Editorial

വീണവരും വാണവരും – യൂറോപ്പ കപ്പ്‌ ഫൈനൽ റിവ്യൂ

May 31, 2019

author:

വീണവരും വാണവരും – യൂറോപ്പ കപ്പ്‌ ഫൈനൽ റിവ്യൂ

കഴിഞ്ഞ ഏഴു വർഷങ്ങളായി അയാൾ ആ ടീമിനൊപ്പമുണ്ടായിരുന്നു. രണ്ടു വീതം യൂറോപ്പ കിരീടങ്ങളും പ്രീമിയർ ലീഗ് കിരീടങ്ങളും ഒരു എഫ് എ കപ്പ്‌ കിരീടവുമായി അയാൾ ആ ടീമിന്റെ വിജയ നിമിഷങ്ങളിൽ പങ്കാളിയായി. മികച്ച പ്രകടനങ്ങളുമായി അയാൾ ടീമിന്റെ മോശം സമയങ്ങളിലും ടീമിനുവേണ്ടി പ്രയത്നിച്ചു. ഒടുവിൽ “ഈഡൻ ഹസാഡ് “എന്ന ആ തളരാത്ത പോരാളി തന്റെ പ്രിയപ്പെട്ട നീലകുപ്പായത്തോടു വിട പറയാൻ തീരുമാനിച്ചപ്പോൾ തങ്ങളാലാകുന്നത് ചെയ്യണം എന്നോരോ ചെൽസി കളിക്കാരനും ആഗ്രഹിച്ചിരിക്കാം. അതിലേറെ ഒരു പോരാളിയായി, തനിക്കു വേണ്ടി ആർത്തു വിളിച്ച സ്റ്റാംഫോർഡ് ബ്രിഡ്ജിലെ ആരാധകർക്ക് തന്നെ എക്കാലവും ഓർത്തുവെയ്ക്കാനൊരു കയ്യൊപ്പ് ഈഡനും ആഗ്രഹിച്ചിരിക്കാം, ഒരുപക്ഷെ ഇതിലെല്ലാമുപരിയായി മൂന്നു പതിറ്റാണ്ടു തികയുന്ന തന്റെ പരിശീലക കരിയറിൽ ആദ്യ കിരീടത്തിനായി മൗറിസിയോ സരി എന്ന ഇറ്റലിക്കാരൻ അത്രമേൽ ആഗ്രഹിച്ചിരിക്കാം. ഈ ആഗ്രഹങ്ങളെല്ലാം ഒരുപോലെ പൂർത്തീകരിക്കപ്പെടുകയായിരുന്നു അസിർബൈജാനിലെ ബാകൂവിൽ അരങ്ങേറിയ യൂറോപ്പ കപ്പ്‌ ഫൈനലിൽ.

യൂറോപ്പ ഫൈനലിൽ ഒരു ലണ്ടൻ ഡെർബിയാകും എന്നു മനസ്സിലാക്കിയപ്പോൾത്തന്നെ ഫുടബോൾ ലോകം ഉറ്റുനോക്കിയത് ആഴ്‌സനലിനെപ്പറ്റിയായിരുന്നു. പ്രീമിയർ ലീഗിലെ മൂന്നാം സ്ഥാനത്തോടെ ചാമ്പ്യൻസ് ലീഗിൽ സ്ഥാനമുറപ്പിച്ച ചെൽസിക്ക് ഒരു കിരീടത്തോടെ സീസണും ഹസാദിനും വിട പറയുവാനുള്ള അവസരമായിരുന്നുവെങ്കിൽ. ചാമ്പ്യൻസ് ലീഗിൽ ഇടം നേടാനുള്ള സുവർണാവസരമായിരുന്നു പീരങ്കിപ്പടക്ക് ബാകൂവിൽ ലഭിച്ചത്. നിരവധി യൂറോപ്പ കിരീടങ്ങൾ നേടിയ ഉനൈ ഏംറി എന്ന പരിശീലകനും പ്രീമിയർ ലീഗിലെ ഗോളടി വീരൻ പിയറി ഔബമേയാങ് എന്ന മുന്നറ്റ നിരക്കാരൻ നയിച്ച ആക്രമണനിരയും ആ ലക്ഷ്യം നേടുമെന്ന് ആരാധകർ കരുതിയിരിക്കാം. പക്ഷേ വിധി മറ്റൊന്നായിരുന്നു.

