Editorial Foot Ball legends Top News

ആറാം ബാലൺ ഡി ഓറുമായി മെസ്സി

December 4, 2019

author:

ആറാം ബാലൺ ഡി ഓറുമായി മെസ്സി

അംഗീകാരങ്ങൾ ലയണൽ മെസ്സിയെ തേടിയെത്തിക്കൊണ്ടേയിരിക്കുകയാണ്. അയാൾ കാൽപ്പന്തു കൊണ്ടു തീർക്കുന്ന ഇന്ദ്രജാലങ്ങളുടെ ആരാധകരായി മാറിയ ഒരു ജനതയ്ക്കു ചെയ്യാൻ കഴിയുന്ന ഒരേയൊരു കാര്യവും അതുതന്നെയാണ്. അയാളുടെ പ്രകടനങ്ങളെ മതിയാവോളം ആസ്വദിക്കുക, അംഗീകരിക്കുക.

അതുതന്നെയായിരുന്നു ഫ്രഞ്ച് ഫുട്ബോൾ അസോസിയേഷൻ നൽകുന്ന, ഒരുപക്ഷേ ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിനുള്ള ബഹുമതിയായ ബാലൺ ഡി ഓർ പുരസ്‌കാരവേദിയിലും സംഭവിച്ചത്. ആറാം തവണയും ആ പുരസ്‌ക്കാരനിറവിൽ അയാൾ ലോകഫുടബോളിനെ അഭിസംബോധന ചെയ്തപ്പോൾ കാണികളുടെ കണ്ണുകളിലും മനസ്സുകളിലും നിറഞ്ഞത് ലയണൽ മെസ്സി എന്ന കാൽപന്തുകളിയുടെ മിശിഹായോടുള്ള ആരാധനയായിരുന്നു.

ലോകകപ്പിലും കോപ്പ അമേരിക്കയിലും മെസ്സി തീർത്തും നിറം മങ്ങിയതോടെ അയാളുടെ കാലം കഴിഞ്ഞുവെന്നു വിധിയെഴുതിയവരുണ്ടാകാം. സീസൺ തുടക്കത്തിൽ അയാൾക്കേറ്റ പരിക്കുകൾ
പ്രായം മെസ്സിയുടെ കാലുകൾക്കു വിലങ്ങു തീർക്കുന്നതായി ചിന്തിക്കാൻ അവരെ പ്രേരിപ്പിച്ചു. പക്ഷേ എത്ര പെട്ടന്നാണ് അയാൾ മടങ്ങിവന്നത്?. ലീഗിൽ നിലയുറപ്പിക്കാൻ പാടുപെട്ട ബാഴ്‌സലോണയെ അയാൾ എത്ര വേഗമാണ് വീണ്ടും ഒന്നാമതെത്തിച്ചത്?. ലയണൽ മെസ്സി എന്ന കാൽപന്തുകളിക്കാരന്റെ കാലം അത്ര പെട്ടന്നു കഴിയുകയില്ലയെന്ന് അയാൾ തന്റെ പ്രകടനങ്ങളിലൂടെ ലോകത്തോടു വിളിച്ചു പറയുകയായിരുന്നു.

ഏറെ അസാധാരണമല്ലാത്ത ഒരു സീസൺ.

കഴിഞ്ഞ സീസൺ ലയണൽ മെസ്സിയെന്ന ഫുട്ബോൾ താരത്തിന് അതു മാത്രമായിരുന്നിരിക്കാം. പക്ഷേ അയാളെ അറിയുന്ന, സ്നേഹിക്കുന്ന ഒരുപാടു പേർക്ക് അത് ആശ്വാസത്തിന്റേതായിരുന്നു. ഏതു വിഷമഘട്ടത്തിലും ഒരു മഴവില്ലു വിരിച്ചു തങ്ങളെ സന്തോഷിപ്പിക്കാൻ കെൽപുള്ള തങ്ങളുടെ രാജകുമാരൻ ഇനിയും കഥാവശേഷനായിട്ടില്ല എന്നതിന്റെ തെളിവായിരുന്നു അവർക്കു 2019-20 സീസൺ.

ഈ വർഷം ഒന്നിലധികം തവണ ഫുട്ബോൾ ലോകത്തിന്റെ അംഗീകാരം മെസ്സിയെ തേടിയെത്തിയിരുന്നു. ഫിഫയുടെ ഏറ്റവും മികച്ച പ്ലേ മേക്കർക്കുള്ള പുരസ്‌കാരം, യൂറോപ്പിലെയും സ്പെയിനിലെയും ടോപ് സ്‌കോറർ, ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫുട്ബോൾ ഹിസ്റ്ററി ആൻഡ് സ്റ്റാറ്റിക്സ്ന്റെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിനുള്ള ബഹുമതി. അങ്ങനെ എണ്ണമറ്റ പുരസ്‌കാരങ്ങൾ അയാളെ തേടിയെത്തി. ഒടുവിലിതാ ആറാം തവണയും ബാലൺ ഡി ഓർ പുരസ്‌കാരം അയാളുടെ കൈകളിലേക്കെത്തിയിരിക്കുന്നു

ലോകത്തിലേറ്റവും മികച്ച ഫുട്ബോൾ കരിയറുകളിൽ ഒന്നിന്റെ അവസാനപാദത്തിലേക്ക് താൻ പ്രവേശിച്ചിരിക്കുന്നുവെന്ന ലയണൽ മെസ്സിയുടെ പ്രഖ്യാപനം ഒരുപക്ഷേ ആരാധകർക്കു വിഷമം സമ്മാനിച്ചേക്കാം. പക്ഷേ തങ്ങളുടെ ആരാധ്യപുരുഷന്റെ വിജയം അവർ ആഘോഷിക്കുകയാണ്. ലയണൽ ആന്ദ്രയോസ് മെസ്സി എന്ന കാൽപന്തുകളിക്കാരന്റെ കരിയറിലെ ഒരോ നിമിഷവും ആഘോഷിക്കപ്പെടേണ്ടതാണെന്ന തിരിച്ചറിവാകാം അതിനു കാരണം.

Leave a comment