Cricket legends Stories Top News

ജോണ്ടി റോഡ്സിന്റെ മുൻഗാമി , ലാറ 400നു കടപ്പെട്ടവൻ !!

September 29, 2019

ജോണ്ടി റോഡ്സിന്റെ മുൻഗാമി , ലാറ 400നു കടപ്പെട്ടവൻ !!

1986 ,ഷാർജ ചാംപ്യൻസ് ട്രോഫിയിലെ ഒരു ഏകദിന മത്സരം .മത്സരിക്കുന്നത് പാകിസ്ഥാനും വെസ്റ്റ് ഇൻഡീസും .ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 143 റണ്ണിന് പുറത്താകുന്നു. വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസ് 1 വിക്കറ്റു മാത്രം നഷ്ടപ്പെടുത്തി 9 വിക്കറ്റ് ജയം നേടുന്നു. കളിക്കു ശേഷമുള്ള അവാർഡ് ദാന ചടങ്ങിൽ ഒരു ചെറു പുഞ്ചിരിയോടെ ഒരു ചെറുപ്പക്കാരൻ നടന്നു വരുന്നു .അന്നോളമുള്ള ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ഒരു റണ്ണ് പോലും എടുക്കാതെ ,ഒരു വിക്കറ്റ് പോലും നേടാതെ മാൻ ഓഫ് ദ മാച്ച് ബഹുമതി ഏറ്റു വാങ്ങുന്ന ആദ്യ കളിക്കാരൻ എന്നതിന്റെ അഭിമാനമാണോ അതോ ഗർവാണോ ആ മുഖത്ത് എന്ന് പിടി കിട്ടുന്നില്ല.

അതെ ലോക ക്രിക്കറ്റിന്റെ ചരിത്ര പുസ്തകത്തിൽ ആദ്യമായിട്ടാണ് ഒരു കളിയിൽ റൺസ് നേടാതെ ,വിക്കറ്റ് നേടാതെ ,ക്യാപ്റ്റൻസി മികവിന്റെതല്ലാതെ ഒരു മനുഷ്യൻ ഒരു കളിയിലെ “Man of the Match ” ആകുന്നത് .ഫീൽഡിങിനെ ഒരു മൂന്നാംകിടയായി മാത്രം കണ്ടിരുന്ന 80 കളിൽ മാസ്മരിക ഫീൽഡിങിലൂടെ 3 ക്യാച്ചുകൾ എടുത്തത് കൂടാതെ 2 തകർപ്പൻ റണ്ണൗട്ടുകളും ആയി
കളം വാണതിനു പുറമെ ഫീൽഡിൽ ഒരു ഡസനോളം റണ്ണുകളും തടഞ്ഞ ഇദ്ദേഹം ഫീൽഡിങ് പ്രകടനത്തിലൂടെ മാത്രം Man of the match ആയ ആദ്യ സംഭവമാണ് മുകളിൽ പറഞ്ഞത് .

