Foot Ball Top News April 30, 2019

author:

        ചാമ്പ്യൻസ് ലീഗ് ആദ്യ സെമിയുടെ ആദ്യപാദത്തിൽ ഡച്ച് ചുണക്കുട്ടന്മാർ ആയ അയാക്സ് ഇംഗ്ലീഷ് കരുത്തരായ ടോട്ടൻഹാമിനെ ഇന്ന് നേരിടും. ലണ്ടനിൽ ടോട്ടൻഹാമിന്റെ പുതിയ സ്റ്റേഡിയത്തിലാണ് ഈ വാശിയേറിയ പോരാട്ടം നടക്കാൻ പോകുന്നത്. യുവത്വത്തിന്റെ കരുത്തിൽ വരുന്ന അയാക്സിനെ നേരിടാൻ ടോട്ടൻഹാം തങ്ങളുടെ വേഗതയും അനുഭവജ്ഞാനവും ആകും കരുതിവച്ചിരിക്കുന്നുത്. മനോഹര ഫുട്ബോൾ കളിക്കുന്ന രണ്ടു ടീമുകളും ഏറ്റുമുട്ടുമ്പോൾ കാണികൾക്ക് ഈ വർഷത്തെ ഏറ്റവും മികച്ച ഒരു കളിയാണ് യുവേഫാ വാഗ്ദാനം ചെയ്യുന്നത്.
        ക്യാപ്റ്റൻ മത്തിയാസ് ഡി  ലിറ്റ്ന്റെ ഡിഫൻസീവ് മികവിലാണ് അയാക്സ് വിശ്വാസമർപ്പിക്കുന്നത്. ഡി ലിറ്റ് ഉറച്ച് പാറപോലെ പിന്നിൽ നിൽക്കുമ്പോൾ ഫ്രങ്കി ഡി യോങ്, ഡേവിഡ് നർസ് എന്നിവർക്ക് കൈ മെയ് മറന്ന് കളിക്കാൻ കഴിയുന്നു. ഹക്കീം സിയെക്ക്, ഡോണി വാൻ ഡർ ബീക്ക്, ഡുസാൻ ടാടിച് എന്നിവരുടെ മികവും അയാക്സിന് ആത്മവിശ്വാസം വളർത്തുന്നു. അയാക്സ് ആവശ്യത്തിലധികം വിശ്രമം അനുഭവിച്ചാണ് ഈ മത്സരത്തിന് ഇറങ്ങുന്നത്. കഴിഞ്ഞ ആഴ്ചയിലെ ഡച്ച് ലീഗിലെ മത്സരങ്ങളെല്ലാം മാറ്റിവെക്കപ്പെട്ടു. അയാക്സിനെ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിന് ആവശ്യമായ തയ്യാറെടുപ്പും വിശ്രമത്തിനും വേണ്ടിയാണ് ഡച്ച് ഫുട്ബോൾ അസോസിയേഷനും ഡച്ച് ക്ലബ്ബുകളും ഇങ്ങനെ ഒരു തീരുമാനം എടുത്തത്. ഒരു രാജ്യം മുഴുവൻ പിന്നിൽ നിൽക്കുമ്പോൾ പിന്നെ അയാക്സിന് എന്താണ് പേടി.

 

          എന്നാൽ ടോട്ടൻഹാമിന് കാര്യങ്ങൾ അത്ര ശുഭകരമല്ലഹ കുന്തമുനയായ ഹാരി കെയിൻ പരിക്കിന്റെ പിടിയിലാണ്. ഈ സീസണിൽ ഇനി ഹാരി കെയിൻ കളിക്കാൻ ഇറങ്ങും എന്ന് ചിന്തിക്കാൻ വയ്യ. കെയിനിൻറെ അസാന്നിധ്യം ടോട്ടൻഹാം ഗോൾ കണക്കിൽ വ്യക്തമായ ഇടിവ് വരുത്തിയിട്ടുണ്ട്. കഴിഞ്ഞ പത്ത് പ്രീമിയർലീഗ് കളികളിൽ ആറിലും ടോട്ടൻഹാം തോറ്റു. എറിക് ലാമേല, ഹാരി വിങ്കിസ് എന്നിവരും പരിക്കിന്റെ പിടിയിലാണ്. സൺ ഹുവെങ് മിൻ സസ്പെൻഡും ആണ്.  ആക്രമണം നിരയിൽ ലൂക്കസ് മോറയും ഫെർണാന്റൊ ലൊറന്റെയും മാത്രമാണ് പൊചെട്ടീനോക്കുള്ള ഓപ്ഷൻസ്.  ഡെലി അലിയുടെയും ക്രിസ്ട്യൻ എറിക്സൺന്റെയും മധ്യനിര മികവിൽ അവർ വളരെയേറെ വിശ്വസിക്കേണ്ടിയിരിക്കുന്നു. അയാക്സിന്റെ പടക്കുതിരകൾ ആയിരുന്നു ഒരുപിടി താരങ്ങൾ ഇന്ന് ടോട്ടൻഹാമിന്റെ സ്ഥിരം മുഖങ്ങൾ ആണ്. ക്രിസ്ട്യൻ എറിക്സണും ടോബി ആൾഡർവീൽഡും യാൻ വെർടോന്ഗനും ഡേവിന്സൺ സാഞ്ചസും ഈ ലിസ്റ്റിൽ പെടുന്നവരാണ്. അടുത്ത ട്രാൻസ്ഫർ മാർക്കറ്റിൽ ഏറ്റവും കൂടുതൽ ആവശ്യക്കാർ ഉണ്ടാകാൻ പോകുന്ന താരങ്ങൾ അടങ്ങിയ രണ്ട് ടീമുകളാണ് ഏറ്റുമുട്ടുന്നത്. എന്തുകൊണ്ട് ഈ താരങ്ങൾ ലോകോത്തര ക്ലബ്ബുകളുടെ വിഷ് ലിസ്റ്റിൽ കടന്നു വരുന്നു എന്ന് തെളിയിക്കാൻ കാത്തിരിക്കുകയാണ് അവർ.
Leave a comment

Your email address will not be published. Required fields are marked *