Editorial Foot Ball Top News

തുടർതോൽവികൾ; മിലാൻ പരിശീലകന്റെ തൊപ്പി തെറിക്കുമോ?.

September 30, 2019

author:

തുടർതോൽവികൾ; മിലാൻ പരിശീലകന്റെ തൊപ്പി തെറിക്കുമോ?.

എ.സി മിലാനിപ്പോൾ മോശം സമയമാണ്.

കഴിഞ്ഞ എട്ടു പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശം കാലഘട്ടത്തിലൂടെയാണിപ്പോൾ മുൻ സീരി എ ചാമ്പ്യന്മാരുടെ യാത്ര. 1939നു ശേഷം ലീഗിലെ ആദ്യ ആറിൽ നാലു മത്സരങ്ങളും തോൽക്കുന്നത് ഇതാദ്യം. അയൽക്കാരും ബദ്ധവൈരികളുമായ ഇന്റർ മിലാൻ മികച്ച പ്രകടനവുമായി ലീഗിൽ ഒന്നാം സ്ഥാനത്തു നിൽക്കുമ്പോഴാണ് എ.സി. മിലാന്റെ ഈ ദുരവസ്ഥ.

കഴിഞ്ഞ സീസണിൽ താരതമ്യേന ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും യുവേഫ ചാംപ്യൻസ് ലീഗിൽ സ്ഥാനം നേടാൻ കഴിയാഞ്ഞ മുഖ്യ പരിശീലകൻ ഗട്ടൂസോയെ പുറത്താക്കി മാർക്കോ ഗിയാംപോളോയുടെ ശിക്ഷണത്തിലാണ് മിലാൻ സീസണു തുടക്കമിട്ടത്. പക്ഷേ തുടർ തോൽവികൾ ഗിയാംപോളോയുടെ ഭാവിയ്ക്കുമുകളിലും കരിനിഴൽ പടർത്തുകയാണ്. കഴിഞ്ഞ ദിവസം ഫിയോറെന്റീനയോടേറ്റ തോൽവിയോടെ ആറു മത്സരങ്ങളിൽനിന്നും അത്ര തന്നെ പോയിന്റുമായി ലീഗിൽ പതിനാറാം സ്ഥാനത്താണ് മിലാൻ.

ഫ്രാങ്ക് റിബറിയെന്ന മുപ്പത്തിയാറുകാരനു മുന്നിലാണ് കഴിഞ്ഞ ദിവസം മിലാൻ അടിയറവു പറഞ്ഞത്. കളം നിറഞ്ഞു കളിച്ച റിബറി പതിനാലാം മിനുറ്റിൽ നേടിക്കൊടുത്ത പെനാൽറ്റിയിലൂടെയാണ് ഫിയോറന്റീന അക്കൗണ്ട് തുറന്നത്. ടീമിന്റെ മൂന്നാം ഗോൾ നേടിയ റിബറിയെ ഫൗൾ ചെയ്തതിനു മിലാൻ താരം മുസാഷ്യോ ചുവപ്പുകാർഡ് നേടുകകൂടി ചെയ്തതോടെ സ്വന്തം മൈതാനത്തിലെ മിലാന്റെ പതനം പൂർത്തിയായി. നിലയ്ക്കാത്ത കരഘോഷങ്ങളുടെ അകമ്പടിയോടെയാണ് സാൻസീറോ റിബറിയെയും ഫിയോറെന്റീനയെയും യാത്രയാക്കിയത്.

മറുവശത്താകട്ടെ ദയനീയ തോൽവി ഏറ്റുവാങ്ങിയ മിലാൻതാരങ്ങളുടെ പ്രകടനങ്ങൾക്കുനേരെ പലപ്പോഴും ഗാലറിയിൽ നിന്നും കൂക്കുവിളികൾ ഉയർന്നിരുന്നു. പ്രതിഭാധനരായ താരങ്ങളെ ബെഞ്ചിലിരുത്തി മോശം പ്രകടനം കാഴ്ചവെക്കുന്ന കളിക്കാരെ വീണ്ടും വീണ്ടും പരീക്ഷിക്കുന്ന ഗിയാംപോളോയുടെ നീക്കങ്ങളെയും ആരാധകർ നിശിതമായി വിമർശിക്കുവാൻ തുടങ്ങിയിരിക്കുന്നു.

വെറും ഏഴു മത്സരങ്ങൾ മാത്രമേ കഴിഞ്ഞുള്ളൂവെങ്കിലും ഗിയാംപോളോയുടെ തലയ്ക്കുമേൽ പുറത്താക്കലിന്റെ വാൾ തൂങ്ങിക്കഴിഞ്ഞുവെന്നാണ് മിലാനിൽ നിന്നുള്ള റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. യുക്രൈൻ ഇതിഹാസം ആന്ദ്രേ ഷെവ്ചെങ്കോയെ പരിശീലനസ്ഥാനം വാഗ്ദാനം ചെയ്തുകൊണ്ട് മിലാൻ അധികൃതർ സമീപിച്ചു കഴിഞ്ഞു. ഔദ്യോഗിക തീരുമാനം പുറത്തു വന്നിട്ടില്ലെങ്കിലും ഗിയാംപോളോ സീസൺ പൂർത്തിയാക്കില്ലെന്ന ഏതാണ്ടുറപ്പായികഴിഞ്ഞിരിക്കുന്നു.

അദ്‌ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ ഈ വാരാന്ത്യം ജെനോവയുമായി നടക്കുന്ന മത്സരം മിലാൻ മാനേജർ കുപ്പായത്തിൽ ഗിയാംപോളോയുടെ അവസാന മത്സരമായേക്കും. അദ്‌ഭുതം സൃഷ്ടിച്ചു തങ്ങളുടെ പരിശീലകന്റെ ഭാവി മാറ്റിയെഴുതാൻ മിലാൻ കളിക്കാർക്കു സാധിക്കുമോയെന്നാണ് ഇറ്റാലിയൻ ഫുട്ബോൾ ഉറ്റുനോക്കുന്നത്.

Leave a comment