ട്രാൻസ്ഫർ റൂമർസ് : വിൽഫ്രഡ് സാഹ ടു ആർസെനൽ
ഇതുവരെയുള്ള ആര്സെനലിന്റെ സമ്മർ ട്രാൻസ്ഫർ മാർക്കറ്റ് ആരാധകരെ കുറച്ചൊന്നുമല്ല നിരാശപ്പെടുത്തിയിരിക്കുന്നത്. ചിരവൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡ് ടോട്ടൻഹാം ടീമുകൾ വൻ തുക മുടക്കി സൈനിംഗുകൾ നടത്തിയപ്പോൾ ആർസെനൽ ആകെ അന്നൗൻസ് ചെയ്ത ഡീൽ 6മില്യൺ യൂറോയ്ക്ക് ബ്രസീലിയൻ ടീനേജ് താരം ഗബ്രിയേൽ മാർട്ടിനെല്ലിയെ സ്വന്തമാക്കി എന്നത് മാത്രമാണ്. നിരാശരായ ആരാധകർ പരിഹസിച്ചും ദേഷ്യപെട്ടും കൊണ്ട് ക്ലബ് ഒഫീഷ്യൽ പേജിൽ കമ്മെന്റുകളിടുകയും ചെയ്തു. 45മില്യൺ പൗണ്ട് തുക മാത്രമേ ക്ലബിന് ഈ ട്രാൻസ്ഫെറിൽ ചിലവഴിക്കാൻ ഉണ്ടാകൂ എന്ന അഭ്യൂഹങ്ങളും ശ്കതമായിരിക്കവേ ഗൂണേഴ്സിനിടയിൽ പ്രതീക്ഷയോടെ ഉയരുന്ന ഒരു പേരാണ് ക്രിസ്റ്റൽ പാലസ് താരം വിൽഫ്രഡ് സാഹ.

കുട്ടിക്കാലം മുതൽക്കേ താനൊരു ഗണ്ണേഴ്സ് ആരാധകനാണെന്നു പരസ്യമായി പറഞ്ഞിട്ടുള്ള ഈ ഐവറിയൻ താരം നിലവിൽ മികച്ച ഫോമിലാണ്.2018-19 സീസണിൽ പാലസിന് വേണ്ടി 10ഗോളും 5അസിസ്റ്റും സ്വന്തമാക്കി. 40മില്യൺ ഓഫർ ആർസെനാൽ സാഹക്ക് വേണ്ടി സമർപ്പിക്കുകയും ചെയ്തു. എന്നാൽ ആരോൺ വാൻ ബിസകയെ 50മില്യൺ പൗണ്ടിന് യുണൈറ്റഡിന് കൈമാറിയ പാലസ് മാനേജ്മെന്റ് സഹാക്ക് എസ്റ്റിമേറ്റ് ചെയ്തിരിക്കുന്ന വില ഉദ്ദേശം 80മില്യൺ പൗണ്ടാണ്. എന്നാൽ ട്രാൻസ്ഫർ ബഡ്ജറ്റിൽ നല്ലൊരു ശതമാനം തുക കഴിഞ്ഞ സീസണിൽ അമ്പേ പരാജയപ്പെട്ട ഡിഫെൻസ് ശക്തിപ്പെടുത്താൻ ഉപയോഗിക്കേണ്ടിവരും എന്നതിനാൽ മറ്റു കളിക്കാരെ വിൽക്കാതെ നിലവിൽ ആർസെനലിനു ഈ തുക സാധ്യമല്ല. ഈ സീസണിൽ ക്ലബ് വിൽക്കാൻ ഉദ്ദേശിക്കുന്ന മോശം ഫോമിൽ ഉള്ള ഓസിൽ, മിക്കിത്രയൻ എന്നിവർക്ക് ഓഫറുമായി ടീമുകൾ വരാത്തതും തിരിച്ചടിയാണ്.

എങ്കിലും ആര്സെനലിലേക്ക് പോകാൻ അനുവദിക്കണം എന്ന് സാഹ ക്രിസ്റ്റൽ പാലസിനോട് അഭ്യർത്ഥിച്ചതായി പോയ വാരം ചില ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മാത്രമല്ല കൂടുതൽ ഫണ്ട് അനുവദിക്കണം എന്ന ആവശ്യം ക്ലബ് ഉടമയായ സ്റ്റാൻ ക്രൊയേങ്കെയോട് ആർസെനൽ ഡയറക്ടർമാർ ഈ ആഴ്ച നടക്കുന്ന കൂടിക്കാഴ്ചയിൽ ഉന്നയിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഈ ഒരു സാഹചര്യത്തിൽ കൂടുതൽ ഫണ്ട് ആർസെനലിനു ലഭിക്കുന്ന പക്ഷം £60മില്യൺ ഓഫർ നൽകുന്നതിലൂടെ സാഹയെ സ്വന്തമാക്കാൻ കഴിയും എന്നാണ് ഫുട്ബോൾ ലോകം വിലയിരുത്തുന്നത്. ഈ ഡീൽ യാഥാർഥ്യമായാൽ ഈ സീസണിലെ ഏറ്റവും അപകടകാരികളായ ലകാസെറ്റ് -അബാമേയങ്ങ് -സാഹ എന്ന അറ്റാക്കിങ് ത്രയം ആയിരിക്കും നമുക്ക് കാണാൻ കഴിയുക.