ലോകകപ്പിലെ ഏറ്റവും വിലപിടിപ്പുള്ള വിക്കറ്റ് ആര്?. ജോഫ്രെ ആർച്ചർ വെളിപ്പെടുത്തുന്നു
“ലോകക്രിക്കറ്റിൽ ഏറ്റവും വിലപ്പെട്ട വിക്കറ്റ് ആണത്, എനിക്കതു വേണം”
ഇംഗ്ലണ്ട് ലോകകപ്പ് ടീമിൽ പുതുതായി ഉൾപെടുത്തപ്പെട്ട ജോഫ്രെ ആർച്ചറിന്റെ വാക്കുകളാണിവ. ഏറ്റവും വിലപിടിപ്പുള്ള വിക്കറ്റ് ആയി ആർച്ചർ കണക്കാക്കുന്നത് മറ്റാരുടേതുമല്ല ഇന്ത്യൻ നായകനും ലോക ഒന്നാം നമ്പർ ബാറ്സ്മാനുമായ വിരാട് കൊഹ്ലിയുടേതു തന്നെ. ഇംഗ്ലണ്ട് ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടശേഷം ഒരു വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ആർച്ചർ ഇക്കാര്യം വെളിപ്പെടുത്തിയത്. മികച്ച സാങ്കേതികത്തികവോടെ ബാറ്റ് ചെയ്യുന്ന കൊഹ്ലിയെ പുറത്താക്കുകയെന്നത് ഏതു ബൗളെർക്കും ഒരു വെല്ലിവിളിയാണെന്നാണ് ജോഫ്രയുടെ അഭിപ്രായം. വെസ്റ്റ് ഇന്ത്യൻ സൂപ്പർ താരം ക്രിസ് ഗെയിലിന്റെ വിക്കറ്റും ജോഫ്രെയുടെ കണ്ണിൽ ഏറെ വിലപ്പെട്ടതാണ്.
വെസ്റ്റ് ഇൻഡീസിൽ ജനിച്ചെങ്കിലും ഇംഗ്ലീഷ് പൗരത്വം സ്വന്തമാക്കിയാണ് ജോഫ്രെ ആർച്ചർ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലിടം നേടിയത്. അടുത്തിടെ സമാപിച്ച ഇന്ത്യൻ പ്രീമിയർ ലീഗിലെയും പാകിസ്താനുമായി നടന്ന ഏകദിന പരമ്പരയിലെയും മികച്ച പ്രകടനങ്ങളാണ് ജോഫ്രെക്കു ടീമിലേക്കുള്ള വഴി തുറന്നത്. ഐ പി എല്ലിൽ രാജസ്ഥാൻ റോയൽസിനുവേണ്ടി കോഹ്ലിയുടെ ബാംഗ്ലൂർ ടീമിനെതിരെ രണ്ടു മത്സരങ്ങളിൽ ജോഫ്ര പന്തെറിഞ്ഞെങ്കിലും കൊഹ്ലിയെ പുറത്താക്കാൻ ജോഫ്രക്ക് സാധിച്ചിരുന്നില്ല. ഇന്ത്യയുടെ ജസ്പ്രീത് ബുമ്രക്കും ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാഡയ്ക്കുമൊപ്പം ജോഫ്ര ആർച്ചറും ഈ ലോകകപ്പിന്റെ താരമാകുമെന്നാണ് കളിവിദഗ്ധരുടെ വിലയിരുത്തൽ.