Athletics Editorial legends Top News

മഖൻ സിംഗ്; കാലം മറന്ന ഇന്ത്യൻ വിസ്മയം

October 17, 2019

author:

മഖൻ സിംഗ്; കാലം മറന്ന ഇന്ത്യൻ വിസ്മയം

1962 ദേശീയ ഗെയിംസിലെ 400 മീറ്റർ മത്സരത്തിനുള്ള വിസിൽ മുഴങ്ങി. ഇന്ത്യൻ അത്ലറ്റിക്സിലെ അതികായനായ മിൽഖാ സിങിന്റെ സാന്നിധ്യമാണ് ആ മത്സരത്തെ ശ്രദ്ധേയമാക്കുന്നത്. പക്ഷേ
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ മിൽഖയുടെ ഇടതുവശത്തുകൂടി മറ്റൊരു ചെറുപ്പക്കാരൻ കുതിച്ചു കയറുന്ന കാഴ്ച കണ്ട കാണികൾകു അവരുടെ കണ്ണുകളെ വിശ്വസിക്കാനായില്ല. നിലക്കാത്ത കരഘോഷങ്ങളുടെ അകമ്പടിയോടെ ആ ചെറുപ്പക്കാരൻ മിൽഖയെ പിന്തള്ളി ഒന്നാമതായി ഫിനിഷിങ് ലൈൻ കടന്നു. അതെ, ചരിത്രത്തിലാദ്യമായി പറക്കും സിങ് എന്ന മിൽഖാ സിങ് ഒരു ഇന്ത്യക്കാരനാൽ തോല്പിക്കപ്പെട്ടിരിക്കുന്നു. അവിശ്വസനീയമായ വിജയം കൈപിടിയിലൊതുക്കിയ ആ ചെറുപ്പക്കാരന്റെ പേര് ഗാലറി മുഴുവനും അലയടിച്ചു, “മഖൻ സിംഗ്”.ഏറ്റവും കൂടുതൽ അവഗണനയേറ്റുവാങ്ങിയ ഇന്ത്യൻ കായികതാരം.

1937 ജൂലൈ മാസം ഒന്നാം തീയതി പഞ്ചാബിലെ ഹോഷിയാർപുർ ജില്ലയിലെ ബാത്തുള്ള ഗ്രാമത്തിലാണ് മഖൻ ജനിച്ചത്. 1959 കട്ടക്ക് ദേശീയഗെയിംസിൽ സർവീസസിന് വേണ്ടി 300 മീറ്ററിൽ വെങ്കലമെഡൽ നേടി കായികജീവിതം തുടങ്ങിയ മഖൻ 1962ൽ മിൽഖയെ തോല്പിച്ചതോടെയാണ് ദേശീയ ശ്രദ്ധനേടുന്നത്. ആ വർഷം നടന്ന ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച മഖൻ 4×400 മീറ്റർ റിലേയിൽ സ്വർണവും, 400 മീറ്ററിൽ വെള്ളിമെഡലും നേടി.

ദേശീയ തലത്തിൽ 1959 മുതൽ 64 വരെ അഞ്ചു വർഷം മാത്രം നീണ്ട തന്റെ കരിയറിൽ 12 സ്വർണവും 3 വെള്ളിയും ഒരു വെങ്കലവുമടക്കം 16 മെഡലുകൾ മഖൻ വാരിക്കൂട്ടി. 1964 ടോകിയോ ഒളിംപിക്സിൽ 4×100 മീറ്റർ, 4×400 മീറ്റർ റിലേ മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച മഖൻ പിന്നീടു അന്താരാഷ്ട്ര മത്സരരംഗത്തു നിന്നും വിരമിച്ചു. അതേ വർഷം തന്നെ അദ്ദേഹത്തിന് അർജുന അവാർഡും ലഭിച്ചു.

കടുത്ത സാമ്പത്തിക പരാധീനത തന്നെയായിരുന്നു കളിക്കളത്തോട് വിടപറയാൻ മഖനെ പ്രേരിപ്പിച്ചത്. സൈന്യത്തിൽ നിന്നും സുബേദാറായി വിരമിച്ച അദ്ദേഹം ഒരു ട്രക്ക് ഡ്രൈവറായി ജോലി നോക്കാൻ നിർബന്ധിതനായി. സ്വന്തം ഗ്രാമത്തിലുള്ളവർക്കുപോലും അദ്ദേഹം ഒരു അർജുന അവാർഡ് ജേതാവായ കായികതാരമാണെന്നു അറിവുണ്ടായിരുന്നില്ല. വിവാഹത്തിന് ദിവസങ്ങൾ മാത്രം മുൻപ് ഒരു പഴയ പത്രത്തിലെ സ്പോർട്സ് വാർത്തയിൽ നിന്നുമാണ് അദ്ദേഹത്തിന്റെ ഭാര്യ പോലും മഖനിലെ കായികതാരത്തെ തിരിച്ചറിഞ്ഞത്.

