Cricket Top News

റിസ്‌വാന്റെയും ആബിദ് അലിയുടെയും സെഞ്ചുറികൾക്കും പാകിസ്താനെ രക്ഷിക്കാനായില്ല. ഓസ്‌ട്രേലിയക്ക് നാലാം ജയം.

March 30, 2019

author:

റിസ്‌വാന്റെയും ആബിദ് അലിയുടെയും സെഞ്ചുറികൾക്കും പാകിസ്താനെ രക്ഷിക്കാനായില്ല. ഓസ്‌ട്രേലിയക്ക് നാലാം ജയം.

അവസാന ഓവർ വരെ ആവേശം നീണ്ട മത്സരത്തിൽ ഓസ്‌ട്രേലിയ 6 റൺസിന്‌ പാകിസ്താനെ പരാജയപ്പെടുത്തി പരമ്പരയിലെ തങ്ങളുടെ അപരാജിത മുന്നേറ്റം തുടർന്നു. പരമ്പരയിൽ ആദ്യമായി അർധശതകം കടക്കാതെ ഫിഞ്ച് പുറത്തായപ്പോൾ ഗ്ലെൻ മാക്‌സ്‌വെല്ലും ഉസ്മാൻ ഖവാജയും അലക്സ് കാരിയും ചേർന്നു ഓസ്‌ട്രേലിയക്ക് പൊരുതാവുന്ന സ്കോർ സമ്മാനിച്ചു. സെഞ്ചുറിക്ക് 2 റൺസ് അകലെ മാക്സ്വെല് റൺ ഔട്ട് ആയത് ഓസ്‌ട്രേലിയയെ നിരാശപ്പെടുത്തി. മാക്‌സ്‌വെൽ 98 ഉം ഖവാജ 62 ഉം അലക്സ് 55 ഉം വീതം എടുത്ത് പുറത്തായി. ഓസ്‌ട്രേലിയ നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 277 റൺസ് എടുത്തു. പാകിസ്താന് വേണ്ടി യാസിർ ഷാ , മുഹമ്മദ് ഹസ്നൈൻ, ഇമാദ് വാസിം എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ പാകിസ്ഥാന് വേണ്ടി രണ്ടു പേർ സെഞ്ചുറികൾ നേടിയെങ്കിലും ഇരുവർക്കും പിന്തുണ നൽകാൻ മറ്റാർക്കും കഴിയാതെ പോയത് പാകിസ്ഥാന്റെ പരാജയത്തിന് കാരണമായി. അരങ്ങേറ്റ മത്സരത്തിൽ തന്നെ സെഞ്ച്വറി നേടിയ ആബിദ് അലി 112 റൺസ് എടുത്ത് പുറത്തായി. പരമ്പരയിലെ തന്റെ രണ്ടാം സെഞ്ച്വറി സ്വന്തമാക്കിയ മുഹമ്മദ് റിസ്‌വാൻ അവസാന ഓവറിൽ പുറത്താകുമ്പോ 104 റൺസ് ആയിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. 17 റൺസ് വേണ്ടിയിരുന്ന അവസാന ഓവറിൽ മാർക്‌സ് സ്റ്റോയ്‌നിസ് വിട്ടു കൊടുത്തത് 10 റൺസ് മാത്രമാണ്. രണ്ടു വിക്കറ്റും അദ്ദേഹം നേടി. മൂന്നു വിക്കെറ്റുകൾ നേടിയ കോൾട്ടർ നീലും മികച്ചു നിന്നു.


പരമ്പരയിലെ അവസാന മത്‌സരം ഞായറാഴ്ച ദുബായിൽ വെച്ച് നടക്കും. അഞ്ചു മത്സരങ്ങളും ജയിച്ചു പരമ്പര തൂത്തു വാരാനാകും ഓസ്‌ട്രേലിയയുടെ ശ്രമം.

Leave a comment