Editorial legends

സമുദ്രങ്ങളുടെ രാജാവിന്റെ ഇരുപത്തിരണ്ടാം ചരമവാർഷികം

June 11, 2019

author:

സമുദ്രങ്ങളുടെ രാജാവിന്റെ ഇരുപത്തിരണ്ടാം ചരമവാർഷികം

പശ്ചിമബംഗാളിലെ പുരുലിയ ഗ്രാമത്തിൽ ലീലാബതി എന്ന പതിനാലു വയസുകാരി ഒരു ആൺകുഞ്ഞിന് ജന്മം നൽകി. പ്രായപൂർത്തിയാകാത്ത മാതാവിൽ ജനിച്ച കുട്ടിയെ ശ്വാസകോശ സംബന്ധമായ രോഗങ്ങൾ മരണത്തിന്റെ അരികിലെത്തിച്ചു. പക്ഷെ മരണത്തെയും തോൽപിച്ചു ആ കുട്ടി തിരിച്ചുവന്നു. രോഗങ്ങളും പ്രതികൂല സാഹചര്യങ്ങളും തീർത്ത പ്രതിബന്ധങ്ങളെല്ലാം ഭേദിച്ച അവൻ പിന്നീട് ഗിന്നസ് ബുക്കിൽ വരെ സ്വന്തം പേരെഴുതിച്ചേർത്തു. അവനാണ് “മിഹിർ സെൻ”, ലോകം കണ്ട ഏറ്റവും മഹാനായ നീന്തൽ താരം.

1930 നവംബർ 16നു ജനിച്ച മിഹിർ സ്വാതന്ത്ര്യാനന്തരം ഇംഗ്ലണ്ടിലേക്ക് പോകുകയും അവിടെ നിയമത്തിൽ ഉപരിപഠനം ആരംഭിക്കുകയും ചെയ്തു. രാത്രികാലങ്ങളിൽ റയിൽവേസ്റ്റേഷനിൽ പോർട്ടർ ജോലി ചെയ്തായിരുന്നു മിഹിർ പഠനത്തിനുള്ള പണം കണ്ടെത്തിയിരുന്നത്. തന്റെ നിറത്തിന്റെയും ദേശത്തിന്റെയും പേരിൽ പലയിടത്തുനിന്നും അപമാനം നേരിടേണ്ടി വന്ന മിഹിർ തന്റെ നാടിനെപ്പറ്റി വെള്ളക്കാർ ബഹുമാനത്തോടെ ചർച്ച ചെയ്യുന്ന ഒരു നാൾ വരുമെന്ന് ഉറച്ചു വിശ്വസിച്ചു. അങ്ങനെയിരിക്കെയാണ് ഇംഗ്ലീഷ് ചാനൽ നീന്തി തിരികെ വന്ന ആദ്യ വനിതയായ ഫ്ലോറൻസ് ചാഡ്വിക്ക് നേപ്പറ്റിയുള്ള ഒരു ലേഖനം മിഹിറിന്റെ ശ്രദ്ധയിൽപെട്ടത്. ജന്മനാടിന്റെ യശസ്സുയർത്താൻ വേണ്ടി നീന്തൽപോലുമറിയാത്ത മിഹിർ അങ്ങനെ ഇംഗ്ലീഷ് ചാനൽ നീന്തിക്കടക്കാൻ തീരുമാനിച്ചു.

