പെപ് ഗാർഡിയോള – പ്രീമിയർ ലീഗിന്റെ നിലവാരം ഉയർത്തിയ ചാണക്യൻ
ഫുട്ബോൾ വെറും കായികമായൊരു വിനോദം മാത്രമല്ല. ബുദ്ധിപരമായ നീക്കങ്ങൾക്ക് കാൽപന്തുകളിയിൽ വലിയൊരു പങ്കു വഹിക്കാനുണ്ട്. തങ്ങളുടേതു മാത്രമല്ല എതിരാളികളുടെ ശക്തിദൗര്ബല്യങ്ങളെയും മനസ്സിലാക്കി അതിനൊത്ത രീതിയിൽ കളിമെനയുന്ന പ്രതിഭാധനരായ പരിശീലകർക്കായി മികച്ച ടീമുകൾ മത്സരിക്കുന്നതിനു കാരണവും മറ്റൊന്നല്ല. അത്തരം പരിശീലകരിൽ എക്കാലത്തെയും മികച്ചവരുടെ നിരയിൽ ആദ്യസ്ഥാനങ്ങളിൽ ഒന്നിനു താൻ തീർച്ചയായും അർഹനാണെന്നു ഒരിക്കൽക്കൂടി ഉറക്കെ പ്രഖ്യാപിക്കുകയായിരുന്നു “ജോസഫ് പെപ് ഗാർഡിയോള” എന്ന മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ.
ബാഴ്സലോണയുടെ യുവ ടീമിനുവേണ്ടി കളിച്ചുകൊണ്ടിരിക്കുമ്പോൾ ഫുട്ബോൾ ഇതിഹാസം യോഹാൻ ക്രൈഫിന്റെ കണ്ണുകളിൽ പെട്ടതാണ് പെപ്പിന്റെ ഫുട്ബോൾ കരിയറിൽ വഴിത്തിരിവായത്. ഡിഫെൻസിവ് മിഡ് ഫീൽഡറായി ഒരു ദശാബ്ദത്തോളം ബാഴ്സ നിരയിൽ ബൂട്ടുകെട്ടിയ പെപ്. പിന്നീട് ഇറ്റലിയിലെയും ഖത്തറിലെയും ക്ലബ്ബുകൾക്കുവേണ്ടി കളിച്ചു. പക്ഷേ പെപ്പിന്റെ ഫുട്ബോൾ ജീവിതത്തിൽ ഏറ്റവുമധികം സ്വാധീനിച്ചത് ക്രൈഫിന്റെ കീഴിലെ പരിശീലനം തന്നെയായിരുന്നു. ടോട്ടൽ ഫുടബോളിന്റെ ബാലപാഠങ്ങൾ സ്വായത്തമാക്കിയ പെപ് തന്റെ പ്ലെയിങ് കരിയർ അവസാനിപ്പിച്ച ശേഷം ബാഴ്സ യുവനിരയിലൂടെ തന്നെ പരിശീലക രംഗത്തെ ആദ്യ ചുവടുകൾ വച്ചു.
താമസിയാതെ തന്നെ ബാഴ്സയുടെ സീനിയർ ടീം കോച്ചായി അവരോധിക്കപ്പെട്ട പെപ് ആദ്യ സീസണിൽ തന്നെ കോപ ഡെൽ റേ, ചാമ്പ്യൻസ് ലീഗ്, സ്പാനിഷ് ലീഗ് കിരീടങ്ങൾ കാറ്റാലൻ നിരയ്ക്ക് നേടിക്കൊടുത്തുകൊണ്ടാണ് തന്നിലെ പരിശീലകനെ ലോകത്തിനു മുന്നിൽ അനാവരണം ചെയ്തത്. യൂറോപ്യൻ ഫുട്ബോൾ രംഗത്തെ മൂന്നു പ്രധാന കിരീടങ്ങളും ഒരേ സീസണിൽ സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പരിശീലകനാകാനും ഇതോടെ ഈ സ്പെയിൻകാരനു സാധിച്ചു.
റെക്കാർഡിന് പകരം സീനിയർ ടീം കോച്ചായി പെപ് സ്ഥാനമേല്കുമ്പോൾ ബാഴ്സലോണ അവരുടെ മോശമായ ഒരു അവസ്ഥയിലൂടെ കടന്നുപോകുകയായിരുന്നു. കളിക്കാരുടെ വ്യക്തിഗത മികവിനേക്കാൾ ടീമെന്ന നിലയിലുള്ള കെട്ടുറപ്പിലായിരുന്നു അദ്ദേഹം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. സാക്ഷാൽ ലയണൽ മെസ്സിയെപ്പോലൊരു ലോകോത്തര ഫുട്ബോളറടങ്ങുന്ന ടീമിനെ അത്തരമൊരു രീതിയിലൂടെ നയിക്കുക അത്ര എളുപ്പമായിരുന്നില്ല. പലപ്പോഴും പെപ്പിനും മെസ്സിക്കുമിടയിൽ അഭിപ്രായവ്യത്യാസങ്ങളും ഉടലെടുത്തിരുന്നു. പക്ഷേ അവയെല്ലാം അവഗണിച്ച പെപ് ഒടുവിൽ തന്റെ രീതികളായിരുന്നു ശരിയെന്നു തെളിയിച്ചു. നാലു സീസണുകളിൽ ബാഴ്സയെ പരിശീലിപ്പിച്ച പെപ്പിന്റെ കണക്കുകളും ഇതു ശരിവെയ്ക്കുന്നുണ്ടായിരുന്നു. ഒരേ സീസണിൽ നേടിയ ആറു കിരീടങ്ങൾ അടക്കം പതിനാറു കിരീടങ്ങളായിരുന്നു പെപ്പിനു കീഴിൽ ബാഴ്സ നേടിയത്. 2008-09 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ സാമുവൽ എറ്റൂവിന്റെയും ലയണൽ മെസ്സിയുടെയും ഗോളുകളിൽ റൂണിയും സാക്ഷാൽ ക്രിസ്ത്യാനോ റൊണാൾഡോയുമടങ്ങുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപിച്ചു ചാമ്പ്യൻസ് ലീഗ് കിരീടം നേടുമ്പോൾ ഫുട്ബോൾ ലോകമൊന്നടങ്കം പെപ്പിന്റെ തന്ത്രങ്ങൾക്കു മുന്നിൽ തലകുനിച്ചു നിന്നു. 2011ൽ
വീണ്ടുമൊരിക്കൽക്കൂടി ഫൈനലിൽ യുണൈറ്റഡിനെ പരാജയപ്പെടുത്തി യൂറോപ്പിന്റെ കിരീടം ബാഴ്സലോണയ്ക്ക് നേടിക്കൊടുത്തുകൊണ്ടാണ് പെപ് 2012ൽ കാറ്റാലൻ മണ്ണിനോട് വിട പറഞ്ഞത്
“You must not fight too often with one enemy, or you will teach him all your art of war.” നെപ്പോളിയന്റെ ഈ വാക്കുകളായിരുന്നു പെപ്പിന്റെ ആപ്തവാക്യം. തന്റെ ശക്തി ശത്രുവിന് മുന്നിൽ വെളിപ്പെടുത്താൻ ഒരിക്കലും അദ്ദേഹം ശ്രമിച്ചില്ല. അതുകൊണ്ട് തന്നെയാകാം കളം മാറ്റിചവിട്ടാൻ പെപ് തീരുമാനിച്ചതും.
ജർമനിയിലേക്കായിരുന്നു പെപ്പിന്റെ അടുത്ത യാത്ര. ബവേറിയൻ രാജാക്കന്മാരായ ബയേണിനെ പരിശീലിപ്പിക്കാനുള്ള ദൗത്യത്തിൽ ജർമൻ ലീഗിൽ വിജയം നേടിയെങ്കിലും ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ തന്റെ പരിശീലക ജീവിതത്തിലെ തന്നെ ഏറ്റവും വലിയ പരാജയമായിരുന്നു ബയേണിൽ പെപ് നേരിട്ടത്. 5-0 എന്ന സ്കോറിൽ റയലിനോട് പരാജയപ്പെട്ട ബയേണിനെ ആ പരാജയത്തിന്റെ ആഘാതത്തിൽ നിന്നും ഒരു പരിധിവരെ പുറത്ത് കൊണ്ടുവരാൻ അദ്ദേഹത്തിന് സാധിച്ചു. ആക്രമണഫുടബോളിന്റെ വന്യതയിൽ നിന്നും വൺ ടച് ഫുടബോളിന്റ മനോഹാരിതയിലേക്കു ബവേറിയൻ പടയെ മാറ്റിയെടുത്ത പെപ് 2016 ൽ മ്യൂണിച്ചിനോട് വിട പറയുന്നതുവരെയും ബുണ്ടസ് ലീഗയ്ക്കു മറ്റൊരാവകാശിയുണ്ടായില്ല.
ലോകത്തെ തന്നെ ഏറ്റവും വാശിയേറിയ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനാകാനായിരുന്നു പെപ്പിന്റെ അടുത്ത യാത്ര. എത്തിഹാദിലെ ആദ്യ സീസണിൽ നൂറു യൂറോപ്യൻ ക്ലബ് മത്സരങ്ങൾ എന്ന നാഴികക്കല്ല് പെപ് പിന്നിട്ടെങ്കിലും ഒരു കിരീടം പോലും നേടുവാൻ സിറ്റിക്ക് കഴിഞ്ഞില്ല.
പക്ഷേ അടുത്ത സീസണിൽ പെപ് പ്രീമിയർ ലീഗിൽ തന്റെ ആധിപത്യം സ്ഥാപിച്ചെടുത്തു. ലീഗിന്റെ ചരിത്രത്തിൽ തന്നെ നൂറു പോയന്റുകൾ പിന്നിടുന്ന ആദ്യ ടീമായി മാഞ്ചസ്റ്റർ സിറ്റി മാറി. 2021വരെ അദ്ദേഹത്തിന്റെ കരാർ നീട്ടിക്കൊണ്ടാണ് ക്ലബ് പെപ്പിനു പ്രതിഫലം നൽകിയത്. ക്ലബ് തന്നിലർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുവാൻ എന്നും പെപ്പിനു സാധിച്ചിരുന്നു. 2018-19 സീസണിൽ ലിവർപൂളിന് ഏഴു പോയന്റുകൾ പിന്നിലായിട്ടും തുടർച്ചയായി പതിനാലു മത്സരങ്ങൾ വിജയിച്ചു നേടിയ പ്രീമിയർ ലീഗ് കിരീടം തെളിയിച്ചതും അതുതന്നെയാണ്. ഇനി ഈ വർഷത്തെ എഫ് എ കപ്പ് കൂടി നേടിയാൽ ക്ലബ്ബിന്റെ ചരിത്രത്തിലെ തന്നെ അതിമനോഹരമായൊരു സീസണാകും പെപ് അടിവരയിടുക.
എതിരാളിയുടെ ആത്മവിശ്വാസം കെടുത്തി പൂർണമായ ആധിപത്യം നേടുകയെന്നതാണ് പെപ്പിന്റെ ഏറ്റവും വലിയ സവിശേഷത. ലീഗുകളിൽ അദ്ദേഹത്തിന്റെ ടീമുകൾ നേടിയെടുക്കുന്ന പോയിന്റുകളും തെളിയിക്കുന്നത് അതുതന്നെയാണ്. വീണ്ടുമൊരു നെപ്പോളിയൻ വാക്യം കടമെടുത്താൽ,
“Until you spread your wings, you’ll have no idea how far you can fly.”
ഇംഗ്ലീഷ് പ്രീമിയർ ലീഗിലിപ്പോൾ പെപ് ചിറകു വിരിച്ചു പറക്കുകയാണ്. ആർക്കെങ്കിലും സാധിക്കുമോ പെപ്പിനു മുകളിൽ ഉയർന്നു പറക്കാൻ?.
അടുത്ത സീസണുകൾ ഈ ചോദ്യത്തിനുള്ള ഉത്തരമാകട്ടെ…