Foot Ball Top News

ചാമ്പ്യൻസ് ലീഗ്: മാഞ്ചസ്റ്റർ യുണൈറ്റഡിനെ തകർത്ത് ബാർസലോണ സെമിഫൈനലിൽ.

April 17, 2019

author:

ചാമ്പ്യൻസ് ലീഗ്: മാഞ്ചസ്റ്റർ യുണൈറ്റഡിനെ തകർത്ത് ബാർസലോണ സെമിഫൈനലിൽ.

 

അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ല. ലയണൽ മെസ്സി വിശ്വരൂപം പുറത്തെടുത്തപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിന് 3 ഗോൾ പരാജയം. ഇരുപാദങ്ങളിലുമായി 4-0 ത്തിന്റെ ആനുകൂല്യത്തോടെ ബാഴ്സലോണ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ. ക്യാമ്പ് നൗവിൽ കാറ്റാലൻ കരുത്തിന് മുന്നിൽ വിജയിക്കാൻ മാത്രമുള്ള മികവ് ഇല്ലാതെ യുണൈറ്റഡ് അടിയറവ് പറഞ്ഞു. ഇനി അടുത്ത വർഷം ഈ പോരാട്ടത്തിന് യുണൈറ്റഡ് യോഗ്യത നേടുമോ എന്ന് കണ്ടറിയാം.

 

ഒരു ഗോൾ എങ്കിലും നേടിയാൽ പോലും ചാമ്പ്യൻസ് ലീഗ് പോരാട്ടം പുനരുജ്ജീവിപ്പിക്കാം എന്ന പ്രതീക്ഷയിലാണ് യുണൈറ്റഡ് കളി തുടങ്ങിയത്. ഒന്നാം മിനിറ്റിൽ ടച്ച് എടുത്ത പന്ത് തന്നെ ബാർസ ഗോൾമുഖത്ത് എത്തിക്കാൻ അവർക്കായി. എന്നാൽ റാഷ്ഫോർഡിൻറെ ഷോട്ട് പോസ്റ്റിൽ തട്ടി പുറത്തുപോകാൻ ആയിരുന്നു വിധി. ആദ്യ പത്ത് മിനിറ്റ് ആക്രമിച്ചു കളിച്ച യുണൈറ്റഡ് കളി വരുതിയിലാക്കും എന്ന് തോന്നിയിരുന്നു. എന്നാൽ ഒരിക്കൽ ബാർസ താളം കണ്ടെത്തിയതോടെ കൂടി മാഞ്ചസ്റ്റർ ആക്രമണങ്ങളുടെ മൂർച്ച കുറഞ്ഞു. പതിനൊന്നാം മിനിറ്റിൽ റാക്കിറ്റിച്ചിനെ ബോക്സിനുള്ളിൽ വീഴ്ത്തി എന്ന കുറ്റത്തിന് പെനാൽറ്റി വിധിക്കപ്പെട്ടു എങ്കിലും VAR യുണൈറ്റഡ് രക്ഷയ്ക്കായി എത്തി. പെനാൽറ്റി വിധി റെദ്ദ് ചെയ്യപ്പെട്ടു. എന്നാൽ യുണൈറ്റഡ് സന്തോഷത്തിന് അധികം ആയുസ്സുണ്ടായില്ല. പതിനാറാം മിനിറ്റിൽ മെസ്സി തന്നെ സ്വതസിദ്ധമായ കളി പുറത്തെടുത്തു. വലതുവിങ്ങിൽ നിന്ന് ആഷ്‌ലി യംഗ് നഷ്ടപ്പെടുത്തിയ പന്ത് പിടിച്ചെടുത്ത മെസ്സി മുന്നിൽ ഉള്ളവരെ വെട്ടിമാറി ബോക്സിന് വെളിയിൽനിന്ന് ഇടങ്കാലൻ ഷോട്ട്, ഗോൾ(1-0). നാലു മിനിറ്റിനകം രണ്ടാം ഗോൾ വന്നു. ഇത്തവണ മെസ്സിയുടെ വലംകാൽ. എന്നാൽ ഷോട്ട് ദുർബലമായിരുന്നു. ഡി ഗെയുടെ കൈയുടെ അടിയിൽ കൂടി ഗോൾപോസ്റ്റിലേക്ക്. ഒറ്റ നിമിഷം കൊണ്ട് ഡി ഗെ ഉണ്ടാക്കിയെടുത്ത മഹത്വം എല്ലാം ചീട്ടുകൊട്ടാരം പോലെ തവിടുപൊടി. അറുപത്തിയൊന്നാം മിനിറ്റിൽ കുട്ടിഞ്ഞോ പട്ടിക പൂർത്തിയാക്കി. മധ്യനിരയിൽ നിന്ന് ഉയർത്തി ലഭിച്ച പാസ് 25 വാര പുറത്തുനിന്ന് വലം കാലുകൊണ്ട് ഡി ഗെയുടെ മുകളിൽകൂടി കോരി പോസ്റ്റിന് അകത്തിട്ടു. കളി (3-0) ബാർസ സെമിഫൈനലിലോട്ട്.

 

മാഞ്ചസ്റ്റർ യുണൈറ്റഡ് അവർക്ക് ചെയ്യാൻ കഴിയുന്നത് പൂർണ്ണമായി ചെയ്തുകഴിഞ്ഞു. എന്നാൽ അവരേക്കാൾ ഒരുപാട് കാതം മുന്നിലായിരുന്നു ബാർസലോണയുടെ താരങ്ങൾ. ഒരു പൂർണമായ ഉടച്ചുവാർക്കലിന്റെ വക്കിൽ നിൽക്കുന്ന യുണൈറ്റഡ് ഈ പരാജയം തങ്ങളുടെ ഭാവിയിലേക്ക് ഒരു ചവിട്ടുപടിയായി എടുക്കും എന്ന് വിശ്വസിക്കാം. അതിന് അവർക്ക് മാതൃകയാക്കാവുന്ന ഒരു ടീമുണ്ട്, നെതർലാൻഡ്സിലെ അയാക്സ്. രണ്ടാമത്തെ കോർട്ടറിൽ അവർ ക്രിസ്ട്യാനോ റൊണാൾഡോയുടെ യുവാന്റസിനെ മലർത്തിയടിച്ചു. പേരിന് ഒരു സൂപ്പർതാരം പോലുമില്ലാത്ത യുവ രക്തത്തിൻറെ ബലത്തിൽ കളിക്കുന്ന അയാക്സ് തന്നെയാണ് അടുത്ത സീസണിൽ ഒലെ ഗുണ്ണർ സോൾസ്ജർക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിന് മാതൃകയായി ചൂണ്ടിക്കാണിക്കാവുന്നത്.

Leave a comment