Foot Ball Top News

പ്രീമിയർ ലീഗ് : ആർസെനലിനു വീണ്ടും തോൽവി

April 25, 2019

author:

പ്രീമിയർ ലീഗ് : ആർസെനലിനു വീണ്ടും തോൽവി

പ്രീമിയർ ലീഗിൽ തുടരെ രണ്ടാം മത്സരത്തിലും തോൽവി ഏറ്റുവാങ്ങിയ ആര്സെനലിന്റെ നില പരുങ്ങലിലായി. ഇന്നലെ നടന്ന എവേ മത്സരത്തിൽ വൂൾവ്സിനോടാണ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കു ഗണ്ണേഴ്‌സ്‌ തകർന്നടിഞ്ഞത്. തോൽവിയോടെ സീസണിൽ ടോപ് 4ഇൽ ഫിനിഷ് ചെയ്യാനുള്ള ആര്സെനലിന്റെ സാധ്യതകൾ മങ്ങി.

അനാരോഗ്യം മൂലം സൂപ്പർ സ്‌ട്രൈക്കർ അബാമേയങ്ങ് ഇല്ലാതിറങ്ങിയ ആർസെനൽ വൂൾവ്‌സിന്റെ മൈതാനിയിൽ തുടക്കത്തിൽ ആധിപത്യം നേടി.എന്നാൽ ബോക്സിനുള്ളിൽ ലക്ഷ്യബോധമില്ലാതെ പാസ്സിങ്ങിൽ മാത്രം ശ്രദ്ധകേന്ദ്രികരിച്ച ആർസെനാൽ വൂൾവസിന് ചുവടുറപ്പിക്കാൻ അവസരം നൽകി.28ആം മിനുട്ടിൽ ലഭിച്ച ഫ്രീകിക്ക് മനോഹരമായി വലയിലെത്തിച്ചു നെവ്സ് വോൾവ്‌സിനെ മുന്നിലെത്തിച്ചു (1-0).

ഗോൾ വീണതോടു കൂടി സമ്മർദ്ദത്തിലായ ആര്സെനലിന്റെ മുറിവിൽ ഉപ്പു തേച്ചു കൊണ്ട് 37ആം മിനുട്ടിൽ ഒരു കോർണർ കിക്കിൽ നിന്നും തുടങ്ങിയ മുന്നേറ്റം ഡോഹെർട്ടി ഹെഡ് ചെയ്ത് വലയിലാക്കി (2-0). ആര്സെനലിന്റെ പ്രതിരോധത്തിലെ പാളിച്ചകൾ തുറന്നു കാട്ടുന്നതായിരുന്നു രണ്ടാം ഗോൾ. ഇടവേളയ്ക്കു പിരിയും മുന്നേ ആർസെനൽ താരത്തിൽ നിന്നും കിട്ടിയ ലൂസ് ബോൾ കൊണ്ട് ബോക്സിലേക് കുതിച്ചു ലെനോയെ നിസ്സഹായനാക്കി ജോട്ട വോൾവ്‌സിന്റെ പട്ടിക പൂർത്തിയാക്കി (3-0).

രണ്ടാം പകുതിയിലും ആർസെനൽ കളിയിൽ തിരിച്ചു വരും എന്ന പ്രാതീതി ഒരിക്കലും തോന്നിച്ചില്ല.75ആം മിനുട്ടിൽ ഇവോബിക്കു പകരം കൗമാര താരം എഡി നികേത ഇറങ്ങിയതോടെ ആണ് കുറച്ചെങ്കിലും ഗണ്ണേഴ്‌സ്‌ ആക്രമണം പുറത്തെടുത്തത്. 80ആം മിനുട്ടിൽ ഷാക്കയുടെ കോർണർ കിക്ക് വലയിലെത്തിച്ചു സോക്രട്ടീസ് ഗണ്ണേഴ്സിന് വേണ്ടി ഒരു ഗോൾ മടക്കി (3-1).

ടോപ് ടീമുകൾക്കെതിരെ വേഗമാർന്ന കൌണ്ടർ അറ്റാക്ക് എന്ന വോൾവ്സ് തന്ത്രം വീണ്ടും ജയിക്കുന്ന കാഴ്ചയായിരുന്നു ഇന്നലെയും മോളിനെക്സ് സ്റ്റേഡിയത്തിൽ കണ്ടത്. റാംസെ, അബാമേയങ്ങ് എന്നിവർ ഇല്ലാത്ത ആര്സെനലിന്റെ ആക്രമണ നിരയുടെ ദൗർബല്യവും എടുത്ത് കാണിക്കുന്നതായിരുന്നു ഗണ്ണേഴ്സിന്റെ ദയനീയ പ്രകടനം. ലീഗിൽ 3 മാച്ച് അവശേഷിക്കവേ അഞ്ചാം സ്ഥാനത്തുള്ള ആർസെനലിനു ടോപ് 4 ഫിനിഷ് എന്ന ലക്ഷ്യം നേടണമെങ്കിൽ ഇനിയുള്ള കളികൾ ജയിച്ചാൽ മാത്രം പോരാ.ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ ടീമുകളുടെ പ്രകടനവും നിർണായകമാണ്.

Leave a comment