Tennis Top News

മിയാമി ഓപ്പൺ : റോജർ ഫെഡറർ-ജോൺ ഇസ്നർ ഫൈനൽ.

March 30, 2019

author:

മിയാമി ഓപ്പൺ : റോജർ ഫെഡറർ-ജോൺ ഇസ്നർ ഫൈനൽ.

            റോജർ ഫെഡറർ മിയാമി ഓപ്പൺ ഫൈനലിൽ കടന്നു. കാനഡയുടെ ഡെന്നിസ് ഷപ്പൊവലോവിനെയാണ് ഫെഡറർ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയത്, സ്കോർ 6-2, 6-4. അനിവാര്യമല്ലാത്ത അബദ്ധങ്ങൾ ആയിരുന്നു ഷപ്പൊവലോവിന് വിനയായത്.   20 അൺഫോഴ്സ്ടഡ് എറേർഴ്സ് (unforced errors) ആയിരുന്നു ഷപ്പൊവലോവ് ആദ്യ സെറ്റിൽ തന്നെ വരുത്തിയത്.   രണ്ട് സെറ്റിന് ഇടയിൽ 5 ഡബിൾ ഫോൾട്ടും ഷപ്പൊവലോവ് വഴങ്ങി. ഫെഡററുടെ നാലാം മിയാമി  ഫൈനൽ ആണ് ഇത്.  മുമ്പ് മൂന്നു തവണ ഫൈനലിൽ വന്നപ്പോഴും കപ്പ് ഫെഡററുടെ ഒപ്പം തന്നെ നിന്നു.

 

          രണ്ടാം സെമിയിൽ നിലവിലെ ചാമ്പ്യൻ അമേരിക്കയുടെ ജോൺ ഇസ്നർ കൗമാരതാരം ഫെലിക്സ് ഓഗർ അലിയാസീനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി. വാശിയേറിയ മത്സരത്തിൽ ഇസ്നറുടെ അനുഭവസമ്പത്ത് അദ്ദേഹത്തിന് തുണയായി വന്നു. രണ്ടു സെറ്റിലും ഓരോ ഗെയിം പിന്നിൽ എന്ന് ശേഷമാണ് ഇസ്നർ തിരിച്ചു വന്നത്.   ടൂർണ്ണമെൻറ് ഉടനീളം അട്ടിമറിയിലൂടെ സെമി ഫൈനലിലെത്തിയ അലിയാസീം അവിടെയും ഒരു അട്ടിമറി നടത്തുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നു. കളി മുന്നോട്ടുപോകുമ്പോൾ ആ ചിന്ത ശരിവയ്ക്കുന്ന പ്രകടനം അലിയാസീം പുറത്തെടുക്കുകയും ചെയ്തു. ഇസ്നറുടെ സെർവ്വ ആദ്യം ബ്രേക്ക് ചെയ്ത് അലിയാസീന് പക്ഷേ സമ്മർദ്ദത്തെ അതിജീവിക്കാൻ കഴിഞ്ഞില്ല. പതിനെട്ടു വയസ്സുകാരന്റെ ചാപല്യം ആകാം.  രണ്ടാം സെറ്റിലും ഇത് തന്നെ ആവർത്തിച്ചു. ആദ്യം ബ്രേക്ക് ചെയ്ത് അലിയാസീം പിന്നീട് സെറ്റ് അടിയറവ് പറഞ്ഞു. വിജയത്തോടെ ഇസ്നർ തുടർച്ചയായ രണ്ടാം മിയാമി ഓപ്പൺ ഫൈനലിൽ കടന്നു, സ്കോർ , 7-6(3), 7-6(4).

 

          നാളെ, ഞായറാഴ്ചയാണ് ഇസ്നർ ഫെഡറർ പോരാട്ടം. ഇതുവരെ ഏഴുതവണ അവർ പരസ്പരം ഏറ്റുമുട്ടിയപ്പോൾ അഞ്ചു തവണയും വിജയം ഫെഡററുടെ ഒപ്പം നിന്നു. എന്നാൽ അവസാനമായി അവർ ഏറ്റുമുട്ടിയത് 2015 ബിഎൻപി പാരിബാസ് മാസ്റ്റേഴ്സ് ടൂർണമെൻറ്ലായിരുന്നു. അന്ന് വിജയം ഇസ്നർ കൈപ്പിടിയിലൊതുക്കി. ആറടി പതിനൊന്ന് ഇഞ്ച്ക്കാരനായ ഇസ്നർ തൻറെ ഉയരം പൂർണമായി ഉപയോഗിച്ച കളിക്കുന്നു.  അലിയാസീമുമായുള്ള മത്സരത്തിൽ 21 ഏസുകളാണ് ഇസ്നർ തൊടുത്തത്. ഫെഡറർക്ക് പ്രധാനവെല്ലുവിളി ആകാൻ പോകുന്നതും ഇത്ര ഉയരത്തിൽ നിന്ന് വരുന്ന സെർവ്വുകൾ ആണ്.  എന്നാൽ ക്വോർട്ടർ ഫൈനലിൽ മറ്റൊരു  ദാവീദ് ആയ ദക്ഷിണാഫ്രിക്കയുടെ കെവിൻ ആൻഡേഴ്സനെ(ആറടി എട്ടിഞ്ച് ഉയരം) വളരെ നിഷ്പ്രയാസം ഫെഡറർ കീഴടക്കിയിരുന്നു.  ടെന്നിസ് ലോകത്ത് ഫെഡററുടെ അത്ര മത്സരപരിചയവും അനുഭവസമ്പത്തും ഉള്ള ഒരാൾ ഇന്നില്ല.  അത് ഫെഡറർ പൂർണമായി മുതലാക്കുകയാണെങ്കിൽ നാളെ തൻറെ കരിയറിലെ നൂറ്റിയൊന്നാം കിരീടം അദ്ദേഹം ഉയർത്തുന്നത് നമുക്ക് കാണാൻ കഴിയും.
Leave a comment