Hockey legends Stories Top News

ഇന്ന് ഹോക്കി മാന്ത്രികന്റെ ജന്മദിനം, ദേശീയ കായികദിനവും

August 29, 2019

author:

ഇന്ന് ഹോക്കി മാന്ത്രികന്റെ ജന്മദിനം, ദേശീയ കായികദിനവും

നമ്മുടെ സ്വന്തം ഹോക്കി മാന്ത്രികന്റെ ജന്മദിനമാണിന്ന, ദേശീയ കായികദിനവും. അദ്ദേഹത്തിന്റെ ഓര്മകക്കു മുന്നിൽ നമുക്കീ ദിനം സമർപ്പിക്കാം.

ഇന്ത്യ കണ്ട ഏറ്റവും മികച്ച കായിക താരം ആരാണ് എന്നതിന് ഒരുപാട് അഭിപ്രായങ്ങൾ വന്നേക്കാം, പക്ഷെ കണക്കുകൾ നൽകുന്ന ഒരേ ഒരു ഉത്തരം ധ്യാൻ സിംഗ് എന്ന ധ്യാൻ ചന്ദ് മാത്രമാണ്. മൂന്ന ഒളിംപിക്‌ ഗോൾഡ് മെഡലുകൾ, നാനൂറിൽ അധികം ഗോളുകളുമായി ഹോക്കിയിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയതിന്റെ അനൗദ്യോഗിക റെക്കോർഡ് ഇന്നും കൈയാളുന്ന ലെജൻഡ്. ഇപ്പോഴത്തെ ഏത് സ്പോർട്സ് മേഖലയിലുമുള്ള കളിക്കാർക്കും വിശ്വസിക്കാൻ പോലുമാകാത്തതാണ് ധ്യാൻ ചന്ദിന്റെ ഇന്റർനാഷണൽ കരിയർ..

1905 ഓഗസ്റ്റ് 29 നു ആർമി ഉദ്യോഗസ്ഥൻ ആയ സമേശ്വർ സിംഗിന്റെയും ശാരദ സിംഗിന്റെയും മകനായി അലഹബാദിൽ ആണ് ധ്യാൻ ചന്ദ് ജനിച്ചത്. 6ആം ക്ലാസ്സിൽ വച്ചു പഠനം ഉപേക്ഷിച്ച ധ്യാൻ തന്റെ പതിനാറാം വയസിൽ ഇന്ത്യൻ ആർമിയിൽ ചേർന്നു. അവിടെയാണ് ധ്യാൻ തന്റെ ഹോക്കി പരിശീലനം ആരംഭിക്കുന്നത്.1924 നു ശേഷം നടന്ന ഇന്ത്യൻ ആർമി ഹോക്കി ടീമിന്റെ ന്യൂസിലാൻഡ് പര്യടനത്തിൽ മികച്ച പ്രകടനം നടത്തിയ ധ്യാനിനു ലാൻസ് നായിക് ആയി ഉദ്യോഗക്കയറ്റം ലഭിച്ചു.

1928 ഒളിംപിക്സിൽ മത്സരയിനമായി ഹോക്കി ഉൾപെടുത്തിയതോടെ പുതിയ ടീമിനെ വാർത്തെടുക്കാൻ ഇന്ത്യൻ ഹോക്കി ഫെഡറേഷൻ തീരുമാനിക്കുകയും ലണ്ടനിൽ നടന്ന ഫോക്സ്റ്റോൺ ഫെസ്റ്റിവലിൽ പങ്കെടുക്കാൻ ധ്യാൻ അടങ്ങുന്ന ടീമിനെ അയക്കുകയും ചെയ്തു. അവിടെവച്ചു ബ്രിട്ടീഷ് ദേശീയ ടീമിനെ ഇന്ത്യ അടിയറവു പറയിച്ചു. ഈ അപമാനഭാരത്താൽ 1928 ആംസ്റ്റർഡാം ഒളിംപിക്സിന് ബ്രിട്ടൺ ഹോക്കി ടീമിനെ അയച്ചില്ല.

ലോകകായിക ചരിത്രത്തിലെ ഏറ്റവും ദൈർഖ്യമേറിയ അശ്വമേധത്തിന് നാന്ദദി കുറിക്കപ്പെടുകയായിരുന്നു അവിടെ. 5 കളികളിൽ നിന്നും 14 ഗോളുകൾ നേടിയ ധ്യാനിന്റെ മികവിൽ ആതിഥേയരായ ഹോളണ്ടിനെ ഫൈനലിൽ വീഴ്ത്തി ഇന്ത്യ തങ്ങളുടെ ആദ്യ ഒളിമ്പിക്സ് സ്വർണ മെഡൽ വിജയിച്ചു. തങ്ങളുടെ അധീനതയിലുള്ള സൈന്യത്തിലെ ഉദ്യോഗസ്ഥനായിരുന്ന ധ്യാനിനെ മൽസരങ്ങൾക്കായുള്ള അവധി നൽകാതെയാണ് ബ്രിട്ടൺ ഈ വിജയത്തോടു പ്രതികരിച്ചത്. പക്ഷെ IHF ന്റെ സമ്മർദ്ദത്തിന് വഴങ്ങി അവർക്കു ആ തീരുമാനം മാറ്റേണ്ടി വന്നു. അത്രയേറെയായിരുന്നു അദ്ദേഹം കളിക്കളത്തിനോടു കാട്ടിയ പ്രതിബദ്ധത. റയിൽപാളത്തിലൂടെ ദീർഘദൂരം പന്തിനെ ഹോക്കി സ്റ്റിക്ക് കൊണ്ട് നിയന്ത്രിച്ചുകൊണ്ട് ഓടിയാണത്രെ ധ്യാൻ പരിശീലനം നടത്തിയിരുന്നത്.