മത്സരത്തിന്റെ ആദ്യപകുതിയെ തുല്യ ശക്തികളുടെ പോരാട്ടമെന്നു വിശേഷിപ്പിക്കാമെങ്കിലും ആക്രമണത്തിൽ ആഴ്‌സണൽ അൽപം മികച്ചു നിന്നതായി തോന്നി. പരിക്കുമൂലം കളിക്കാതിരുന്ന റൂഡിഗറിന്റെയും ലോഫ്റ്റ്സ് ചെകിന്റെയും അഭാവം ചെൽസി മധ്യനിരയെയും പ്രതിരോധത്തെയും ബാധിച്ചു. പലപ്പോഴും മികച്ച അവസരങ്ങൾ മെനഞ്ഞെടുത്ത ഔബയും നൈൽസും കെപ്പയെ പരീക്ഷിച്ചുകൊണ്ടിരുന്നു. മറുഭാഗത്തു ചെൽസിക്കു വേണ്ടി തന്റെ അവസാന മത്സരം കളിക്കുന്ന ഹസാഡ് ലഭിച്ച അവസരങ്ങളിലെല്ലാം ആഴ്‌സണൽ പ്രതിരോധനിരയെ ചോദ്യം ചെയ്തു. മുപ്പത്തൊന്നാം മിനുട്ടിൽ സ്‌ഹാക്കയുടെ മനോഹരമായൊരു ഷോട്ട് ക്രോസ്സ് ബാറിനെ മുട്ടിയുരുമ്മി കടന്നുപോയതോടെ ആ രാത്രി ഗണ്ണേഴ്സിന്റേതല്ലെന്നു തോന്നി. മറുഭാഗത്താകട്ടെ എമേഴ്സന്റെയും ജിറൂദിന്റെയും മികച്ച രണ്ടു ഷോട്ടുകൾ അതിനേക്കാൾ മികച്ച സേവുകളിലൂടെ രക്ഷപ്പെടുത്തിയ പീറ്റർ ചെക് ചെൽസിക്കെതിരെയുള്ള മത്സരം തന്നെ യാതൊരു വിധ സമ്മർദ്ദത്തിലുമാക്കിയിട്ടില്ലെന്നു തെളിയിച്ചു. ആദ്യ പകുതിക്ക് റഫറി വിസിൽ മുഴക്കുമ്പോൾ ഇരുടീമുകൾക്കും ഗോൾവല ഭേദിക്കാൻ കഴിഞ്ഞിരുന്നില്ല.

ഔബയുടെ മനോഹരമായൊരു ശ്രമത്തോടെയാണ് രണ്ടാം പകുതി തുടങ്ങിയത്. ഗോളെന്നുറച്ച അവസരം പക്ഷേ കെപ്പയുടെ സേവിൽ അവസാനിച്ചു. മറുവശത്തു ഹസാഡ് എന്ന പടയാളിയെ പിടിച്ചു കെട്ടാൻ ആഴ്‌സണൽ പെടാപ്പാടു പെടുകയായിരുന്നു. ആഴ്‌സണൽ മധ്യനിര, പ്രത്യേകിച്ചും ഓസിൽ എന്ന പരിചയസമ്പന്നനായ താരം തീർത്തും മങ്ങിപ്പോയി. നാല്പത്തൊമ്പതാം മിനുട്ടിൽ എമേഴ്സന്റെ പാസ് ജിറൂദ് മികച്ചൊരു ഹെഡറിലൂടെ പോസ്റ്റിന്റെ ഇടതു മൂലയിലേക്കു തിരിച്ചു വിട്ടു ചെൽസിയുടെ ആദ്യ ഗോൾ നേടിയപ്പോൾ വെളിവായതും ആഴ്‌സനലിന്റെ മധ്യനിരയിലെ പാളിച്ചയായിരുന്നു. ഗോൾ വീണതോടെ പരിഭ്രാന്തിയിലായ ആഴ്‌സണൽ പ്രതിരോധത്തിൽ കൂടുതൽ വിള്ളലുകൾ വീണു. ഇതു ചെൽസി മുന്നേറ്റനിര ശെരിക്കും മുതലെടുത്തു. ഹസാദിന്റെ പാസ്സ് സ്വീകരിച്ച പെഡ്രോ പന്തിനെ ഗോൾപോസ്റ്റിന്റെ വലതുമൂലയിലേക്കു
യാത്രയാകുമ്പോൾ ചെക്കിന് കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല.

അറുപത്തിനാലാം മിനുട്ടിൽ വീണ്ടും മധ്യനിരയിലെ പിഴവ് പീരങ്കിപ്പടയ്ക്കു വിനയായി മാറി. കോവസിച്ചിനെ മൈതാന മധ്യത്തിലൂടെ പന്തുമായി മുന്നേറാൻ അനുവദിച്ച ആഴ്‌സണൽ താരങ്ങൾ തന്നെയായിരുന്നു അവിടെ കുറ്റവാളികൾ. കോവസിച്ചിന്റെ പാസ് പെഡ്രോയിലൂടെ പെനാൽറ്റി ബോക്സിൽ ജിറൂഡിലേക്കെത്തുമ്പോൾ ഒരു ഫൗളിലൂടെ മാത്രമേ നൈൽസിനു ടീമിനെ രക്ഷിക്കാൻ സാധിച്ചുള്ളൂ. ലഭിച്ച പെനാൽറ്റി അനായാസം ഗോളാക്കി മാറ്റിയ ഹസാഡ് വീണ്ടും ലീഡുയർത്തി.
സ്കോർ 3-0

