Cricket cricket worldcup Top News

ബൗളർമാരുടെ ദിനം: ഓസ്‌ട്രേലിയക്ക് 86 റൺസിന്റെ വിജയം.

June 30, 2019

author:

ബൗളർമാരുടെ ദിനം: ഓസ്‌ട്രേലിയക്ക് 86 റൺസിന്റെ വിജയം.

ഇംഗ്ലണ്ടിലെ പിച്ചുകളുടെ പ്രവചനാതീതമായ സ്വഭാവം വീണ്ടും കാണിച്ചു തന്ന മത്സരമായിരുന്നു ഇന്നലെ നടന്നത്. നടന്ന 8 മത്സരങ്ങളിൽ 5 ലും സ്കോർ 300 കടന്ന ഗ്രൗണ്ട് ആണ് ലണ്ടനിലെ ലോർഡ്‌സ്. അതിൽ തന്നെ ഓസ്‌ട്രേലിയക്ക് എതിരെ ഇന്ത്യ നേടിയ 352 ഉം സൗത്ത് ആഫ്രിക്കക്കെതിരെ ബംഗ്ലാദേശ് നേടിയ 330 ഉം പെടുന്നു. കൂറ്റൻ സ്കോറുകൾക്ക് പുകൾ പെറ്റ ലോർഡ്‌സ് മൈതാനത്ത് പക്ഷെ ഇന്നലെ കണ്ടത് തീ പാറുന്ന പന്തുകളുടെ കളിയായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച സ്വിങ് ബൗളെർമാരായ ട്രെന്റ് ബൗൾട്ടും മിച്ചൽ സ്റ്റാർകും പരസ്പരം ഏറ്റു മുട്ടിയപ്പോൾ പന്തുകൾ തീഗോളങ്ങളായി. ടൂർണമെന്റിൽ ഉടനീളം മികച്ച ഫോമിൽ ബാറ്റ് ചെയ്തിരുന്ന ഓസ്‌ട്രേലിയൻ ബാറ്റിംഗ് നിരയെ 243 റൺസിൽ ന്യൂസിലാൻഡ് ഒതുക്കിയപ്പോൾ, അതെ നാണയത്തിൽ മറുപടി പറഞ്ഞ ഓസ്‌ട്രേലിയ ന്യൂസിലൻഡിനെ 157 റൺസിന്‌ ചുരുട്ടിക്കെട്ടി. 8 കളികളിൽ നിന്നും 14 പോയിന്റുകളുമായി ഓസ്‌ട്രേലിയ പോയിന്റ് പട്ടികയിൽ ആദ്യ സ്ഥാനത്തു തുടർന്നപ്പോൾ 8 കളികളിൽ നിന്നും 11 പോയിന്റുകളുള്ള ന്യൂസിലാൻഡ് മൂന്നാം സ്ഥാനം നിലനിർത്തി.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയക്ക് മികച്ച ഫോമിലുള്ള രണ്ടു ഓപ്പണര്മാരെയും പെട്ടന്ന് തന്നെ നഷ്ടമായി. പിന്നീട് വന്ന സ്മിത്തിനും സ്റ്റോയ്‌നിസിനും മാസ്‌വെല്ലിനും പിടിച്ചു നിക്കാൻ കഴിഞ്ഞതുമില്ല. 22 ആം ഓവറിൽ 92 റൺസിന്‌ 5 വിക്കറ്റ് എന്ന നിലയിൽ വൻ തകർച്ചയെ നേരിട്ട ഓസ്‌ട്രേലിയയുടെ രക്ഷാപ്രവർത്തനം ഏറ്റെടുത്ത ഉസ്മാൻ ഖവാജയും അലക്സ് കാരിയും അവരുടെ ദൗത്യം ഭംഗിയായി നിർവഹിച്ചു. 43 ആം ഓവറിൽ ആറാം വിക്കറ്റ് കൂട്ടുകെട്ട് പിരിയുമ്പോൾ ഓസ്‌ട്രേലിയൻ സ്കോർ 200 എത്തിയിരുന്നു. ഖവാജ 88 റൺസും കാരി 72 റൺസുമെടുത്തു. അവസാന ഓവറിൽ ട്രെന്റ് ബൗൾട് നേടിയ ഹാട്രിക് വേൾഡ് കപ്പിലെ ഒരു ന്യൂസിലാൻഡ്കാരന്റെ ആദ്യ ഹാട്രിക് നേട്ടമാണ്. ഹാട്രിക് അടക്കം 4 വിക്കറ്റ് വീഴിത്തിയ ബൗൾട്ടും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ ഫെർഗുസനും നീഷാമും ആണ് ഓസ്‌ട്രേലിയൻ തകർച്ചയുടെ ചുക്കാൻ പിടിച്ചത്.

മറുപടി ബാറ്റിങ്ങിൽ ഒരിക്കൽ പോലും ജയിക്കും എന്ന തോന്നലുണ്ടാക്കാൻ ന്യൂസിലാൻഡിനു കഴിഞ്ഞില്ല. മൂന്നാം വിക്കറ്റിന്റെ രൂപത്തിൽ നായകൻ വില്യംസൺ പുറത്തായപ്പോൾ തന്നെ ന്യൂസിലാൻഡ് പരാജയം മണത്തിരുന്നു. സ്വിങ് ബൗളുകൾ കൊണ്ട് കളം നിറഞ്ഞാടിയ മിച്ചൽ സ്റ്റാർക് തന്റെ കരിയറിലെ ഏഴാം 5 വിക്കറ്റ് പ്രകടനത്തിലൂടെ ന്യൂസിലൻഡിനെ വരിഞ്ഞ് കെട്ടി. 2 വിക്കറ്റ് വീഴ്ത്തിയ ബെഹെൻഡ്‌റോഫ് സ്റ്റാർക്കിനു മികച്ച പിന്തുണ നൽകി. 40 റൺസ് എടുത്ത നായകൻ വില്യംസൺ ആണ് ന്യൂസിലൻഡിന്റെ ടോപ് സ്‌കോറർ.

അപരാജിതരായി മുന്നേറികൊണ്ടിരുന്ന ന്യൂസിലൻഡിന്റെ തുടർച്ചയായ രണ്ടു പരാജയങ്ങൾ അവരുടെ സെമി പ്രവേശനത്തെ ബാധിക്കുമോ എന്നുള്ള ആശങ്കയിലാണ് ഇപ്പോൾ ടീം അധികൃതർ. ന്യൂസിലാൻഡിനു ഇനി നേരിടാനുള്ളത് ശക്തരായ ഇംഗ്ലണ്ടിനെയാണ് എന്നുള്ളതും അവരുടെ ആശങ്കയുടെ ആഴം കൂട്ടുന്നു. ലോക കപ്പിന്റെ ആദ്യ പകുതി ഏകപക്ഷീയമായിരുന്നെങ്കിൽ രണ്ടാം പകുതി ആയപ്പോഴേക്കും കാര്യങ്ങൾ തകിടം മറിയുന്ന കാഴ്ചയാണ് നാം കണ്ടത്. വിരലിൽ എണ്ണാവുന്ന കളികൾ മാത്രം ബാക്കി നിൽക്കെ ഓസ്‌ട്രേലിയ മാത്രമാണ് സെമി ബെർത്ത് ഉറപ്പാക്കിയിരിക്കുന്നത് എന്നത് പോയിന്റ് പട്ടികയിലെ സങ്കീർണതയെ എടുത്തു കാണിക്കുന്നു.

Leave a comment

Your email address will not be published. Required fields are marked *