“കാലങ്ങൾക്കു ശേഷം ഒരിക്കൽ അദ്ദേഹം ഒരു പഴയകാല ചിത്രം കാണിച്ചുതന്നു. ഫിനിഷിങ് പോയിന്റിലേക്കു കുതിക്കുന്ന ഒരു അത്‌ലിറ്റ പിറകിലേക്കു തല തിരിച്ചു തന്റെ എതിരാളികളെ നോക്കുന്ന ചിത്രമായിരുന്നു അത്. അതിൽ കാണുന്ന അത്‌ലിറ്റ എന്റെ ഭർത്താവാണെന്നു മനസ്സിലായപ്പോൾ ഞാൻ വിതുമ്പുകയായിരുന്നു. അതിലേറെ ഞാൻ അത്ഭുതപ്പെട്ടത് അദ്ദേഹത്തിനു പിന്നിലുള്ള താരം സാക്ഷാൽ മിൽഖാ സിംഗാണെന്നു മനസ്സിലാക്കിയപ്പോഴാണ്.” മഖന്റെ പത്നി സുരീന്ദർ കൗറിന്റെ വാക്കുകളാണിത്.

തന്നെ ഏറ്റവും കൂടുതൽ ഭയപ്പെടുത്തിയ എതിരാളി എന്നു സാക്ഷാൽ മിൽഖ പോലും വിശേഷിപ്പിച്ച മഖന്റെ ജീവിതസായാഹ്നം ദുരിതപൂര്ണമായിരുന്നു. 1990ൽ നടന്ന ഒരു വാഹനാപകടത്തിൽ അദ്ദേഹത്തിന്റെ വലതുകാൽ മുറിച്ചുമാറ്റേണ്ടി വന്നു. അതോടെ ജോലി ഉപേക്ഷിക്കേണ്ടി വന്ന മഖനു തുണയായത് മിൽഖ തന്നെയായിരുന്നു. മിൽഖയുടെ സാമ്പത്തിക സഹായത്താൽ ഒരു മണ്ണെണ്ണ ഡിപ്പോ തുടങ്ങിയ മഖന്റെ മൂത്ത മകൻ വെറും 14 വയസ്സുള്ളപ്പോൾ രോഗം ബാധിച്ചു മരണമടഞ്ഞു. കൊടിയ ദാരിദ്ര്യത്തിലായിരുന്ന അദ്ദേഹത്തിന് തന്റെ മകനു ശരിയായ രീതിയിലുള്ള വൈദ്യസഹായമെത്തിക്കാൻ സാധിച്ചിരുന്നില്ല. 2002 ജനുവരി 21ആം തീയതി തന്റെ 64ആം വയസ്സിൽ മഖൻ സിംഗ് ലോകത്തോടു വിടപറഞ്ഞു.

മഖന്റെ മരണശേഷം അദ്ദേഹത്തിന്റെ കുടുംബം കൂടുതൽ ദുരിതങ്ങളിലേക്കു കൂപ്പുകുത്തി. 2009ൽ അദ്ദേഹത്തിന്റെ രണ്ടാമത്തെ മകനും അകാലചരമമടഞ്ഞു. ഒടുവിൽ നിത്യവൃത്തിക്കായി മഖനു ലഭിച്ച അർജുന അവാർഡ് ശിൽപം വിൽക്കുവാൻ പോലും അദ്ദേഹത്തിന്റെ ഭാര്യ നിര്ബന്ധിതയായി. ഈ വാർത്തയറിഞ്ഞ മിൽഖ തന്റെ സ്വാധീനമുപയോഗിച്ചു സർക്കാരിൽ നിന്നും പെട്രോളിയം വകുപ്പിൽ നിന്നും മഖന്റെ കുടുംബത്തിനു ധനസഹായം ലഭ്യമാക്കുകയും അദ്ദേഹത്തിന്റെ ഇളയ മകനു സർക്കാർ ജോലി നേടിക്കൊടുക്കുകയും ചെയ്തു.

രണ്ടാമതെത്തിയവനെ കാലം ഓർകുകയില്ലെന്നാണ് പഴമൊഴി. എന്നാൽ രാജ്യത്തെ ഏറ്റവും വേഗതയേറിയ താരത്തെ പ രാജയപ്പെടുത്തി ഒന്നാമതെത്തിയിട്ടും ഇന്ത്യയുടെ കായികചരിത്രത്തിൽ നിന്നും വിസ്മരിക്കപ്പെട്ടുപോയ നിർഭാഗ്യവാനായ കായികതാരമാണ് മഖൻ. ചോർന്നൊലിക്കുന്ന വീട്ടിൽ ചെറിയ കാർഡ്ബോർഡ് പെട്ടിക്കുള്ളിൽ അദ്ദേഹത്തിന്റെ ഭാര്യ ഇപ്പോഴും സൂക്ഷിച്ചിരിക്കുന്ന ഒരു പിടി മെഡലുകൾ മാത്രമാണ് അദ്ദേഹത്തിന്റെ പ്രതിഭയുടെ തെളിവായി ഇന്ന് അവശേഷിക്കുന്നത്. ഇന്ത്യൻ കായികരംഗത്ത്‌ ഒരു സുവർണ താരകമായി ഉദിച്ചുയർന്നു നിർഭാഗ്യവശാൽ എങ്ങുമെത്താനാകാതെ പോയ ആ പ്രതിഭാധനന്റെ ദുർവിധി ഭാവിയിൽ മറ്റൊരു കായികതാരത്തിനുമുണ്ടാകരുതേയെന്നു പ്രാർത്ഥിക്കാം…

Syam..

Leave a comment

Your email address will not be published. Required fields are marked *