ട്. 2012 ലണ്ടന്‍ ഒളിമ്പിക്സില്‍ വെള്ളി മെഡല്‍ കരസ്ഥമാക്കിയതും ഷറപ്പോവയുടെ കിരീടത്തിലെ പൊന്‍തൂവലാണ്. ഇതേവര്‍ഷം ലണ്ടന്‍ ഒളിമ്പിക്സില്‍ താരം വെള്ളി മെഡലും കരസ്ഥമാക്കി. 2014 -ലാണ് ഷറപ്പോവയുടെ രണ്ടാമത്തെ ഫ്രഞ്ച് ഓപ്പണ്‍ കിരീടം.

2016 -ല്‍ ഉത്തേജകമരുന്നു പരിശോധനയില്‍ പിടിക്കപ്പെട്ടതാണ് ഷറപ്പോവയുടെ കരിയറിലെ കരിനിഴല്‍. നിരോധിത പട്ടികയില്‍പ്പെട്ട മെലഡോണിയത്തിന്റെ അംശം ശരീര സാമ്പിളില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് താരത്തെ രണ്ടു വര്‍ഷത്തേക്ക് ലോക ടെന്നീസ് സംഘടന വിലക്കുകയായിരുന്നു. എന്തായാലും ടെന്നീസ് കോര്‍ട്ടിലെ റാണിയുടെ അപ്രതീക്ഷിത പിന്മാറ്റത്തില്‍ ആരാധകര്‍ നിരാശരാണ്.

Leave a comment