ഡി ലിറ്റ് യുവന്റസിലേക്ക് എന്ന് മിനോ റയോള
ഡച്ച് പ്രതിഭാസം മതായിസ് ഡി ലിറ്റ് യുവന്റസിലേക്ക് കൂടു മാറാനുള്ള സാഹചര്യം ഒരുങ്ങി കഴിഞ്ഞിരിക്കുന്നു എന്ന വെളിപ്പെടുത്തലുമായി റയോള. പ്രമുഖ താരങ്ങളുടെയെല്ലാം ട്രാൻസ്ഫർ ഏജന്റ് ആണ് റയോള. താരത്തിന് ആഴ്ചയിൽ രണ്ടു ലക്ഷം ഡോളർ വരുമാനായി നല്കാൻ യുവന്റസ് സമ്മതിച്ചു എന്നാണ് വെളിപ്പെടുത്തൽ. ഇനി അയാക്സുമായി യുവന്റസ് തുകയുടെ കാര്യത്തിൽ തീരുമാനം ആകാനുണ്ട്. 60 മില്യൺ യൂറോ കൊടുത്താൽ അയാക്സ് വഴുങ്ങും എന്നാണ് വിലയിരുത്തൽ. കാരണം കൂടു മാറ്റത്തിനു താരം തയ്യാറാണ്. അങ്ങനെയുള്ള താരത്തിനെ വിട്ടു കാശ് ആക്കാനായിരിക്കും ഇനി അയാക്സ് ശ്രമിക്കുക.
ഇതോടെ താരനിബിഢമായിരിക്കുകയാണ് യുവന്റസ്. കഴിഞ്ഞ സീസണിൽ അവർ സാക്ഷാൽ ക്രിസ്ത്യാനോ റൊണാൾഡോയെ ക്ലബ്ബിൽ എത്തിച്ചിരിക്കുന്നു. ചാമ്പ്യൻസ് ലീഗ് നേടാനാകാത്തതു കൊണ്ട് അല്ലെഗ്രി എന്ന കോച്ചിന്റെ തൊപ്പി കഴിഞ്ഞ പ്രാവശ്യം തിരിച്ചിരുന്നു. ചാമ്പ്യൻസ് ലീഗ് നേടാൻ വേണ്ടി തന്നെയാണ് ചെൽസിയിൽ നിന്നും സർറിയെ കോച്ച് ആയി നിയമിച്ചത്. സർറിയെ കൂടാതെ ആഴ്സണലിൽ നിന്ന് റാംസെ, പി.സ്.ജി. യിൽ നിന്ന് റബിയോയും ബഫ്ഫനും, ചെൽസിയിൽ നിന്ന് ഹിഗ്വൈൻ എന്നീ താരങ്ങളെ ടീമിൽ എത്തിച്ചു കഴിഞ്ഞിരിക്കുന്നു. ഡി ലിറ്റ് കൂടി ആകുമ്പോൾ ബാഴ്സയെയും റയലിനെയും വെല്ലാൻ പറ്റിയ ടീം ആയി യുവന്റസ് മാറും എന്ന് തീർച്ച.