Cricket Editorial legends Top News

ബോബ് വില്ലിസ് വിട പറയുമ്പോൾ

December 5, 2019

author:

ബോബ് വില്ലിസ് വിട പറയുമ്പോൾ

ബോബ് വില്ലിസിന്റെ വേഗം ഇംഗ്ലണ്ടിനു നേടിക്കൊടുത്ത മത്സരങ്ങൾ ഏറെയുണ്ട്. ആറടി ആറിഞ്ചു പൊക്കമുള്ള അയാളുടെ കൈകളിൽ നിന്നും ശരമാരി കണക്കെ വന്ന പന്തുകൾ ബാറ്സ്മാന്മാരുടെ മനസ്സിൽ തീ കോരിയിട്ട കാലം. വേഗം കൊണ്ടു എതിരാളികളെ കീഴടക്കിയ അയാൾ പിന്നീട് ലോകമെമ്പാടുമുള്ള ക്രിക്കറ്റ്‌ പ്രേമികളെ വശീകരിച്ചത് കമെന്ററി ബോക്സിലിരുന്നുകൊണ്ടായിരുന്നു. മനസ്സിൽ ഇംഗ്ലീഷ് ടീമിനോടുള്ള സ്നേഹം ഒരു പടി മുകളിൽ നിന്നിരുന്നതുകൊണ്ടാകാം അയാൾ അവരുടെ നല്ല വിമർശകനായിരുന്നു. അവരുടെ തോൽവികളെ അയാൾ ഇഴ കീറി പരിശോധിച്ചിരുന്നു. എന്നും ക്രിക്കറ്റിനെ പിന്തുടർന്നിരുന്ന ഒരു മഹത്തായ ജീവിതത്തിനാണ് ഇന്നു തിരശീല വീണത്.

വേഗതയായിരുന്നു ബോബ് വിൽസിന്റെ ആയുധം. തന്റെ പ്രത്യേക ബൌളിംഗ് ആക്ഷനുമായി അയാൾ അതിനെ വിദഗ്ദമായി കളത്തിൽ അവതരിപ്പിച്ചിരുന്നു. അക്കാലത്തു തങ്ങളുടെ ശക്തരായ എതിരാളികളായ ഓസ്ട്രേലിയയ്ക്കെതിരെ ഇംഗ്ലണ്ടിന്റെ വജ്രായുധം. ഇയാൻ ബോതവും ബോബ് വില്ലിസും ചേർന്നു പലപ്പോഴും വിഖ്യാതമായ ഓസീസ് നിരയെ കശാപ്പു ചെയ്തിരുന്നു.

ഇരുപത്തിയാറാം വയസ്സിൽ ഇരു കാൽമുട്ടുകൾക്കും ശസ്ത്രക്രിയയ്ക്കു വിധേയനായ ബോബ് ഇംഗ്ലീഷ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരിൽ നാലാമനായതിനു പിന്നിൽ അർപ്പണബോധത്തിന്റെയും പ്രതിഭയുടെയും മറക്കാനാകാത്ത ഒരു ചരിത്രമുണ്ട്. ടീമിന്റെ വിജയമായിരുന്നു അയാൾക്ക് എല്ലാത്തിലും പ്രധാനം. ഇംഗ്ലണ്ട് ദേശീയ ടീം നായകനായിരിക്കെ ന്യൂസിലണ്ടിനെതിരായ മത്സരത്തിൽ പതിവിലധികം സ്ലോവായി ബാറ്റു ചെയ്ത സ്വന്തം ടീമംഗം ജെഫ്രി ബോയ്‌ക്കോട്ടിനെ റണ്ണൗട്ടക്കാൻ കൂടെ ബാറ്റു ചെയ്തിരുന്ന ഇയാൻ ബോതത്തിനോട് വിളിച്ചു പറഞ്ഞ നായകൻ. ക്യാപ്റ്റന്റെ ടീം ഡിക്ലറേഷൻ പോലും ചോദ്യം ചെയ്യപ്പെടുന്ന ഇക്കാലത്തായിരുന്നു ഇത്തരമൊരു പ്രവൃത്തി അദ്ദേഹം ചെയ്തിരുന്നതെങ്കിൽ ബോബ് എത്രയധികം വെറുക്കപ്പെട്ടേനെ.

പക്ഷേ ക്രിക്കറ്റിന് ബോബിനെ വെറുക്കാൻ സാധിക്കില്ല. അത്രയേറെ അയാൾ ക്രിക്കറ്റിനെ സ്നേഹിച്ചിരുന്നു. വിരമിക്കലിനു ശേഷവും ബോബ് വില്ലിസ് മൈതാനത്തോടു വിട പറയാൻ തയ്യാറായില്ല. കമന്ററി ബോക്സിലൂടെ അയാൾ നമ്മോടു കളി പറഞ്ഞു. ലോർഡ്‌സിൽ ഇഷാന്ത് ശർമ ഇംഗ്ളീഷ് ബാറ്റ്സ്മാന്മാരുടെ തലയരിയുമ്പോൾ വില്ലിസ് കമന്ററി ബോക്സിലുണ്ടായിരുന്നു. ഒരു കാലത്തു താൻ ഫലപ്രദമായി ഉപയോഗിച്ചിരുന്ന തന്ത്രം ഇഷാന്ത് കളത്തിൽ അവതരിപ്പിച്ചപ്പോൾ തകർന്നുപോയ ഇംഗ്ലീഷ് ബാറ്റിങ് നിരയെ വിമർശിച്ച ആദ്യ പേരുകാരിൽ ഒന്ന് വില്ലിസിന്റെതായിരുന്നു. ഹെഡിങ്ലേയിൽ വെറും 130 റൺസ് വിജയലക്ഷ്യവുമായി ബാറ്റ് വീശിയ ഓസീസ് നിരയുടെ എട്ടുവിക്കറ്റുകൾ വീഴ്ത്തി ടീമിനു വിജയം സമ്മാനിച്ച അയാളുടെ പന്തുകളോളം തന്നെ മൂർച്ചയേറിയതായിരുന്നു ബോബിന്റെ വാക്കുകളും.

ബോബ് വില്ലിസ് വിട പറയുമ്പോൾ ലോക ക്രിക്കറ്റിനു തന്നെ അതൊരു നികത്താനാകാത്ത നഷ്ടമാണ്. ആദരാഞ്ജലികൾ

Leave a comment