Cricket IPL Top News

രക്ഷകനായി തല : ചെന്നൈക്ക് മൂന്നാം വിജയം.

April 2, 2019

author:

രക്ഷകനായി തല : ചെന്നൈക്ക് മൂന്നാം വിജയം.

വിരമിക്കാൻ മുറവിളി കൂട്ടുന്നവർക്ക് ധോണി ബാറ്റ് കൊണ്ട് മറുപടി പറഞ്ഞപ്പോൾ ചെന്നൈ സൂപ്പർ കിങ്സിന് ഐപിഎല്ലിൽ അപരാജിത മുന്നേറ്റം. രാജസ്ഥാൻ റോയല്സിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് 8 റൺസ് വിജയം.

ആദ്യം ബാറ്റ് ചെയ്ത ചെന്നൈയുടെ തുടക്കം മോശമായിരുന്നു. ഈ സീസണിലെ ഏറ്റവും ദുർബലമായ ബൗളിംഗ് നിരയെന്നു പേരു കേട്ട രാജസ്ഥാന്റെ സമചിത്തതയോടെയുള്ള ബൗളിങ്ങിനാണ് ചെന്നൈ ചെപ്പോക് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. പവർ പ്ലേയ് ഓവറുകളിൽ മികച്ച ബൗളിംഗ് കാഴ്ച വെച്ച രാജസ്ഥാൻ 30 റൺസ് മാത്രം വിട്ടുകൊടുത്ത 3 മുൻനിര ബാറ്റ്‌സമന്മാരെയാണ് മടക്കി അയച്ചത്. നാലാം വിക്കറ്റിൽ ഒത്തുചേർന്ന റെയ്നയും ധോണിയും വലിയ തകർച്ചയിൽ നിന്നും ചെന്നൈയെ കരകയറ്റി. 32 പന്തിൽ 36 റൺസ് എടുത്ത് റെയ്ന പുറത്തായ ശേഷം എത്തിയ ബ്രാവോയും ധോണിക്ക് മികച്ച പിന്തുണ നൽകി. പതിഞ്ഞ താളത്തിൽ തുടങ്ങിയ ധോണി അവസാന മൂന്നു ഓവറുകളിൽ ആണ് അക്രമാസക്തനായത്. അവസാന മൂന്നു ഓവറുകളിൽ ചെന്നൈ നേടിയത് 60 റൺസ് ആണ്. ഉനദ്കട് എറിഞ്ഞ അവസാന ഓവറിന്റെ അവസാന മൂന്നു പന്തുകളും സിക്സിറിനു പറത്തിയ ധോണി ലോകത്തിലെ മികച്ച ഫിനിഷർ എന്ന പദവിക്ക് താൻ തന്നെയാണ് അർഹൻ എന്ന് വീണ്ടും തെളിയിച്ചു. 4 ഓവറിൽ 17 റൺസ് വഴങ്ങി 2 വിക്കറ്റ് എടുത്ത ജോഫ്രെ ആർച്ചർ ബൗളിങ്ങിൽ തിളങ്ങി.

മറുപടി ബാറ്റിങ്ങിനെത്തിയ രാജസ്ഥാന്റെ തുടക്കവും മോശമായിരുന്നു. കഴിഞ്ഞ കളികളിൽ രാജസ്ഥാന് വേണ്ടി തിളങ്ങിയ രഹാനെയും സഞ്ജു സാംസണും ബട്ട്ലറും പെട്ടന്ന് തന്നെ മടങ്ങിയതോടെ രാജസ്ഥാൻ പരുങ്ങലിൽ ആയി. തൃപാതിയും സ്മിത്തും ചേർന്ന് വലിയ അപകടം കൂടാതെ സ്കോർ ഉയർത്തിയെങ്കിലും വിജയലക്ഷ്യത്തിന്റെ അടുത്തെത്തുന്നതിനു മുൻപ് തന്നെ ഇരുവരും മടങ്ങി. അവസാന ഓവറുകളിൽ ബെൻ സ്റ്റോക്‌സും ജോഫ്രെ ആർച്ചറും പരിശ്രമിച്ചു നോക്കിയെങ്കിലും 8 റൺസ് അകലെ ഇന്നിംഗ്സ് അവസാനിച്ചു. 26 പന്തിൽ 46 റൺസ് എടുത്ത സ്റ്റോക്‌സിന്റെ പ്രകടനം മികച്ചു നിന്നു. ചെന്നൈക്ക് വേണ്ടി ദീപക് ചഹാർ, ശാർദൂൽ താക്കൂർ, ഇമ്രാൻ താഹിർ, ഡ്വെയ്ൻ ബ്രാവോ എന്നിവർ 2 വിക്കെറ്റ് വീതം വീഴ്ത്തി. ധോണിയാണ് കളിയിലെ കേമൻ.

Leave a comment