പ്രതികൂലകാലാവസ്ഥയിലും YMCA യിൽ വര്ഷങ്ങളോളം അദ്ദേഹം നീന്തൽ അഭ്യസിച്ചു. ഒടുവിൽ ഫ്രീസ്റ്റൈൽ നീന്തലിൽ അഗ്രഗണ്യനായാണ് മിഹിർ നീന്തൽക്കുളം വിട്ടത്. പരാജയപ്പെട്ട ചില ദൗത്യങ്ങൾക്കുശേഷം 1958 സെപ്റ്റംബർ 27ആം തീയതി അദ്ദേഹം ഡോവർ നും കാലസ് നും ഇടയിൽ 34 മൈൽ ദൂരം ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്നു ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഏഷ്യക്കാരനായി. പതിനാലര മണിക്കൂറുകൾ കൊണ്ടാണ് അദ്ദേഹം ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്നത്. തിരികെ ഇന്ത്യയിലെത്തിയ മിഹിറിന് രാജകീയ സ്വീകരണമാണ് ലഭിച്ചത്. 1959ൽ രാജ്യം പദ്മശ്രീ പുരസ്‌കാരം നൽകി മിഹിറിന്റെ നേട്ടത്തെ ആദരിച്ചു.

ദീർഘദൂര നീന്തലിൽ ലോകം കണ്ട ഏറ്റവും മഹാനായ താരത്തിലേക്കുള്ള മിഹിറിന്റെ ജൈത്രയാത്രക്ക് അവിടെ തുടക്കമാവുകയായിരുന്നു. മനസ്സിൽ നിശ്ചയിക്കുന്ന ലക്ഷ്യങ്ങൾ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നേടിയെടുക്കുന്ന മിഹിറിന്റെ നിശ്ചയദാർഢ്യതിനുമുന്നിൽ എല്ലാ പ്രതിബന്ധങ്ങളും വഴിമാറി. 1966ൽ അഞ്ചു വന്കരകളിലെയും പ്രധാന കടലിടുക്കുകൾ നീന്തിക്കടന്ന മിഹിർ ഒരു കലണ്ടർ വര്ഷത്തിൽ തന്നെ അഞ്ചു വൻകരകളും കീഴടക്കുന്ന ലോകത്തിലെ ആദ്യ താരമായി. 1966 ഏപ്രിൽ അഞ്ചാം തീയതി സിലോണിൽ നിന്നും ധനുഷ്‌കോടി വരെയുള്ള പാക് കടലിടുക്ക് നീന്തിക്കടന്ന മിഹിർ ഈ ദൂരം താണ്ടുന്ന ആദ്യ ഭാരതീയനായി.

അറുപതുകളിൽ പലരും ഭയത്തോടെ മാത്രം കണ്ടിരുന്ന പല സമുദ്രങ്ങളും മിഹിർ അനായാസമായി കീഴടക്കി. യൂറോപ്പിനും ഏഷ്യക്കുമിടയിലുള്ള ടാർടാനില്ലെസ്‌ കടൽ നീന്തിക്കടന്ന ലോകത്തിലെ ആദ്യ മനുഷ്യൻ മിഹിർ ആയിരുന്നു. പനാമ കനാൽ നീന്തിക്കടന്ന ആദ്യ ഏഷ്യക്കാരൻ, ജിബ്രാൾട്ടർ കടലിടുക്ക് കീഴടക്കിയ ആദ്യ ഏഷ്യക്കാരൻ എന്നിങ്ങനെ അദ്ദേഹത്തിന്റെ തൊപ്പിയിൽ പൊന്തൂവലുകൾ ഓരോന്നായി കൂട്ടിച്ചേർക്കപ്പെട്ടു. ഒരു കലണ്ടർ വർഷത്തിൽ അഞ്ചു വന്കരകളിലെയും കടലിടുക്കുകൾ താണ്ടിയ മിഹിറിന്റെ നേട്ടം ആവർത്തിക്കാൻ നാളിതുവരെ മറ്റൊരു നീന്തൽതാരത്തിനും കഴിഞ്ഞിട്ടില്ല. ഈ നേട്ടങ്ങൾ മൂലം തന്റെ പേര് ഗിന്നസ് ബുക്കിൽ എഴുതിചേർക്കാനും അദ്ദേഹത്തിനു സാധിച്ചു. 1966ൽ പനാമ കനാൽ നീന്തിക്കടന്നതോടെ ഏഴു കടലും കീഴടക്കിയ ആദ്യ ഏഷ്യക്കാരൻ എന്ന റെക്കോർഡും മിഹിർ സ്വന്തമാക്കി.

