Cricket cricket worldcup Editorial

ആ വിശ്വവിജയത്തിന്റെ സുവർണ സ്മരണയിൽ

June 25, 2019

author:

ആ വിശ്വവിജയത്തിന്റെ സുവർണ സ്മരണയിൽ

ഓരോ ലോകകപ്പിലും ബാല്യകാലത്തു എന്നിലെ ക്രിക്കറ്റ്‌ പ്രേമി ഒരുപാടു കാലം പിറകിലേക്കായിരുന്നു സഞ്ചരിച്ചിരുന്നത്. സമകാലീന ക്രിക്കറ്റിലെ വ്യക്തിഗത റെക്കോര്ഡുകളിൽ ഭൂരിഭാഗവും രാജ്യത്തിന്റെ അഭിമാനമായൊരു കോഹിനൂർ രത്നം തിരുത്തിയെഴുതുമ്പോഴും ഞങ്ങൾ ആ പുരാതന കാലത്തെ വാമൊഴികളിൽ നിന്നുമാത്രം മനസ്സിൽ വരച്ചുചേർത്തൊരു വിസ്മയ ചിത്രത്തിന്റെ ഗൃഹാതുരത്വത്തിൽ ജീവിക്കാൻ ഇഷ്ടപ്പെട്ടു. കാരണം അന്നാണ് “കപിൽ ദേവ് നിഖൻജ്” എന്ന ഹരിയാനക്കാരൻ ക്രിക്കറ്റിന്റെ മെക്കയിലൊരു ലോകകിരീടവുമായി അഭിമാനത്തോടെ നിന്നത്. ജൂൺ 25 എന്ന ആ ദിനത്തിലാണ് ഓരോ ഇന്ത്യക്കാരനും ലോകത്തോടു വിളിച്ചു പറഞ്ഞത്

“ഞങ്ങൾ ആ കിരീടം സ്വന്തമാക്കിയിരിക്കുന്നു, ലോകക്രിക്കറ്റിലെ പല പരമ്പരാഗത ശക്തികൾക്കും മുന്നേ ഞങ്ങളുടെ ചെകുത്താൻമാർ ആ ലോകകിരീടത്തിൽ മുത്തമിട്ടിരിക്കുന്നു!!”.

അതേ, ലോകക്രിക്കറ്റ്‌ അടക്കിവാണിരുന്ന, നിയമങ്ങൾ എഴുതിയുണ്ടാക്കിയിരുന്ന പല വൻ ശക്തികൾക്കും അദ്‌ഭുതവും അസൂയയും ഉളവാക്കിയതായിരുന്നു ആ ജയം. കാരണം അത്രമേൽ ചെറുതായിരുന്നു ക്രിക്കറ്റ്‌ ലോകത്ത് ഇന്ത്യയെന്ന രാജ്യം. ലോകകപ്പിൽ രണ്ടു തവണ മുത്തമിട്ട കരീബിയൻ ദ്വീപുകളോട് 83 ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുമ്പോൾ 1975 ൽ നടന്ന ആദ്യ ലോകകപ്പിൽ ഈസ്റ്റ്‌ ആഫ്രിക്കയെന്ന ക്രിക്കറ്റിലെ ദുർബല ശക്തികളോടു നേടിയ ഒരേയൊരു ജയം മാത്രമായിരുന്നു ഇന്ത്യയുടെ കൈമുതൽ. അതേ ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ സുനിൽ ഗവാസക്ർ “ഇഴഞ്ഞു നേടിയ” 36 റണ്ണുകൾ അപ്പോഴും ആ ടീമിനെ പരിഹസിക്കാൻ ചിലർ ആയുധമാക്കിയിരുന്നു. പക്ഷേ ആ ചെറുപ്പക്കാർ ചരിത്രത്തിൽ വിശ്വസിച്ചിരുന്നില്ല. ചരിത്രം തിരുത്തിയെഴുതുന്ന തൂലികകളാകാനായിരുന്നു അവർ ഓരോരുത്തരും ആഗ്രഹിച്ചത്.

