Foot Ball Top News

ഡെർ ക്ലാസിക്കെറിൽ ബയേണിന് വൻ ജയം

April 7, 2019

author:

ഡെർ ക്ലാസിക്കെറിൽ ബയേണിന് വൻ ജയം

 

 

ബുണ്ടസ് ലിഗയിൽ ചിത്രം തെളിയുന്നില്ല. ഇന്നലെ നടന്ന  ബയേൺ മ്യൂണിക് – ബൊറൂസിയ ഡോട്ട്മോണ്ട്  മത്സരം ഏകപക്ഷീയമായി ബയേണിന്റെ വിജയത്തോടെ അവസാനിച്ചു. ഇതോടെ 64 പോയിൻറ്മായി ബയേണും 63 പോയിൻറ്മായി ഡോട്ട്മോണ്ടും ഒന്നും രണ്ടും സ്ഥാനങ്ങളിൽ എത്തി.       കളി തുടങ്ങും മുമ്പ് ഡോട്ട്മോണ്ട് ബയേണിനേക്കാൾ 2 പോയിന്റ് മുന്നിൽ ആയിരുന്നു. ജയിച്ചിരുന്നെങ്കിൽ ബയേണുമായി അഞ്ചു പോയിട്ട് വ്യത്യാസത്തിൽ ഡോട്ട്മോണ്ടിന് കിരീടം  ഏറെക്കുറെ ഉറപ്പിക്കാമായിരുന്നു. ഇനി ആറ് മത്സരങ്ങൾ ബാക്കിനിൽക്കെ ടൈറ്റിൽ എങ്ങോട്ട് വേണമെങ്കിലും ചായ്യാം എന്ന അവസ്ഥയിലാണ്.

 

റോബർട്ട് ലെവൻഡോവ്സ്കി തൻറെ 200ആം ബുണ്ടസ് ലീഗ് ഗോൾ നേടി ലീഗ ചരിത്രത്തിൽ 200 ഗോൾ നേടുന്ന അഞ്ചാമത്തെ താരമായി മാറി. ആദ്യപകുതി അവസാനിക്കുമ്പോൾ തന്നെ നാല് ഗോളിന് പിറകിലായി കഴിഞ്ഞിരുന്നു ഡോട്ട്മോണ്ട്.  കളിയുടെ ഏഴാം മിനിറ്റിൽ ഡോട്ട്മോണ്ടിന് ഒരു സുവർണ്ണ അവസരം ലഭിച്ചു. ബ്രൺ ലാർസന്റെ മുന്നേറ്റത്തിൽ നായകൻ മാർക്കോ റൂസിന് ഇടതു വിങിൽ ലഭിച്ച പാസ് ഗോൾ പോസ്റ്റിന് മുന്നിൽ മഹമൂദ് ദഹോദിന് മറിച്ച് നൽകുമ്പോൾ ഗോളിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാൻ ഇല്ലായിരുന്നു. എന്നാൽ തൻറെ പരിചയക്കുറവ് മുഴുവൻ ദഹോദ് ഷോട്ടിൽ ആവാഹിച്ചപ്പോൾ പന്ത് പോസ്റ്റിന് കടയ്ക്കൽ മുട്ടിയുരുമ്മി പുറത്തേക്ക് പോയി. അവിടെ തീർന്നു ഡോട്ട്മോണ്ട് ആക്രമണങ്ങൾ. പിന്നീട് ബയേൺ ഡിഫൻസിനെ അവർ ബുദ്ധിമുട്ടിച്ചില്ല.

 

പത്താം മിനിറ്റിൽ കോർണറിന് തലവെച്ച് മാറ്റ് ഹമൽസ് ബയേൺ തേരോട്ടം തുടങ്ങിവെച്ചു. ഏഴ് മിനിറ്റിന് അപ്പുറം  റോബർട്ട് ലെവൻഡോവ്സ്കി തൻറെ ചരിത്രനിമിഷം കുറിച്ചു. ഡോട്ട്മോണ്ട് പ്രതിരോധത്തിന്റെ പിഴവിൽ നിന്ന് വീണുകിട്ടിയ പന്ത് ലെവൻഡോസ്കി ഗോൾകീപ്പർ റോമൻ ബുർക്കിയുടെ തലയ്ക്കുമുകളിലൂടെ മറിച്ച് ഒരു ക്ലിനിക്കൽ ഫിനിഷ്. 41ആം മിനിറ്റിൽ ഹാവി മാർട്ടിനസ് പട്ടിക ഉയർത്തിയപ്പോൾ, ഒന്നാം പകുതിക്കു മുമ്പ് നാലാം ഗോൾ പൂർത്തിയാക്കാനുള്ള വിധി സെർജി ഗ്നാറബിക്ക്(43′) ആയിരുന്നു. കളി തീരാൻ നിമിഷങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ ലെവൻഡോസ്കി തൻറെ രണ്ടാം ഗോൾ കൂടി നേടി ഡെർ ക്ലാസിക്കെറിലെ ഏറ്റവും മികച്ച വിജയങ്ങളിൽ ഒന്ന്    ബയേൺ മ്യൂണിക്കിനു വേണ്ടി പൂർത്തിയാക്കി.

 

–    by കളിഭ്രാന്തൻ

 

Leave a comment