കേന്ദ്രസർക്കാരും നാവികസേനയും മിഹിറിന്റെ ശ്രമങ്ങളെ നന്നായി പ്രോത്സാഹിപ്പിച്ചിരുന്നു. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി മിഹിറീനാവശ്യമായ സാമ്പത്തിക സഹായങ്ങൾ ചെയ്തു. 1967 ൽ പദ്മഭൂഷൺ ബഹുമതിയും സാഹസികതക്കുള്ള നെഹ്‌റു ട്രോഫിയും അദ്ദേഹത്തെ തേടിയെത്തി.

നീന്തലിൽ നിന്നും വിരമിച്ച മിഹിറിന്റെ ജീവിതം അപ്രതീക്ഷിതമായ ചില വഴിത്തിരിവുകളെ സന്ധിച്ചു. പട്ടുവ്യാപാരത്തിലേക്ക് തിരിഞ്ഞ മിഹിറിന്റെ ബിസിനസ്‌ നാൾക്കുനാൾ അഭിവൃദ്ധിപ്പെട്ടു. പക്ഷേ 1977നു ശേഷം കമ്പനിയിൽ തുടർച്ചയായി അരങ്ങേറിയ തൊഴിലാളി സമരങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും മിഹിറിന്റെ ബിസിനസ് തകർത്തു. കേസുകളിൽ കുടുങ്ങിയ അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിക്കപ്പെട്ടു, അദ്ദേഹത്തിന്റെ ഫാക്ടറി തീവച്ചു നശിപ്പിക്കപ്പെട്ടു.

സാമ്പത്തികമായും മാനസികമായും തകർന്ന മിഹിറിനെ പാർകിസൺസ്, അൽഷിമേഴ്‌സ് രോഗങ്ങൾ കീഴടക്കി. ഒരിക്കൽ സമുദ്രത്തിലെ ദുർഘടമായ സാഹചര്യങ്ങളെ നിസ്സാരമായി കീഴടക്കിയ അദ്ദേഹം തന്റെ ഓർമശക്തിയിൽ സംഭവിച്ച ചുഴികളിൽ ഉഴറിനടന്നു. പതിനഞ്ചോളം വർഷത്തെ നരകതുല്യമായ ജീവിതത്തിനു ശേഷം 1997 ജൂൺ 11നു അദ്ദേഹം രോഗങ്ങളും ബാധ്യതകളുമില്ലാത്ത ലോകത്തേക്ക് യാത്രയായി.

കറകളഞ്ഞ ദേശസ്നേഹിയായിരുന്ന മിഹിർ അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ പേര് എന്നും ഉയർന്നുനിൽകണമെന്ന് ആഗ്രഹിച്ചിരുന്നു. ഇന്ത്യൻ യുവത്വത്തിനെ പ്രകൃതിയോടും സാഹസികതയോടും ചേർത്തുനിർത്തുക എന്ന ലക്ഷ്യവുമായി അദ്ദേഹം “Explorers club” എന്ന കൂട്ടായ്മക്ക് രൂപം നൽകി. പാക് കടലിടുക്ക് നീന്തിക്കടന്ന ശേഷം അദ്ദേഹം പറഞ്ഞു,

“I had undertaken this perilous swim not to gain fame or trophies but to prove once again to the world that Indians are no longer afraid. To the youth of India this triumph will have dramatically demonstrated that nothing is impossible for them — all they have to do is believe and persevere and the goal will be theirs!”

മിഹിർ സെൻ ഒരു പോരാളിയായിരുന്നു. അസാധ്യമെന്നു കരുതിയ സ്വപ്‌നങ്ങൾ കണ്ട, ഒഴുക്കിനെതിരെ നീന്തി അവ യാഥാർഥ്യമാക്കിയ ദേശാഭിമാനിയായ ഒരു പോരാളി…

Leave a comment

Your email address will not be published. Required fields are marked *