പകരക്കാരായി ഗ്വേൻഡോസ്‌കിയും ഇയോബിയും വന്നതോടെ ആഴ്‌സണൽ നീക്കങ്ങൾക്കു വേഗതയേറി. അറുപത്തൊമ്പതാം മിനുട്ടിൽ “ഡി” യ്ക്കു തൊട്ടുവെളിയിൽ നിന്നും നയനമനോഹരമായൊരു വോളിയിലൂടെ ഇയോബി കെപ്പയെ പരാജയപ്പെടുത്തി ആഴ്സണലിനായി ഒരു ഗോൾ മടക്കി. സ്കോർ 3-1. പക്ഷേ ഈഡൻ ഹസാഡ് മത്സരത്തിൽ തന്റെ കയ്യൊപ്പു പതിപ്പിക്കുവാൻ കാത്തിരിക്കുകയായിരുന്നു. എഴുപത്തിരണ്ടാം മിനുട്ടിൽ ഔബയാങ്ങിന്റെ കയ്യിൽ നിന്നും പന്തു തട്ടിയെടുത്തു ജിറൂദിലേക്കു നൽകിയശേഷം വീണ്ടും പാസ് സ്വീകരിച്ചു ചെക്കിനെ കബളിപ്പിച്ചു പന്തു വലയിലാക്കുമ്പോൾ ആഴ്‌സനലിന്റെ പതനം പൂർത്തിയായിരുന്നു. രണ്ടു മിനുട്ടിനുള്ളിൽ ഹാട്രിക് തികക്കാനുള്ള അവസരം ഹസാദിനു ലഭിച്ചെങ്കിലും പീറ്റർ ചെക്ക് അതിനു വിലങ്ങു തടിയായി. അവസാന നിമിഷങ്ങളിൽ ഔബയും ഇയോബിയും ചില ശ്രമങ്ങൾ നടത്തിയെങ്കിലും. നായകൻ ആസ്‌പിലിക്വേറ്റയുടെ നേതൃത്വത്തിൽ ചെൽസി പ്രതിരോധനിര അവരുടെ ജോലി ഭംഗിയായി നിർവഹിച്ചു.

വികാരനിർഭരമായ നിമിഷങ്ങൾക്കാണ് അവസാന വിസിലിനുശേഷം ബാകു സാക്ഷ്യം വഹിച്ചത്. കിരീടം നഷ്ടമായ ആഴ്‌സണൽ താരങ്ങളിൽ പലരും കരച്ചിലടക്കാൻ പാടുപെട്ടു. ചെൽസിയോടു വിടപറയുന്ന ഹസാദ് തന്റെ തീരുമാനം ലോകത്തെ അറിയിച്ചു. നേരത്തെ തന്നെ വിരമിക്കൽ പ്രഖ്യാപിച്ചിരുന്ന ആഴ്‌സണൽ ഗോൾകീപ്പർ ചെക്കിന് ഒരിക്കലും ഓർമ്മിക്കാൻ ആഗ്രഹിക്കാത്ത യാത്രയയപ്പ്, അതും തന്റെ എല്ലാമായിരുന്ന ചെൽസിയിൽ നിന്നും. കാഹിലും നായകൻ ആസ്‌പിലിക്വേറ്റയും ചേർന്നു യൂറോപ്പാ കിരീടം ഏറ്റുവാങ്ങുമ്പോൾ ഏറ്റവും സന്തോഷിച്ചിരിക്കുക മൗറിസിയോ സരി എന്ന പരിശീലകനായിരിക്കാം. സീസൺ മധ്യത്തിൽ ഒരുപാടു പഴി കേൾക്കേണ്ടിവന്ന അദ്ദേഹം പക്ഷേ വളരെ നന്നായി തന്നെ പ്രീമിയർ ലീഗിലെ തന്റെ ആദ്യ സീസൺ അവസാനിപ്പിച്ചിരിക്കുന്നു. പ്രീമിയർ ലീഗിലെ മൂന്നാം സ്ഥാനത്തിനൊപ്പം അദ്ദേഹത്തിന്റെ പരിശീലകജീവിതത്തിലെ തന്നെ ആദ്യ കിരീടവുമായാണ് ഒരു പക്ഷേ സരി ഇംഗ്ലണ്ടിനോടു താൽക്കാലികമായെങ്കിലും വിടപറയുക.

Leave a comment

Your email address will not be published. Required fields are marked *