Editorial Foot Ball Top News

മെസൂട് ഓസിൽ – അപ്രസക്തനായവനിൽ നിന്ന് പ്രിയപെട്ടവനിലേക്ക്

April 2, 2019

മെസൂട് ഓസിൽ – അപ്രസക്തനായവനിൽ നിന്ന് പ്രിയപെട്ടവനിലേക്ക്

ആഴ്സണലിന്റെ വിവാദ നായകനായി മാറിയ പ്രതിഭാശാലിയായ കളിക്കാരനാണ് മെസൂട് ഓസിൽ. 50 മില്യൺ യൂറോ കൊടുത്താണ് പഴയ മാനേജർ ആയ ആർസെൻ വെങ്ങർ 2013-14 സീസണിൽ ഓസിലിനെ സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിൽ നിന്ന് കരസ്ഥമാക്കിയത്. ജർമനിക്കു വേണ്ടി 2010 ലോക കപ്പിൽ പുറത്തെടുത്ത പ്രകടനമാണ് അന്നത്തെ മാഡ്രിഡ് പരിശീലകനായ മൗറിഞ്ഞോ ഓസിലിനെ സ്വന്തമാകുന്നുള കാരണം. പുതിയ മേച്ചിൽപുറങ്ങളും വെല്ലുവിളികളും എന്നും ഇഷ്ടപെട്ട ഓസിൽ ആഴ്സണലിന്റെ മധ്യനിരയുടെ ചുക്കാൻ പിടിക്കാനായി വെങ്ങർ ക്ഷണിച്ചപ്പോൾ ലണ്ടനിലേക്ക് വരികയായിരുന്നു. ഓസിലും സാഞ്ചെസും പ്രീമിയർ ലീഗിലെ ഏറ്റവും മനോഹരമായ കൂട്ടുകെട്ടും ആയി തീർന്നതും ചരിത്രം.

വെങ്ങറുടെ കാലഘത്തിലെ ഏറ്റവും നിർണായക കളിക്കാരനായിരുന്നു അദ്ദേഹം. ഏറ്റവും പെട്ടന്ന് 50 അസ്സിസ്റ് നേടിയ പ്രീമിയർലീഗിലെ താരം, ഒരു സീസണിൽ ഏറ്റവും കൂടുതൽ അസ്സിസ്റ് നേടിയ താരം എന്നീ റെക്കോർഡുകൾ അദ്ദേഹത്തെ തേടി എത്തി. ചാമ്പ്യൻസ് ലീഗിൽ ലുഡോഗെരെറ്റിസണ് എതിരായി നേടിയ ഗോൾ ഒരു ക്ലാസിക് ആയി ഇന്നും നിലനിൽക്കുന്നു. എന്നാൽ വെങ്ങറുടെ ആഴ്‌സണൽ ആദ്യനാലിൽ നിന്ന് പുറത്തായപ്പോൾ വെങ്ങറോടൊപ്പം ഓസിലും പഴി കേൾക്കാൻ തുടങ്ങി. ശക്തരായ ടീമുകൾക്കെതിരെ നിറം മങ്ങി പോണു എന്നായിരുന്നു ആക്ഷേപം. അദ്ദേഹത്തിന്റെ കളിക്കിടയിലെ ബോഡി ലാംഗ്വേജും ചർച്ചക്കിടയാക്കി. അദ്ദേഹം ഉദാസീനതയോടു കൂടി കളിക്കുന്നു എന്ന് വിമർശകർ കുറ്റപ്പെടുത്താൻ തുടങ്ങി.

എന്നാൽ കണക്കുകൾ നോക്കിയാൽ ഈ ആക്രമണങ്ങൾ എല്ലാം തന്നെയും ഒരല്പം കടന്നു പോയി എന്നേ ഒരു നിരീക്ഷകൻ എന്ന നിലയിൽ ഞാൻ വിലയിരുത്തു. ആഴ്സണലിന്‌ വേണ്ടി ആ കാലയളവിൽ ഏറ്റവും കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ച കളിക്കാരൻ, ഏറ്റവും കൂടുതൽ മർമ്മപ്രധാനമായ റൺ നടത്തിയ ആൾ എല്ലാം ഓസിലായിരുന്നു. കഴിവക്കെട്ട പ്രതിരോധം തന്നെയായിരുന്നു ആഴ്സണലിന്റെ ശാപം. വെങ്ങർ ആകട്ടെ തക്കസമയത്തു നല്ല കളിക്കാരെ വാങ്ങിക്കാതെ ടീമിനെ ദുർബലപ്പെടുത്തുകയും ചെയ്തു. എല്ലാവര്ക്കും വേണ്ടി ഓസിൽ ബലിയാടാവുകയായിരുന്നു.

പുതിയ മാനേജർ ഉനൈ എമറി പുതിയ ദിശ ബോധം തന്നു എന്ന് നിശംസയം പറയാൻ സാധിക്കും. അനാവശ്യമായി ഗോളുകൾ വഴങ്ങുന്നത് നിർത്തലാക്കി എന്നുള്ളതാണ് എടുത്തു പറയണ്ട ഒരു മാറ്റം. സ്വന്തം കാണികളുടെ മുന്നിൽ നല്ല പ്രകടനം കാഴ്ച വെക്കുന്ന ഒരു ടീമായും അദ്ദേഹം ആഴ്‌സനലിനെ മാറ്റി. ന്യൂകാസിലിനെ തോല്പിച്ചതോടു കൂടി എമിറേറ്റ്സ് സ്റ്റേഡിയത്തിൽ തുടർച്ചയായ 10 ആം വിജയമായിരുന്നു ആഴ്‌സണൽ സ്വന്തമാക്കിയത്. ടോപ് സിക്സിലെ മറ്റു ടീമുകൾക്കെതിരായ അവർ പ്രകടനം മെച്ചപ്പെടുത്തുകയും ചെയ്തു. എന്നാൽ എമറി യുഗത്തിൽ ഓസിലിന്റെ സ്ഥാനവും പ്രാധാന്യവും മാറി മറിഞ്ഞു കൊണ്ടേ ഇരുന്നു.