1992 ൽ ജോണ്ടി റോഡ്സ് തരംഗം സൃഷ്ടിച്ച ഫീൽഡിങ് മികവിന്റെ ആദ്യ പതിപ്പായ ” അഗസ്റ്റിൻ ലോറൻസ് ലോഗി ” എന്ന “ഗസ് ലോഗി ” തന്റെ കാലഘട്ടത്തിലെ ഏറ്റവും മികച്ച ഫീൽഡറെന്ന നിലയിൽ ശ്രദ്ധേയനായിരുന്നു .മറ്റു വിൻഡീസ് താരങ്ങളെ പോലെ ഭീമാകാരമായ ഒരു ശരീരഭാഷ ഇല്ലാതിരുന്ന ഗസ് ലോഗിക്ക് തന്റെ കരിയറിൽ ബാറ്റിങ് രംഗത്ത് അത്ര ശോഭിക്കാൻ പറ്റിയില്ലെങ്കിലും കട്ട് ഷോട്ടുകളും പുൾ ഷോട്ടുകളും കളിക്കുന്നതിൽ അദ്വിതീയനായിരുന്നു .കൂടാതെ കണ്ണഞ്ചിപ്പിക്കുന്ന ഫീൽഡിങ് പ്രകടനത്തിലു ടെ അസാധ്യമായ ആംഗിളുകളിൽ നിന്നു പോലും സ്റ്റംപ് എറിഞ്ഞു വീഴ്ത്തുന്ന മെയ് വഴക്കവും ലോഗിയുടെ പ്രത്യേകത ആയിരുന്നു .പാകിസ്ഥാനെതിരെ മേൽ സൂചിപ്പിച്ച മത്സരത്തിൽ 80 കളിലെ മികച്ച റണ്ണർ എന്ന് അതിനോടകം പേരെടുത്ത സൂപ്പർ താരം മിയാൻദാദിനെ ഒരു സ്റ്റംപ് മാത്രം ലക്ഷ്യം വെച്ച് ത്രോ ചെയ്ത റണ്ണൗട്ട് ആക്കിയ ആ ഒരൊറ്റ പ്രകടനം മാത്രം മതി ലോഗി ഫീൽഡിങ് മികവിൽ എന്തായിരുന്നു എന്നതിന്റെ നേർസാക്ഷ്യം .

ക്ലൈവ് ലോയ്ഡ്, വിവിയൻ റിച്ചാർഡ്സ് ,ഗ്രീനിഡ്ജ്, ഹെയ്ൻസ് എന്നീ അതികായർ നിറഞ്ഞ വിൻഡീസിന്റെ എക്കാലത്തെയും മികച്ച ടീമിനൊപ്പം കളിച്ച ഈ ട്രിനിഡാഡുകാരന്റെ ബാറ്റിങ് അസ്ഥിരത റിച്ചി റിച്ചാർഡ്സണിന്റേയും കാൾ ഹൂപ്പറുടെയും വരവോടെ ടെസ്റ്റ് ടീമിലെ സ്ഥാനം ഭീഷണിയായെങ്കിലും ഫീൽഡിങ് മികവ് ഏകദിനത്തിൽ കുറച്ചു കാലത്തേക്കെങ്കിലും ടീമിന്റെ അവിഭാജ്യ ഘടകമാക്കി.

ഫീൽഡിങ് മികവിലാണ് പേരെടുത്തതെങ്കിലും എടുത്തു പറയത്തക്ക ചില ബാറ്റിങ് പ്രകടനങ്ങളും ലോഗിയുടെ കരിയറിൽ ഉണ്ടായിട്ടുണ്ട് .തന്റെ അരങ്ങേറ്റ ടെസ്റ്റിൽ ഇന്ത്യക്കെതിരെ വിൻഡീസിന് ജയിക്കാൻ 26 ഓവറിൽ 172 റൺസ് ലക്ഷ്യമിട്ട് ഒടുവിൽ 4 പന്ത് ബാക്കി നിൽക്കെ വിൻഡീസ് ജയിച്ച കളിയിൽ 36 പന്തിൽ 61 റണ്ണടിച്ച് വിജയശില്പി ആയത് വിവ് റിച്ചാർഡ്സ് ആയിരുന്നെങ്കിലും റിച്ചാർഡ്സ് പുറത്തായ ശേഷം വന്ന ലോഗി നേരിട്ട ആദ്യ പന്തിൽ തന്നെ മൊഹീന്ദർ അമർനാഥിനെ സിക്സർ പറത്തി മാച്ചിൽ 16 റണ്ണടിച്ച് ശ്രദ്ധ പിടിച്ചു പറ്റി .