അന്താരാഷ്ട്ര ഹോക്കിയിൽ ഇന്ത്യയുടെയും ധ്യാനിന്റെയും ജൈത്രയാത്രയായിരുന്നു പിന്നീടങ്ങോട്ട് ലോകം കണ്ടത്. 1932ൽ ഒളിമ്പിക്സ് അടക്കം കളിച്ച എല്ലാ മത്സരങ്ങളും ജയിച്ച ടീമിന് വേണ്ടി 150 ഓളം ഗോളുകളാണ് ഈ നാലുവർഷ കാലയളവിൽ ധ്യാൻ നേടിയത്. എന്നാൽ 1936 ഒളിംപിക്സിൽ ഇന്ത്യക്കു ഒരു വെല്ലുവിളി നേരിടേണ്ടി വന്നു സാക്ഷാൽ ഹിറ്റ്ലറിൻറെ ജർമ്മനി.

ഫൈനലിൽ ഇന്ത്യയെ ആദ്യ പകുതിയിൽ 1 ഗോൾ മാത്രം ലീഡിൽ പിടിച്ചുകെട്ടിയ ജർമ്മനികു പക്ഷെ രണ്ടാം പകുതിയിൽ എട്ടു ഗോളുകളാണ് വഴങ്ങേണ്ടി വന്നത്. ടൂർണമെന്റിലാകെ ഒരു ഗോൾ മാത്രം വഴങ്ങി ഇന്ത്യ ഹാട്രിക് കിരീടനേട്ടം കൈവരിച്ചു. മൂന്നു ഒളിംപിക്സുകളിലായി 33 ഗോളുകളാണ് ധ്യാൻ നേടിയത്.

അടിമത്തത്തിന്റെ തീരാവേദന അനുഭവിച്ചിരുന്ന ഇന്ത്യൻ ജനതയ്ക്ക് ആവേശമാവുകയായിരുന്നു ഇന്ത്യൻ വിജയങ്ങൾ. പ്രാദേശിക ഹോക്കി മത്സരങ്ങളിലും മറ്റും ഇന്ത്യയുടെ ത്രിവർണ പതാകകൾ ഏന്തി എത്തിയ ജനങ്ങൾ അതിനു തെളിവായിരുന്നു.

1956 ൽ സൈന്യത്തിൽ നിന്നും വിരമിച്ച ധ്യാനിന് ഇന്ത്യ പദ്മവിഭൂഷൺ ബഹുമതി നൽകി ആദരിച്ചു. പക്ഷെ കളത്തിനു പുറത്ത് അദ്ദേഹത്തിന്റെ കണക്കുകൾ പിഴച്ചു. സാമ്പത്തികമായി ഒന്നും നേടാതിരുന്ന അദ്ദേഹത്തിനെ ഒരു പ്രാദേശിക ഹോക്കി ടൂർണമെന്റിന്റെ ഗാലറിയിൽ നിന്നും ടിക്കറ്റ് ഇല്ലാത്തതിന് പുറത്താക്കിയ സംഭവം വരെയുണ്ടായിട്ടുണ്ട്. അവസാനകാലം ജന്മദേശമായ ഝാൻസിയിൽ സ്ഥിരതാമസമാക്കിയ അദ്ദേഹം കരൾ സംബന്ധമായ അസുഖം മൂലം 1979 ൽ അന്തരിച്ചു.. അദ്ദേഹത്തിന്റെ ജന്മദിനമായ ഓഗസ്റ്റ് 29 ആണ് നാം കായിക ദിനമായി ആചരിക്കുന്നത്.

2014 ൽ ഭാരതരത്‌ന അവാർഡിന് വേണ്ടി ഇന്ത്യ ഗവണ്മെന്റ് അദ്ദേഹത്തെ പരിഗണിച്ചുവെങ്കിലും പിന്നീട് സച്ചിൻ ടെണ്ടുൽകറിന് നൽകുകയായിരുന്നു.

ചരിത്രത്തിലിതുവരെ ഏതെങ്കിലും കായിക ഇനത്തിൽ ഒരു രാജ്യം ഇത്രയേറെ അധീശത്വം കാഴ്ചവെച്ചിട്ടുണ്ടാകില്ല. അഭിമാനകരമായ ആ നേട്ടം ഇന്ത്യക്കു സമ്മാനിച്ചത് നമ്മുടെ ഹോക്കി മാന്ത്രികനായിരുന്നു.. “well and truly India’s greatest sportsperson ever”.

Leave a comment

Your email address will not be published. Required fields are marked *