കോപ്പ അമേരിക്ക: ജപ്പാൻ ഉറുഗ്വേ മത്സരം സമനിലയിൽ അവസാനിച്ചു
ബ്രസീൽ : ബ്രസീലിൽ നടക്കുന്ന കോപ്പ അമേരിക്ക മത്സരത്തിൽ ഇന്ന് ഗ്രൂപ്പ് സിയിൽ നടന്ന ജപ്പാൻ ഉറുഗ്വേ മത്സരം സമനിലയിൽ അവസാനിച്ചു. ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടിയ മത്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു. ഇരു ടീമുകളുടെയും രണ്ടാം മത്സരമാണ് ഇന്ന് നടന്നത്. ജപ്പാൻ താരം കോജി മിയോഷി ഇരട്ട ഗോൾ നേടി.
മത്സരത്തിൽ ആദ്യ ഗോൾ നേടി ലീഡ് ഉയർത്തിയത് ജപ്പാൻ ആയിരുന്നു. ഇരുപത്തിയഞ്ചാം മിനിറ്റിൽ ആണ് ജപ്പാൻ ആദ്യ ഗോൾ നേടിയത്. എന്നാൽ മുപ്പത്തിരണ്ടാം മിനിറ്റിൽ ഒരു പെനാൽറ്റിയിലൂടെ ഉറുഗ്വേ ഗോൾ നേടി സമനിലയിൽ എത്തിച്ചു. ലൂയിസ് ആണ് ഉറുഗ്വേക്ക് വേണ്ടി ഗോൾ നേടിയത്. ആദ്യ പകുതി ഇരു ടീമുകളും ഓരോ ഗോൾ നേടി അവസാനിച്ചു. ആദ്യ പകുതിയിൽ ഉറുഗ്വേ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. രണ്ടാം പകുതിയിലും ആദ്യ ഗോൾ നേടിയത് ജപ്പാൻ ആയിരുന്നു. അമ്പത്തിയൊമ്പതാം മിനിറ്റിൽ മിയോഷി രണ്ടാം ഗോൾ നേടി ജപ്പാനെ മുന്നിൽ എത്തിച്ചു. എന്നാൽ അറുപത്തിയാറാം മിനിറ്റിൽ ഉറുഗ്വേ അവരുടെ രണ്ടാം ഗോൾ ജോസിലൂടെ നേടി സമാനിലയിൽ എത്തി. പിന്നീട രണ്ട് ടീമുകൾക്കും അവസരം ലഭിച്ചെങ്കിലും ഗോളാക്കാൻ രണ്ട് ടീമുകൾക്കും സാധിച്ചില്ല. മികച്ച പ്രകടനമാണ് ഇരു ടീമുകളും കാഴ്ചവെച്ചത്.