ആദ്യ മത്സരത്തിൽ മൈക്കൽ ഹോൾഡിങ്ങും, ജോയൽ ഗാർനറും മാൽകം മാർഷലുമടങ്ങുന്ന വിൻഡീസ് പേസ് ബാറ്ററിയെ ഇരുപത് ഓവറുകൾ സധൈര്യം നേരിട്ടു നിർവീര്യമാക്കിയ “യശ്പാൽ ശർമ”യെന്ന മധ്യനിര്ബാറ്സ്മാനായിരുന്നു ആ വലിയ യാത്രയുടെ തുടക്കത്തിൽ ഇന്ധനം നിറച്ചത്. ശർമയുടെ ചെറുത്തുനിൽപ്പിന്റെ ഫലമായി സ്കോർ ബോർഡിൽ തെളിഞ്ഞ 263 എന്ന വിജയലക്ഷ്യം പിന്തുടർന്ന കരീബീയൻ പടയുടെ തലയരിയാൻ രണ്ടു പടവാളുകൾ കരുതിയിരുന്നു ഇന്ത്യ. റോജർ ബിന്നിയെന്ന് ദക്ഷിണേന്ത്യക്കാരനും മുംബൈയിലെ ക്രിക്കറ്റ്‌ പാരമ്പര്യത്തിൽ വിരിഞ്ഞ രവി ശാസ്ത്രിയെന്ന അദ്‌ഭുതവും ചേർന്നു ഭാരതത്തിന്റെ വൈവിദ്ധ്യം ദ്വീപുകാർക്കു മുന്നിൽ വരച്ചുകാട്ടിയപ്പോൾ കരീബിയൻ പട ലോകകപ്പ് ചരിത്രത്തിലെ തങ്ങളുടെ ആദ്യ പരാജയം രുചിച്ചു. അന്നേ ദിവസം തന്നെ കിലോമീറ്ററുകൾ മാത്രമകലെ ടെന്റ് ബ്രിഡ്ജിൽ ദുർബലരായ സിംബാബ്‌വെ കരുത്തരായ ഓസ്ട്രേലിയയെ 13 റണ്ണുകൾക്കു പരാജയപ്പെടുത്തിയതോടെ ലോകകപ്പിലെ അട്ടിമറികളുടെ ദിനമായി ജൂൺ 9 എന്ന ദിവസം വിദഗ്ധരുടെ പുസ്തകത്തിൽ എഴുതിച്ചേർക്കപ്പെട്ടു.

“അട്ടിമറികളുടെ ദിനത്തിൽ” സംഭവിച്ച വെറുമൊരു വിജയമായിരുന്നില്ല തങ്ങളുടേതെന്ന് തെളിയിക്കാൻ കപിലും സംഘവുമെടുത്തത് വെറും രണ്ടു ദിനങ്ങൾ മാത്രമായിരുന്നു. ജൂൺ ഒൻപതിനു തങ്ങളോടൊപ്പം ചരിത്രമെഴുതിയ സിംബാബ്‌വെയെ വെറും 155 റണ്ണുകൾക്കു പുറത്താക്കിയ ഇന്ത്യ അഞ്ചു വിക്കറ്റുകൾക്കു ജയിച്ചു കയറിയപ്പോൾ കരുത്തരായ വെസ്റ്റ് ഇൻഡീസിനെയും ഓസീസിനെയും പിന്തള്ളി ഗ്രൂപ്പിൽ ഒന്നാമതെത്തി ഇന്ത്യ !!. വീണ്ടും രണ്ടു ദിവസങ്ങൾക്കു ശേഷം പക്ഷേ വലിയൊരു തോൽവിയായിരുന്നു ഇന്ത്യയെ കാത്തിരുന്നത്. സെഞ്ചുറി നേടിയ ചാപ്പലിന്റെ കരുത്തിൽ 320 റണ്ണുകൾ അടിച്ചുകൂട്ടിയ ഓസീസിനു മുന്നിൽ പകുതി റണ്ണുകൾപോലുമെടുക്കാതെ കീഴടങ്ങിയെങ്കിലും നായകൻ എന്ന വാക്കിന്റെ പ്രതിരൂപമായി നിലകൊണ്ട കപിൽ ആ തോൽവിയിലും വലിയൊരു പ്രതീക്ഷയായി. ബൗളിങ്ങിൽ അഞ്ചു വിക്കറ്റും ബാറ്റിങ്ങിൽ നൂറിലേറെ പ്രഹരശേഷിയിൽ നേടിയ നാൽപതു റണ്ണുകളും ആ വലിയ തോൽ‌വിയിലും ഇന്ത്യക്ക് ആശ്വാസമായി. അടുത്ത മത്സരത്തിൽ വിവ് റിച്ചാർഡ്‌സ് എന്ന അതികായന്റെ ഒറ്റയാൾ പോരാട്ടത്തിനു മുന്നിൽ അടിയറവു പറയേണ്ടി വന്നതോടെ ഇന്ത്യൻ ടീം “ഹൃദയങ്ങൾ മാത്രം കീഴടക്കി” പുറത്തേക്കു പോകുമെന്നു കളിയെഴുത്തുകാർ വിലയിരുത്തിയിരിക്കണം.

