Cricket Editorial Top News

വീരം, വിജയം, ഇതു വിരാട ചരിതം

December 7, 2019

author:

വീരം, വിജയം, ഇതു വിരാട ചരിതം

ഇരുപതോവറുകളിൽ 208 റണ്ണുകൾ എന്ന വിജയലക്ഷ്യം ഏതു സാഹചര്യത്തിലും ഭേദിക്കാൻ പ്രയാസമുള്ളതാണ്. എതിരാളികൾ എത്ര ചെറുതായാലും പിച്ച് എത്രമാത്രം ബാറ്റിങ്ങിനെ അനുകൂലിച്ചാലും ആ ലക്ഷ്യം ഉയർത്തുന്ന സമ്മർദ്ദം ടീമിനെ താഴേക്കു വലിക്കും. പക്ഷേ അത്തരം സമ്മർദ്ദം അതിജീവിച്ചു മുന്നേറുന്നവരെ നാം പ്രൊഫഷണലുകൾ എന്നു വിളിക്കും.

അത്തരമൊരു പ്രൊഫഷണൽ റൺ ചേസിനാണ് ഇന്നലെ ഹൈദരാബാദ് രാജീവ്‌ ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ പതിനായിരക്കണക്കിനു കാണികൾ സാക്ഷ്യം വഹിച്ചത്. അതിനു നേതൃത്വം നൽകിയത് നിലവിൽ ലോക ക്രിക്കറ്റിലെ ഏറ്റവും സമ്പൂർണനായ ബാറ്റ്സ്മാൻ വിരാട് കോഹ്ലിയും.

ടോസ് നേടി ബൌളിംഗ് തെരഞ്ഞെടുക്കുമ്പോൾ കോഹ്‌ലിയുടെ മനസ്സിൽ രൂപപ്പെട്ടതും ഒരു വലിയ റൺ ചേസിനെക്കുറിച്ചുള്ള ചിന്തകൾ ആയിരിക്കാം. പക്ഷേ ഒരു കൂറ്റൻ സ്കോറിലേക്കു വിൻഡീസ് സ്കോറിനെ എത്തിച്ചത് ഇന്ത്യൻ ഫീൽഡിങ് ആണെന്നു പറയാതെ വയ്യ. മികച്ച സ്കോർ കണ്ടെത്തിയ എല്ലാ വിൻഡീസ് ബാറ്സ്മാന്മാരും ഇന്ത്യൻ ഫീൽഡർമാരുടെ ഔദാര്യം ആസ്വദിച്ചു. അഞ്ചോളം ക്യാച്ചുകളാണ് അവർ നിലത്തിട്ടത്. നിശ്ചിത ഇരുപതോവർ പൂർത്തിയാകുമ്പോൾ അർധസെഞ്ചുറി നേടിയ ഷിംറോൺ ഹെറ്റമെയ്ർ, വളരെ വേഗം റണ്ണുകൾ അടിച്ചുകൂട്ടിയ ലൂയിസ്, കിങ്, പൊള്ളാർഡ്, ഹോൾഡർ എന്നിവരുടെ മികച്ച ബാറ്ററിങ്ങിന്റെ പിൻബലത്തിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 207 റണ്ണുകൾ നേടി.

ഇന്ത്യൻ ബാറ്റിങ്ങും ശരിയായ ദിശയിലായിരുന്നു സഞ്ചരിച്ചത്. ആദ്യ ഓവറുകൾ മുതൽ ആക്രമിച്ചു കളിച്ച കെ. എൽ രാഹുലിന്റെ പിൻബലത്തിൽ ഇന്ത്യൻ സ്കോർ മൂന്നോവറിൽ മുപ്പതു റണ്ണുകൾ കടന്നു. പക്ഷേ നാലാം ഓവറിൽ പിയറിനെതിരെ സിക്സെർ നേടാനുള്ള ശ്രമത്തിൽ രോഹിത് ശർമ പുറത്തായതോടെ നായകൻ വിരാട് കോഹ്ലി ക്രീസിലെത്തി.

