Cricket IPL Top News

20 റൺസിന്‌ 7 വിക്കെറ്റ് : പടിക്കൽ കലമുടച്ചു ഡൽഹി

April 2, 2019

author:

20 റൺസിന്‌ 7 വിക്കെറ്റ് : പടിക്കൽ കലമുടച്ചു ഡൽഹി

അവസാന 7 വിക്കെറ്റുകൾ വെറും 20 റൺസിന്‌ നഷ്ടമാക്കി ഡൽഹി കളി കൈ വിട്ടപ്പോൾ പഞ്ചാബ് കിങ്സ് ഇലവന് മൂന്നാം വിജയം. ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങിയ സാം കറൻ ആണ് കളിയിലെ കേമൻ.

ആദ്യം ബാറ്റ് ചെയ്ത ഡൽഹിയുടെ തുടക്കം മോശമായിരുന്നെങ്കിലും സർഫറാസ് ഖാനും ഡേവിഡ് മില്ലറും മൻദീപ് സിങ്ങും ചേർന്ന് പഞ്ചാബിനെ ഭേദപ്പെട്ട നിലയിലെത്തിച്ചു. ഗെയിലിന്റെ അഭാവം മൂലം ഓപ്പണർ സ്ഥാനത്തേക്ക് പ്രൊമോഷൻ കിട്ടിയ സാം കറൻ 10 ബോളിൽ 20 റൺസ് എടുത്തു വെടിക്കെട്ടോടെ തുടങ്ങിയെങ്കിലും അധികം നേരം നീണ്ടു നിന്നില്ല. സർഫറാസ് 39 ഉം മില്ലർ 43 ഉം മൻദീപ് 29 ഉം റൺസ് വീതം എടുത്തു. മൻദീപ് സിംഗ് പുറത്താകാതെ നിന്നു. 3 വിക്കെറ്റ് വീഴ്ത്തിയ മോറിസ് ബൗളിങ്ങിൽ മികച്ചു നിന്നു.

മറുപടി ബാറ്റിങ്ങിൽ അനായാസം ജയത്തിലേക്ക് നീങ്ങിക്കൊണ്ടിരുന്നു ഡൽഹി ഒരു സമയത്ത് 16.4 ഓവറിൽ 144 എന്ന ശക്തമായ നിലയിലായിരുന്നു. 7 വിക്കെറ്റുകൾ ബാക്കി നിൽക്കെ 20 പന്തിൽ 23 റൺസ് മതിയായിരുന്നു ഡൽഹിക്ക് അപ്പോൾ. എന്നാൽ, കഴിഞ്ഞ വർഷം ഇംഗ്ലണ്ടിൽ പോയ ഇന്ത്യൻ ടെസ്റ്റ് ടീമിനെ വിറപ്പിച്ച ഇരുപത് വയസ്സുകാരൻ സാം കറൻ തന്റെ താണ്ഡവം തുടങ്ങാൻ ഇരിക്കുന്നതെ ഉണ്ടായിരുന്നുള്ളൂ. ഈ സീസണിലെ ആദ്യ ഹാട്രിക് അടക്കം 11 റൺസിന്‌ 4 വിക്കെറ്റ് വീഴ്ത്തി അദ്ദേഹം ഡൽഹി മധ്യനിരയെയും വാലറ്റത്തെയും ചുരുട്ടിക്കെട്ടി. ശിക്കാർ ധവാൻ ( 25 പന്തിൽ 30 ), ശ്രെയസ് അയ്യർ ( 22 പന്തിൽ 28 ), ഋഷഭ് പന്ത് ( 26 പന്തിൽ 39 ), കോളിൻ ഇൻഗ്രാം ( 29 പന്തിൽ 38 ) എന്നിവർ ഡൽഹിക്ക് വേണ്ടി തിളങ്ങി. അപ്രതീക്ഷിതമായ തോൽവി ഏറ്റുവാങ്ങേണ്ടി വന്നതിന്റെ ഞെട്ടലിൽ ആണ് ഡൽഹി ടീമും ആരാധകരും.

Leave a comment