പക്ഷേ ലോകകപ്പിലെ അദ്‌ഭുതങ്ങൾ അവസാനിച്ചിരുന്നില്ല. ക്രിക്കറ്റ തന്റെ വളർത്തുനാടായി ഉപദ്വീപിനെ അന്നേ തിരഞ്ഞെടുത്തിരിക്കാം. അല്ലെങ്കിൽ എങ്ങനെയാണ് ലോർഡ്‌സിൽ ആ ഇന്നിംഗ്സ് പിറന്നിരിക്കുക?. 17 റൺസെടുക്കുന്നതിനിടെ അഞ്ചു വിക്കെറ്റ് നഷ്ടമായ ടീമിനെ അയാൾ ഒറ്റയ്ക്ക് ചുമലിലേറ്റി. വെറും 126 പന്തുകളിൽ നിന്നും 175 റണ്ണുകൾ നേടി നിശ്ചിത 60 ഓവറുകളിൽ 266 എന്ന സുരക്ഷിത തീരത്തു ഇന്ത്യയെ എത്തിച്ചപ്പോൾ ഒരുപക്ഷെ കപിൽ ദേവ് എന്ന നായകന് കാണികളുടെ മുന്നിൽ “നോഹയുടെ” രൂപമായിരുന്നിരിക്കണം. ഏകദിന ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്‌സിനായിരുന്നു ലോർഡ്സിലെ കാണികൾ അന്നു സാക്ഷ്യം വഹിച്ചത്.

അതോടെ ഇന്ത്യയുടെ മത്സരങ്ങൾ കളിപ്രേമികളുടെ ശ്രദ്ധയാകർഷിക്കാൻ തുടങ്ങിയിരിക്കണം. ഇംഗ്ലീഷ് പത്രങ്ങൾ നമ്മുടെ കളിവിവരങ്ങൾക്കായി അവരുടെ കോളങ്ങൾ ഒഴിച്ചിടാൻ തുടങ്ങിയിരിക്കണം. കാരണം അതുവരെയുള്ള ലോകകപ്പ് ചരിത്രത്തിൽ അത്തരമൊരു പോരാട്ടവീര്യം മറ്റൊരു ടീമും കാഴ്ചവെച്ചിരുന്നില്ല. ജൂൺ ഇരുപതിനു നടന്ന അവസാന ലീഗ് മത്സരത്തിൽ നാലു വിക്കറ്റ് വീതം നേടി റോജർ ബിന്നിയും മദൻ ലാലും ചേർന്നു കങ്കാരുക്കളെ കശാപ്പു ചെയ്തപ്പോൾ ക്രിക്കറ്റ്‌ ലോകം മൂക്കത്തു വിരൽ വെച്ചിരിക്കണം. വെറും 129 റണ്ണുകൾക്കു ഓസീസിനെ പുറത്താക്കി 118 റൺസ് ജയം നേടിയ ചെകുത്താൻമാർ തങ്ങളുടെ ആദ്യ സെമി പ്രവേശനം ആഘോഷമാക്കി.

ഒരുപാടു പുതുമകൾ നിറഞ്ഞതായിരുന്നു 1983 ലോകകപ്പ്. ചരിത്രത്തിലാദ്യമായി രണ്ട് ഏഷ്യൻ ടീമുകൾ ലോക ക്രിക്കറ്റ്‌ മാമാങ്കത്തിന്റെ അവസാന നാലിലെത്തി. അയൽക്കാരായ പാകിസ്താന്റെ പ്രയാണം തുടർച്ചയായി രണ്ടാം തവണയും സെമി ഫൈനലിൽ വെസ്റ്റ് ഇൻഡീസ് അവസാനിപ്പിച്ചെങ്കിലും. ഒരിക്കൽകൂടി നായകൻ കപിൽ ദേവും, റോജർ ബിന്നിയും, യശ്പാൽ ശർമയും കരുത്തു കാട്ടിയതോടെ ആതിഥേയരായ ഇംഗ്ലണ്ടിനെ ഓൾഡ് ട്രാഫോഡിൽ ആറു വിക്കറ്റിന് മുട്ടുകുത്തിച്ച ഇന്ത്യ ലോർഡ്‌സിൽ നടക്കാനിരിക്കുന്ന കലാശപ്പോരാട്ടത്തിന് യോഗ്യത നേടി.