മികച്ച ഒരു ആർക്കിടെക്ട് ഒരു ബിൽഡിങ് എങ്ങനെ പടുത്തുയർത്തുമോ അതുപോലെ,
അങ്ങനെ മാത്രമേ വിരാട് കോഹ്‌ലിയുടെ ഇന്നിംഗ്‌സിനെ വിശേഷിപ്പിക്കാൻ സാധിക്കൂ. മറുവശത്തു രാഹുൽ ഇന്ത്യൻ സ്കോറിനെ വളരെവേഗം മുന്നോട്ടു കൊണ്ടുപോയപ്പോൾ കോഹ്ലി മികച്ച ഒരു ഇന്നിങ്സിനുള്ള അടിത്തറ പാകുകയായിരുന്നു. അതേ സമയം സിംഗിളുകളിലൂടെ കഴിവതും രാഹുലിനു സ്ട്രൈക്ക് നൽകാനും അയാൾ ശ്രദ്ധിച്ചു. ആദ്യ ഇരുപതു പന്തുകളിൽ അയാൾ അത്ര തന്നെ റണ്ണുകളാണ് നേടിയത്. ടി ട്വന്റി മത്സരത്തിൽ ഇരുനൂറിനു മേൽ സ്കോർ പിന്തുടരുന്ന ഒരു ടീമിനെ സമ്മർദ്ദത്തിലാക്കാൻ അതു മതിയാകും. പക്ഷേ ഇത് ടീം ഇന്ത്യയാണ്, ക്രീസിൽ നില്കുന്നത് വിരാട് കോഹ്ലിയാണ്. അയാൾ ആ ഇരുപത്തിരണ്ടു വാരയിൽ നിൽക്കുന്ന ഒരോ നിമിഷവും ഇന്ത്യയുടെ വിജയസാധ്യത കൂടിക്കൊണ്ടേയിരിക്കും.

പതിയെ വിരാട് കോഹ്ലി മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. അറുപത്തിരണ്ടു റണ്ണുകൾ നേടിയ രാഹുൽ പുറത്താകുമ്പോഴേക്കും വിരാട് താളം കണ്ടെത്തികഴിഞ്ഞിരുന്നു. പിന്നീടു ക്രീസിലെത്തിയ ഒരുപക്ഷേ ഇന്ത്യൻ ടീമിൽ ഏറ്റവുമധികം സമ്മർദ്ദം അനുഭവിക്കുന്ന ഋഷഭ് പന്തിനു സ്വതന്ത്രമായി കളിക്കാൻ സാധിക്കുന്ന തരത്തിൽ വിരാട് ആ റൺ ചേസിനെ പാകപ്പെടുത്തിയിരുന്നു. അതു തന്നെയാകണം ആദ്യ പന്തു മുതൽ ആത്മവിശ്വാസത്തോടെ കളിക്കാൻ പന്തിനെ പ്രേരിപ്പിച്ചതും.

ഇങ്ങനെയൊരു നായകനെ ആരാണ് ആഗ്രഹിക്കാത്തത്?. തന്റെ ടീമംഗങ്ങളെ ഇത്ര മനോഹരമായി സംരക്ഷിക്കുന്ന, വിജയത്തിനായി പല്ലും നഖവും ഉപയോഗിച്ച് പോരാടാൻ മടിക്കാത്ത ഒരു നായകനെ. നായകന്റെ മെച്ചുരിറ്റിയ്ക്കൊപ്പം അടങ്ങാത്ത വിജയദാഹം പ്രകടിപ്പിക്കുന്ന ഒരു യുവബാറ്റസ്മാനെയും നാം ക്രീസിൽ ദർശിച്ചു. തന്നെ പ്രകോപിപ്പിക്കാൻ ശ്രമിച്ച പൊള്ളാർഡിന്റെ പന്തിനെ സിക്സിനു പറത്തിയശേഷം തൊടുത്ത ആ ഒരു നോട്ടം, കേസരിക് വില്യംസിനെ എഴുതിത്തള്ളിയ ആ സെലിബ്രേഷൻ. എല്ലാത്തിലും പൂർണമായും വിരാട് ടച് ഉണ്ടായിരുന്നു. ഒടുവിൽ തന്റെ മുൻഗാമിയെപ്പോലെ ഒരു സിക്സിലൂടെ ടീമിനെ വിജയതീരത്തെത്തിച്ചശേഷം അയാൾ തന്റെ ജേഴ്‌സിയ്ക്കു പിന്നിലെ നമ്പറിൽ തൊട്ടുകൊണ്ട് പറയാതെ പറയുകയായിരുന്നു. ഈ പതിനെട്ടാം നമ്പർ കാവലുള്ളിടത്തോളം കാലം ഏതു വൻ സ്കോറിന്റെ ഉയരത്തിനും ഇന്ത്യൻ ടീമിനെ സമ്മർദ്ദത്തിലാക്കാൻ സാധിക്കില്ല.

മത്സരശേഷം അഭിമുഖത്തിൽ താൻ നേരിട്ട ആദ്യ ഇരുപതു പന്തുകളെ ഒരു യുവ ബാറ്സ്മാനും ഉദാഹരണമാക്കരുത് എന്നായിരുന്നു വിരാട് വിശദീകരിച്ചത്. അതേ, വിരാട് കോഹ്ലി ഒരു പാഠപുസ്തകമാണ്. രാജ്യത്തെ മാത്രമല്ല ലോകത്തിലെ തന്നെ ഉയർന്നുവരുന്ന ഒരോ കളിക്കാരനും അയാൾ ഒരുദാഹരണമാണ്. അതുകൊണ്ടുതന്നെയാണ് കാല, ദേശഭേദമന്യേ ക്രിക്കറ്റ്‌ അയാളുടെ ഒരോ പ്രകടനത്തെയും ആരാധനയോടെ ഉറ്റുനോക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *