പ്രീമിയർ ലീഗ് : ടോപ് 4 നിന്നും ആർസെനൽ പുറത്ത്
തുടർച്ചയായ മൂന്നാം വർഷവും ആർസെനൽ പ്രീമിയർ ലീഗിന്റെ ടോപ് 4ഇൽ നിന്നും പുറത്ത്. ഇന്നലെ നടന്ന മത്സരത്തിൽ ദുർബലരായ ബ്രൈറ്റനെതിരെ 1-1 എന്ന സ്കോറിൽ സമനില വഴങ്ങിയതോടെയാണിത്. ഇതോടെ ഗണ്ണേഴ്സിന് അടുത്ത ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാൻ യൂറോപ്പ ലീഗ് ജയിച്ചാൽ മാത്രമേ സാധിക്കൂ.
എമിറേറ്റ്സിൽ നടന്ന മത്സരത്തിൽ തുടക്കത്തിൽ തന്നെ ആർസെനൽ ലീഡ് നേടി. 9ആം മിനുട്ടിൽ ആർസെനാൽ താരം മോൻറിയലിനെ ബോക്സിനുള്ളിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി വലയിലെത്തിച്ചു അബാമേയങ്ങ് ഗണ്ണേഴ്സിനെ മുന്നിലെത്തിച്ചു(1-0).

എന്നാൽ കൂടുതൽ ഗോളുകളിലൂടെ മത്സരം വരുതിയിലാക്കാതെ കളിച്ച ആർസെനൽ രണ്ടാം പകുതിയിൽ അതിനു കനത്ത വില നൽകേണ്ടി വന്നു. ബോക്സിനുള്ളിൽ ബ്രൈറ്റൻ താരത്തെ ഷാക്ക ഫൗൾ ചെയ്തതിന് കിട്ടിയ പെനാൽറ്റി ഗോളാക്കി ഗ്ലെൻ മുറേ തിരിച്ചടിച്ചു (1-1). അവസാന 15മിനുട്ടിൽ ആർസെനാൽ ആക്രമണം കനപ്പിച്ചുവെങ്കിലും ഗോൾ അകന്നു നിന്നു. സമനിലയോടെ 67പോയിന്റുമായി 5ആം സ്ഥാനത്താണ് ആർസെനൽ.