1989-90 ൽ ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റിൽ 27/4 എന്ന നിലയിൽ നിന്നും ഒടുവിൽ 199 ന് വിൻഡീസ് പുറത്തായ കളിയിൽ ലോഗി നേടിയത് 139 പന്തിൽ 98 റൺസ് .അരങ്ങേറ്റ ടെസ്റ്റിൽ 16 വിക്കറ്റുമായി ലോക റെക്കോർഡ് തീർത്ത ഹിർവാനി വിൻഡീസിന്റെ നടുവൊടിച്ച കളിയുടെ അവസാന ഇന്നിങ്സിൽ ലോഗി നേടിയത് 62 പന്തിൽ 67 റൺസ്.
1990-91 ൽ സബീന പാർക്കിൽ ആസ്ട്രേലിയക്കെതിരെ നടന്ന ടെസ്റ്റിൽ ലോകം കണ്ടത് ലോഗിയുടെ മറ്റൊരു മുഖം.മക്ഡർ മട്ടിന്റെ മാരക ബാളിങിൽ വിൻഡീസ് 69/4 എന്ന നിലയിലായ സമയത്ത് 9 റണ്ണുമായി ബാറ്റ് ചെയ്തിരുന്ന ലോഗി മക്ഡർ മട്ടിന്റെ തന്നെ ഒരു പന്ത് ഹുക്ക് ചെയ്യാൻ ശ്രമിച്ചപ്പോൾ പന്തു കൊണ്ടത് മുഖത്തായിരുന്നു .പരിക്കുമായി ഡ്രസ്സിംഗ് റൂമിലേക്ക് തിരിച്ച് പോയ ലോഗി പിന്നീട് വരുന്നത് വിൻഡീസ് സ്കോർ 166/8 എന്ന സമയത്ത്. വലത്തെ കണ്ണിന് മുകളിൽ 8 സ്റ്റിച്ചുമായി ഇറങ്ങിയ ലോഗി ഒടുവിൽ ഇന്നിങ്ങ്സ് അവസാനിച്ചപ്പോൾ നേടിയത് 77 റൺസ് .വിൻഡീസ് 264 ഉം .

ഇംഗ്ലണ്ടിനെതിരെ നടന്ന ഒരു ടെസ്റ്റിൽ വിൻഡീസ് 54 ന് 5 എന്ന നിലയിൽ പരുങ്ങിയ സമയത്ത് ക്രീസിലെത്തിയ ലോഗി അർധ സെഞ്ചുറി തികച്ചപ്പോൾ ആ ഇന്നിങ്സിൽ 12 ബൗണ്ടറികൾ ഉൾപ്പെട്ടിരുന്നു.( 96%). ആ മാച്ചിൽ ലോഗി വാലറ്റക്കാരൊപ്പം ചെറുത്ത നിന്ന് നേടിയ 81 റൺസ് ശ്രദ്ധേയമായിരുന്നു

വിരമിച്ച ശേഷം കോച്ചിങ് രംഗത്ത് സജീവമായ ലോഗി വിൻഡീസ് കോച്ച് ആയും പ്രവർത്തിച്ചു .ബ്രയാൻ ലാറ 400 റൺസടിച്ച ചരിത്ര ടെസ്റ്റിൽ വിൻഡീസിന്റെ കോച്ച് ലോഗി ആയിരുന്നു .ലാറ 300 കഴിഞ്ഞ ശേഷം ടീമിന്റെ വിജയ സാധ്യത മുൻനിർത്തി ഇന്നിങ്സ് ഡിക്ലയർ ചെയ്യണമെന്ന് പല വിധത്തിലും സമ്മർദ്ദമുണ്ടായിരുന്നെങ്കിലും ഒരിക്കൽ നഷ്ടപ്പെട്ട ലോക റെക്കോർഡ് വീണ്ടും വെട്ടിപ്പിടിക്കാനുള്ള അവസരം ലാറയ്ക്ക് നൽകണമെന്നത് ലോഗിയുടെ നിർബന്ധമായിരുന്നു .

2007 ൽ ബർമുഡ ലോകകപ്പിലേക്ക് ക്വാളിഫൈ ചെയ്തതിനും 2003 ൽ ക്യാനഡയുടെ മികച്ച പ്രകടനത്തിനും പിന്നിൽ ഈ പഴയ കാല താരത്തിന്റെ അധ്വാനം ഉണ്ടായിരുന്നു

എഴുതിയത്


ധനേഷ്ദാമോദരൻ

Leave a comment

Your email address will not be published. Required fields are marked *