ലോകകപ്പ് 2019, മിന്നും വിജയവുമായി ടീം ഇന്ത്യ
2019 ലോകകപ്പിൽ കൊഹ്ലിപ്പട വിജയത്തോടെ ഹരിശ്രീ കുറിച്ചു. ഇന്നു നടന്ന മത്സരത്തിൽ ബൗളർമാരുടെയും സെഞ്ചുറി നേടിയ രോഹിത് ശർമയുടെയും മികവിൽ ദക്ഷിണാഫ്രിക്കയെ ആറു വിക്കറ്റിനു പരാജയപ്പെടുത്തിയാണ് ഇന്ത്യ ടൂർണമെന്റിലെ ആദ്യ ജയം സ്വന്തമാക്കിയത്. സൗത്താംപ്ടണിൽ നടന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കം മുതലേ വിക്കറ്റുകൾ നഷ്ടമായി. ഒരു ഘട്ടത്തിൽ 89 റണ്ണുകൾക്ക് അഞ്ചു വിക്കറ്റുകൾ നഷ്ടമായ ദക്ഷിണാഫ്രിക്കയെ ഡേവിഡ് മില്ലർ, പെഹുകവായോ, ക്രിസ് മോറിസ്, റബാഡ എന്നിവരുടെ മികച്ച ബാറ്റിങ്ങാണ് ഭേദപ്പെട്ട സ്കോർ നേടാൻ സഹായകമായത്. നിശ്ചിത 50 ഓവറുകളിൽ 9 വിക്കെറ്റ് നഷ്ടത്തിൽ 227 റണ്ണുകൾ നേടിയ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി 42 റണ്ണുകൾ നേടിയ മോറിസ് ടോപ് സ്കോററായപ്പോൾ ഇന്ത്യക്കു വേണ്ടി യുസ്വേന്ദ്ര ചഹാൽ നാലു വിക്കറ്റും, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ എന്നിവർ രണ്ടുവീതം വിക്കറ്റുകളും വീഴ്ത്തി.
ചെറിയ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല ഓപ്പണർ ശിഖർ ധവാനെ തുടക്കത്തിലേ നഷ്ടമായ ഇന്ത്യക്ക് നായകൻ വിരാട് കൊഹ്ലിയെയും വേഗത്തിൽ നഷ്ടമായി. പക്ഷേ ഒരറ്റത്തു മികച്ച രീതിയിൽ ബാറ്റ് ചെയ്ത രോഹിത് ശർമ ഇന്ത്യയെ വിജയതീരത്തെത്തിച്ചു. 47.3 ഓവറിൽ നാലു വിക്കെറ്റ് നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യം കടന്നു. ഇന്ത്യക്കു വേണ്ടി 122 റണ്ണുകൾ നേടിയ രോഹിത് ശർമ ടോപ് സ്കോററായി. ടൂർണമെന്റിൽ ദക്ഷിണാഫ്രിക്കയുടെ മൂന്നാം തോൽവി ആണിത്.രോഹിത് ആണ് കളിയിലെ കേമൻ.