ഒരു ക്ലാസിക് 10 ആം നമ്പർ കളിക്കാരന് ഓസിൽ. അവസരങ്ങൾ ഒരുക്കി കൊടുക്കുക, തരാം കിട്ടിയാൽ വല ചലിപ്പിക്കുക എന്നതാണ് അദ്ദേഹത്തിന്റെ കഴിവ്. എന്നാൽ പ്രധിരോധ ജോലിയിൽ അദ്ദേഹം അല്പം പിറകിലാണെന്നുളത് ഒരു വസ്തുതയാണ്. ഫുട്ബോൾ എന്ന കളി തികച്ചും പ്രൊഫഷണൽ ആയി മാറിയത് കൂടി എല്ലാവരും പ്രധിരോധ ജോലികൾ ചെയ്യണം എന്ന അവസ്ഥയിൽ എത്തി. കാല്പന്തുകളിക്കു ആക്രമണ ധൗത്യം മാത്രം ഏറ്റെടുത്തിരുന്ന ഒരു കാന്റോനെയെയോ അല്ലെങ്കിൽ ബർകാംപിനെയോ ഇനി താങ്ങാൻ ആവില്ല എന്ന് ചുരുക്കം. ഈ മാറ്റമാവാം ഓസിലിനെ ഒരു പക്ഷെ ആഴ്സണലിന്‌ ഒരു ബാധ്യതയായി മാറ്റിയത്.

എന്നാൽ മാറുന്ന സാഹചര്യത്തിന് അനുസരിച്ചു തനിക്കു ഒത്തുപോകാൻ സാധിക്കും എന്ന് ഓസിൽ തെളിച്ചിരിക്കുന്നു. സീസൺ തുടങ്ങിയ സമയത്തു പ്രധാനപ്പെട്ട കളികളിൽ നിന്ന് എമറി അദ്ദേഹത്തെ മാറ്റി നിർത്തിയിരുന്നു. കേളീശൈലിയിലെ സാങ്കേതികതയാണ് എമറി കാരണമായി പറഞ്ഞത്. ആഴ്‌സണൽ അവരുടെ പ്രതിരോധം ശക്തിപ്പെടുത്തിയെങ്കിലും അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ അവർ അതിനാൽ പുറകോട്ടു പോയി. അതോടെ ഓസിലിനെ തിരികെ വിളിക്കാൻ മാനേജർ എമറി നിർബന്ധിതനായി. തനിക്കു കിട്ടിയ അവസരം ഓസിൽ നന്നായി വിനയോഗിച്ചു. 10 ആം നമ്പർ സ്ഥാനത്തും വിങ്ങുകളിലും മാറി മാറി കളിച്ചു അദ്ദേഹം സ്വയം രൂപാന്തരം പ്രാപിച്ചു. റാംസെയുമായി ചേർന്നു അദ്ദേഹം മധ്യനിരയുടെ മൂർച്ച കൂട്ടി. ഇന്ന് ആഴ്‌സണൽ അവരുടെ പഴയ ഒഴുക്കുള്ള ശൈലിയിൽ കളിക്കുന്നതിന്റെ ഒരു പ്രധാന കാരണം മെസൂട് ഓസിൽ തന്നെയാണ്. ഡിഫെൻസിവ് മിഡ്‌ഫീൽഡർമാരായ ടോറെറ, ഷാക്ക എന്നിവർ മികച്ച ഫോമിൽ കളിക്കുന്നത് ഓസിലിനു മുൻനിരയിൽ വിമോചനവും നൽകുന്നു.

രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം ആഴ്‌സണൽ വീണ്ടും ടോപ് ഫോറിൽ ഫിനിഷ് ചെയ്യാനാണ് സാധ്യത. അതിൽ അവരുടെ ഏറ്റവും വിലയുള്ള താരം നൽകിയ സംഭാവന ഇനി ആർക്കും തള്ളിക്കളയാൻ ആകില്ല. അത് മാത്രമല്ല തൻ കൈവരിച്ചിരുക്കുന്ന പരിണാമം കുറഞ്ഞത് ഒരു മൂന്നു കൊല്ലത്തേക്കെങ്കിലും ആഴ്സണലിന്റെ പ്രധാനിയായി നിൽക്കാൻ സഹായിക്കും എന്ന് ഓസിലും തെളിയിച്ചിരിക്കുന്നു. അദ്ദേഹത്തെ പോലുള്ള കളിക്കാരുടെ സാന്നിധ്യം അടുത്ത സീസണിൽ കഴിവുള്ള കളിക്കാരെ ആകർഷിക്കാൻ ആഴ്‌സനലിനെ സഹായിക്കും എന്ന് തീർച്ച. അങ്ങനെ ആരാധകരുടെ കണ്ണിലുണ്ണിയായി ഈ ജർമൻ താരം മാറിക്കഴിഞ്ഞിരിക്കുന്നു. രാജ്യാന്തര ഫുട്ബോളിലെ വിവാദങ്ങൾക്കു ഒരു പരിധി വരെ തന്റെ ഈ പ്രകടനം കൊണ്ട് ഓസിൽ മറുപടിയും നൽകി കഴിഞ്ഞിരിക്കുന്നു.

Leave a comment