Tennis Top News

മിയാമി ഓപ്പൺ – വനിതാ വിഭാഗം ഫൈനൽ ചിത്രം തെളിഞ്ഞു, പുരുഷവിഭാഗം സെമിഫൈനൽ ചിത്രവും

March 29, 2019

author:

മിയാമി ഓപ്പൺ – വനിതാ വിഭാഗം ഫൈനൽ ചിത്രം തെളിഞ്ഞു, പുരുഷവിഭാഗം സെമിഫൈനൽ ചിത്രവും

         മിയാമി ഓപ്പൺ ഫൈനലിൽ പന്ത്രണ്ടാം ഓസ്ട്രേലിയയുടെ ആഷ്‌ലി ബാർട്ടി അഞ്ചാം സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ കരോലിന പ്ലിസ്കോവയെ നേരിടും.  സെമിഫൈനലിൽ ബാർട്ടി എസ്റ്റോണിയയുടെ സീഡ് ചെയ്യാത്ത അനറ്റ് കോണ്ടവൈറ്റ്നീയാണ് പരാജയപ്പെടുത്തിയത്, സ്കോർ (6-3, 6-3). രണ്ടാം സീഡ് സിമോണ ഹാലപ്പിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് പ്ലിസ്കോവയുടെ ഫൈനൽ പ്രവേശനം, സ്കോർ (7-5, 6-1).
       ഇന്നലെയും ഇന്നുമായി നടന്ന ക്വാർട്ടർ മത്സരങ്ങളിൽ പുരുഷവിഭാഗം സെമിഫൈനൽ ലൈനപ്പ് തയ്യാറായി. റോജർ ഫെഡറർ ദക്ഷിണാഫ്രിക്കൻ അതികായൻ കെവിൻ ആൻഡേഴ്സണെ വളരെ നിഷ്പ്രയാസം പരാജയപ്പെടുത്തി, സ്കോർ(6-0,6-4). ഇന്നലെ പരാജയപ്പെട്ട  ഡബിൾസിലെ ബൊപ്പണ്ണയുടെ പങ്കാളിക്ക് സിംഗിൾസിൽ വിജയമധുരം.  കനേഡിയൻ ഡെന്നിസ് ഷപ്പൊവലോവ് അമേരിക്കയുടെ ഫ്രാൻസിസ് ടിയഫോയെ പരാജയപ്പെടുത്തി സെമിയിലേക്ക് മുന്നേറി, സ്കോർ(6-7, 6-4, 6-4). സെമിഫൈനലിൽ ഫെഡറർ ആണ് ഷപ്പൊവലോവിന്റെ എതിരാളി. നാളെ, ഇന്ത്യൻ സമയം
വെളുപ്പിന്  നാലരയ്ക്കാണ് കളി.

 

             ഫെലിക്സ് ഓഗർ അലിയാസീം
        അതേസമയം രണ്ടാം സെമിയിൽ അമേരിക്കയുടെ സൂപ്പർതാരം ഏഴാം സീഡ് ജോൺ ഇസ്നർ സീഡ് ചെയ്യാത്ത കൗമാരതാരം കാനഡയുടെ ഫെലിക്സ് ഓഗർ അലിയാസീമിനെയാണ് നേരിടുന്നത്.  കാഴ്ചയിൽ ഇസ്നർ പാട്ടുംപാടി ജയിക്കും എന്ന് തോന്നും. എന്നാൽ അലിയാസീം എന്ന അത്ഭുത ഗുണമുള്ള ബാലനെ എഴുതിത്തള്ളരുത്. മിയാമി ഓപ്പൺ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സെമിഫൈനലിസ്റ്റ് ആയി മാറിയിരിക്കുകയാണ് ഈ പതിനെട്ടുകാരൻ.  ആറടി നാലിഞ്ച് കാരനായ ഈ പയ്യൻ ബാക്ക് ഹാൻഡ് മികവുകൊണ്ടും ഡ്രോപ്ഷോട്ടും സ്വിങ് വോളിയും കൊണ്ടും പല കളി നിരീക്ഷകരുടെ ശ്രദ്ധ വല്ലാതെ പിടിച്ചുപറ്റുന്നു. കളിക്കളത്തിലെ ഈ മികവുകൊണ്ട് സാക്ഷാൽ റോജർ ഫെഡററെ അനുസ്മരിപ്പിക്കുന്നുണ്ട് ചിലപ്പോളെല്ലാം അലിയാസീം. കൂടാതെ ഫെഡററുടെ ഏറ്റവും വലിയ മുഖമുദ്രയായ കളിക്കളത്തിലെ ശാന്തതയും അലിയാസീമിൽ അതേപടി കാണാൻ കഴിയും. രസകരമായ മറ്റൊരു വസ്തുത ഫെഡററുടെ അലിയാസീമിന്റെയും ജന്മദിനം ഒന്നാണ് എന്നതാണ്, ഓഗസ്റ്റ് 8. മിയാമി ഓപ്പൺ സെമി ഫൈനലിൽ ഫെഡറർ-ഷപ്പൊവലോവ് സെമി ഫൈനൽനേക്കാൾ ഞാൻ കാണാൻ നിർദ്ദേശിക്കുക ഇസ്നർ-അലിയാസീം സെമിഫൈനൽ ആണ്. രാത്രി പത്തരയ്ക്കാണ് കളി.
Leave a comment