Foot Ball Top News

മലയാളി ഗോള്‍കീപ്പര്‍ ടിപി രഹനേഷ് ഇനി മഞ്ഞപ്പടയ്ക്ക് സ്വന്തം

July 25, 2019

author:

മലയാളി ഗോള്‍കീപ്പര്‍ ടിപി രഹനേഷ് ഇനി മഞ്ഞപ്പടയ്ക്ക് സ്വന്തം

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിനു മുന്നോടിയായി കേരള ബ്ലാസ്‌റ്റേഴ്‌സിലേക്കു പുതിയ താരങ്ങൾ എത്തുന്നു. മലയാളി ഗോള്‍കീപ്പര്‍ ടിപി രഹനേഷ് ഇനി മുതൽ മഞ്ഞപ്പടയ്‌ക്കൊപ്പം കളത്തിലിറങ്ങും. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡില്‍ നിന്നാണ് താരം തന്റെ ഹോം ടീമായ ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയിരിക്കുന്നത്. 2015ലെ ഐഎസ്എല്ലിലെ മിന്നും താരമായിരുന്നു കോഴിക്കോട് സ്വദേശി കൂടിയായ രഹനേഷ്. മലയാളിയെന്ന നിലയില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനു വേണ്ടി കളിക്കണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നെന്നും, ബ്ലാസ്‌റ്റേഴ്‌സ് ടീമിന്റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ ആഹ്ലാദമുണ്ടെന്നു രഹനേഷ് പറഞ്ഞു.

സീസണില്‍ ഏറ്റവുമധികം സേവുകള്‍ നടത്തിയ ഗോള്‍കീപ്പറെന്ന ബഹുമതി ഈ 26കാരന്‍ സ്വന്തമാക്കിയിരുന്നു. നാലു മല്‍സരങ്ങളിലാണ് രഹനേഷ് ഗോളൊന്നും വഴങ്ങാതെ കാത്തത്. ഒരു ഇന്ത്യന്‍ ഗോള്‍കീപ്പറുടെ ഏറ്റവും മികച്ച പ്രകടനം കൂടിയാണിത്. ബ്ലാസ്‌റ്റേഴ്‌സ് കോച്ചായ എല്‍ക്കെ ഷെറ്റോരിക്കു കീഴില്‍ നേരത്തേ നോര്‍ത്ത് ഈസ്റ്റിനുവേണ്ടി രഹനേഷ് കളിച്ചിട്ടുണ്ട്.

ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന്റെ ഭാഗമാവുന്നതിനു മുമ്പ് ഈസ്റ്റ് ബംഗാള്‍, മുംബൈ ടൈഗേഴ്‌സ്, ഷില്ലോങ് ലജോങ്, രങ്ദജിയെദ് യുനൈറ്റഡ്, ഒഎന്‍ജിസി എന്നിവര്‍ക്കായി രഹനേഷ് കളത്തിലിറങ്ങിയിട്ടുണ്ട്. 2015-16 സീസണില്‍ ഇന്ത്യയുടെ അണ്ടര്‍ 23 ടീമിന്റെ ഭാഗമായിരുന്ന അദ്ദേഹം 2017ല്‍ സീനിയര്‍ ടീമിനു വേണ്ടിയും കളിച്ചിട്ടുണ്ട്.

Leave a comment