1983 ജൂൺ ഒൻപതാം തീയതി തുടങ്ങിയ യാത്രയിൽ ആ ചെറുപ്പക്കാരുടെ മനസ്സിൽ വെറും സ്വപ്നം മാത്രമായിരുന്നു ജൂൺ 25. പക്ഷേ ആ സ്വപ്നം യാഥാർഥ്യമാക്കി അവരിൽ പതിനൊന്നു പേർ ക്രിക്കറ്റിന്റെ കളിത്തൊട്ടിലിൽ അഭിമാനത്തോടെ നിന്നു. അവസാന പോരാട്ടത്തിനു തയ്യാറെടുക്കുമ്പോൾ എതിർ പക്ഷത്തുണ്ടായിരുന്ന കരീബിയൻ പടയുടെ കരുത്ത് അവരെ ഭയപ്പെടുത്തിയിരുന്നില്ല. കൗരവരെ പരാജയപ്പെടുത്തിയ പാണ്ഡവപ്പടയുടെ കഥകളായിരിക്കാം അവരിൽ ആത്മവിശ്വാസം നിറച്ചത്. പക്ഷേ കരീബിയൻ പേസ് വന്യതയുടെ ഗതിവേഗം പോലും തിരിച്ചറിയാൻ കഴിയാതെ അവർ കുഴങ്ങിയതോടെ വെറും 183 റണ്ണുകളിൽ ഇന്ത്യൻ ഇന്നിംഗ്സ് അവസാനിച്ചു. എങ്കിലും അവർ വിശ്വസിച്ചിരിക്കാം ദൈവം തങ്ങൾക്കായി എന്തെങ്കിലുമൊന്ന് കാത്തുവച്ചിട്ടുണ്ടെന്ന്. ആ വിശ്വാസമാകാം അവരുടെ കാലുകളെ നിയന്ത്രിച്ചത്.

അവർ കാത്തിരുന്ന ആ നിമിഷം കടന്നു വന്നത് അവരുടെ നായകന്റെ കാലുകളിലൂടെയായിരുന്നു. വിൻഡീസ് ബാറ്റ്സ്മാൻ വിവ് റിച്ചാർഡ്സിന്റെ ബാറ്റിൽ നിന്നുയർന്ന പന്ത് ഏതാണ്ട് ഗ്രൗണ്ടിന്റെ പകുതിയോളം ദൂരം പിന്നോട്ടോടിയ കപിലിന്റെ കൈകളിലൊതുങ്ങിയതോടെ ഇന്ത്യൻ വീര്യം നുരഞ്ഞു പൊങ്ങി. വീണ്ടുമൊരു ക്യാച്ചിലൂടെ കരീബിയൻ നായകൻ ക്ലെയ്‌വ് ലോയ്ഡിനെയും പുറത്താക്കിയ ഇന്ത്യൻ നായകൻ താനൊരു പുതിയ ക്രിക്കറ്റ്‌ സംസ്കാരത്തിന്റെ പ്രതീകമാണെന്നു തെളിയിച്ചു. മൂന്നു വീതം വിക്കറ്റ് വീഴ്ത്തിയ മൊഹിന്ദർ അമര്നാഥും മദൻ ലാലും ചേർന്ന് പേരുകേട്ട കരീബിയൻ ബാറ്റിങ് നിരയെ വെറും 140 റണ്ണുകളിൽ പുറത്താക്കി. ചരിത്രത്തിലാദ്യമായി ക്രിക്കറ്റിന്റെ വിശ്വ കിരീടം ശുഭപ്രതീക്ഷാ മുനമ്പു താണ്ടി ഇന്ത്യയിലേക്കെത്തി.

കേട്ടറിവു മാത്രമായിരുന്നു ഭൂരിഭാഗം ഇന്ത്യക്കാർക്കും1983ൽ കപിലും സംഘവും നേടിയ വിജയം. പക്ഷേ ഒരുപാടുകാലം ഇന്ത്യൻ ക്രിക്കറ്റിന്റെ മേൽവിലാസമായിരുന്നു ആ ലോകകപ്പ്. അതിലേറെ, ക്രിക്കറ്റിനെ ആവേശത്തോടെ പുൽകിയൊരു ജനത കാൽ നൂറ്റാണ്ടോളം അഭിമാനത്തോടെ പാടി നടന്നൊരു നാടോടിക്കഥയിലെ വീര നായകൻമാരായിരുന്നു കപിലിന്റെ ചെകുത്താന്മാരും അവരുടെ ചുമലിലേറി ഇന്ത്യയിലേക്കു വന്ന ആ ലോകകിരീടവും!!.

Syam…

Leave a comment

Your email address will not be published. Required fields are marked *